ആഗ്രഹിച്ച കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; അണികള്‍ അവസാന നിമിഷം പാലം വലിച്ചതോടെ മോഹം പൊലിഞ്ഞു; ഒടുവില്‍ കേരളാ കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ രാജി വച്ചു: പുറത്താക്കിയതെന്ന് നേതൃത്വം
ഒടുവില്‍ കേരളാ കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ രാജി വച്ചു
പത്തനംതിട്ട: കേരള കോണ്‍ഗ്രസ് എം ജില്ലാ ഘടകത്തില്‍ വീണ്ടും പൊട്ടിത്തെറി. സംഘടനാ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ക്യാപ്റ്റന്‍ സി.വി. വര്‍ഗീസ് എന്നിവര്‍ രാജി വച്ചു. കോഴഞ്ചേരിയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇരുവരും രാജി പ്രഖ്യാപനം നടത്തിയത്. പിന്നാലെ വാര്‍ത്താസമ്മേളനം നടത്തി നിലപാടുകള്‍ വിശദീകരിച്ചു. കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഇരുവരും പറഞ്ഞു.
എല്‍ഡിഎഫില്‍ ഘടകകക്ഷിയെന്ന നിലയില്‍ ക്രിയാത്മകമായി ഇടപെടല്‍ നടത്താന്‍ കേരള കോണ്‍ഗ്രസ് എമ്മിനു കഴിയുന്നില്ലെന്ന് ഇരുവരും കുറ്റപ്പെടുത്തി. കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യതയുള്ള പാര്‍ട്ടി അതിനുവേണ്ടി ഭരണ തലങ്ങളില്‍ ഇടപെടുന്നില്ലെന്നും വന്യ മൃഗശല്യവും തെരുവുനായ ശല്യവും ചര്‍ച്ച ചെയ്യുവാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫിന്റെ ഭാഗമായി നിന്നുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് വിടണമെന്ന് കോന്നി നിയോജക മണ്ഡലം കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചിരുന്നുവെന്ന് ക്യാപ്റ്റന്‍ സി.വി. വര്‍ഗീസ് പറഞ്ഞു.
അതേസമയം സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ഏബ്രഹാം വാഴയില്‍, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. വര്‍ഗീസ് എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വ
ത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി ജില്ലാ പ്രസിഡന്റ് സജി അലക്സ് അറിയിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കും എല്‍ഡിഎഫി നുമെതിരേ ഏബ്രഹാം വാഴയില്‍ സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടി വിരുദ്ധമാണ് എന്ന് വിലയിരുത്തിയ ജില്ല സെക്രട്ടേറിയറ്റ് യോഗം പുറത്താക്കല്‍ നടപടിക്ക് അംഗീകാരം നല്‍കി.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശുമായി നേരത്തേ ഏബ്രഹാം വാഴയില്‍ ചര്‍ച്ച നടത്തിയ വിവരം മറുനാടനാണ് പുറത്തു വിട്ടത്. 14 പേരുമായി കോണ്‍ഗ്രസിലേക്ക് പോകാന്‍ വാഴയില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം പ്രവര്‍ത്തകര്‍ പാലം വലിച്ചതോടെയാണ് വാഴയിലിന് പിന്‍മാറേണ്ടി വന്നത്. താന്‍ ആഗ്രഹിച്ച വയോജന ക്ഷേമ കോര്‍പ്പറേഷന്‍ സ്ഥാനം ജോസ് കെ. മാണി നിരസിച്ചതാണ് വാഴയിലിനെ ചൊടിപ്പിച്ചത്.
കുടുംബസമേതം പാലായിലെത്തി ചെയര്‍മാനെ കണ്ടാണ് തന്റെ മോഹം അറിയിച്ചത്. ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന് ജോസ് കെ. മാണി അറിയിച്ചതോടെയാണ് തന്നെ അനുകൂലിക്കുന്നവരുമായി കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം നടത്തിയത്. ആദ്യം 14 പേരുടെയും കമ്മറ്റി വിളിച്ചു ചേര്‍ത്ത് പാര്‍ട്ടി വിടുന്ന കാര്യം ചര്‍ച്ച ചെയ്തു. അനുയായികള്‍ എന്തിനും തയാറാണ് എന്നറിയിച്ചതോടെ നേതാവിന് ധൈര്യമായി. അങ്ങനെയാണ് യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ താന്‍ ആഗ്രഹിച്ച മലയാലപ്പുഴ ജില്ലാപഞ്ചായത്ത് ഡിവിഷന്‍ കിട്ടാതെ വന്നതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥിയെ കാലുവാരി തോല്‍പ്പിച്ചതായി ഇദ്ദേഹത്തിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇതു കൂടിയായതോടെ വാഴയിലിനെതിരേ കോന്നിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലായിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വാഴയിലിന് എതരേ അച്ചടക്ക നടപടി എടുത്ത് പാര്‍ട്ടിക്ക് പുറത്തു കളയണം എന്നാണ് പ്രവര്‍ത്തകര്‍ ചെയര്‍മാനെ അറിയിച്ചത്.
വാഴയില്‍ പാര്‍ട്ടി വിടുന്നത് ഇതാദ്യമല്ല. മുന്‍പ് ഇദ്ദേഹം പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നിരുന്നു. കോന്നിയിലെ ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം കിട്ടാതെ വന്നതോടെയാണ് സിപിഐ വിട്ട് വീണ്ടും കേരളാ കോണ്‍ഗ്രസില്‍ എത്തിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സുപ്രധാന സീറ്റ് ലക്ഷ്യമിട്ടാണ് വാഴയിലിന്റെ രാജി എന്നാണ് കേരളാ കോണ്‍ഗ്രസുകാര്‍ പറയുന്നത്.