ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് അഞ്ജലിയും ജെസിയും ആടിയത് ജീവിതത്തിലെ അവസാന വേഷങ്ങള്‍; രാത്രി യാത്രയില്‍ നാടക ബസിന്റെ മുന്‍ സീറ്റിലിരിക്കവേ അപകടമരണം; കവര്‍ന്നത് രണ്ട് അതുല്യ കലാകാരികളെ; വനിതാ മെസെന്ന നാടകത്തിന്റെ ഓര്‍മ്മകളുമായി കലാ ലോകം

അഞ്ജലിയും ജെസിയും ആടിയത് ജീവിതത്തിലെ അവസാന വേഷങ്ങള്‍

Update: 2024-11-15 16:29 GMT

കണ്ണൂര്‍: അരങ്ങില്‍ തന്‍മയത്വം നിറഞ്ഞ അഭിനയം കൊണ്ടു പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരികള്‍ കണ്ണൂരിന്റെ മണ്ണില്‍ നിന്നും മടങ്ങിയത് ചേതനയറ്റ ശരീരവുമായി. പയ്യന്നൂര്‍ കടന്നപ്പള്ളി തെക്കെക്കരയില്‍ വ്യാഴാഴ്ച രാത്രി അഞ്ജലിയും ജെസി മോഹനനും നാടകവേദിയില്‍ ആടിത്തിമിര്‍ത്തത് തങ്ങളുടെ അവസാന വേഷങ്ങള്‍. കടന്നപ്പള്ളി തെക്കെക്കര റെഡ് സ്റ്റാറിന്റെ നാടകോത്സവത്തില്‍ വനിതാ മെസ് എന്ന നാടകത്തില്‍ ഇരുവരും സദസിനെ ആര്‍ത്തുചിരിപ്പിച്ചിരുന്നു.

രാത്രി 7.30നാണ് തെക്കെക്കരയില്‍ നാടകം തുടങ്ങിയത്. പത്തുമണിയോടെ അവസാനിച്ച നാടകത്തിന് ശേഷം സംഘാടകര്‍ നല്‍കിയ ഭക്ഷണവും കഴിച്ചാണ് പതിനൊന്നരയോടെ നാടക സംഘം വെള്ളിയാഴ്ച നാടകം അവതരിപ്പിക്കേണ്ട സുല്‍ത്താന്‍ബത്തേരിയിലേക്ക് തിരിച്ചത്. വന്‍ ജനാവലിയാണ് കായങ്കുളം ദേവ കമ്യുണിക്കേഷന്‍സ് അവതരിപ്പിച്ച നാടകം കാണാനായി തെക്കെക്കരയിലെത്തിയത്.

രാജീവന്‍ മമ്മിളി സംവിധാനം ചെയ്ത നാടകം കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു. വനിതാ ശാക്തീകരണവും പുരുഷ മേധാവിത്വവും തമ്മിലുള്ള ഏറ്റുമുട്ടലുകളും സഹിക്കാനും പൊറുക്കാനുള്ളവയുമാണ് കുടുംബ ബന്ധങ്ങള്‍ എന്ന ആശയം വിളംബരം ചെയ്യുന്നതായിരുന്നു. ഒന്നിച്ചു ജീവിക്കുന്നവര്‍ വേര്‍പിരിയേണ്ടത് മരണത്തിലൂടെ മാത്രമാണ് എന്ന സന്ദേശം നല്‍കിയാണ് വനിതാ മെസ് നാടകം അവസാനിക്കുന്നത്.

കേളകം മലയാം പാടിയില്‍ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം വഴി പരിചയമില്ലാത്തതും രാത്രി ഏറെ വൈകിയുള്ള യാത്രയുമാണ.് നിടുംപൊയില്‍ -പേര്യ ചുരം വഴിയുള്ള യാത്ര റോഡില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നിരോധിച്ചതിനാല്‍ ബോയ്‌സ് ടൗണ്‍ വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങള്‍ പോയിരുന്നത്. കടന്നപ്പള്ളിയിലെ നാടകാവതരണത്തിന് ശേഷം നാടകസംഘം രാത്രി പതിനൊന്നരയോടെയാണ് വെള്ളിയാഴ്ച രാത്രി നാടകം അവതരിപ്പിക്കേണ്ട സുല്‍ത്താന്‍ബത്തേരിയിലേക്ക് പുറപ്പെട്ടത്.

ഏലപ്പീടിക വഴി ചെറു വാഹനങ്ങള്‍ക്ക് മാത്രം പോകാനാവുന്ന മറ്റൊരു റോഡിലുടെ എത്താനാണ് ഇവര്‍ ശ്രമിച്ചത്. ഗൂഗിള്‍ മാപ്പ് പറഞ്ഞു കൊടുത്ത എളുപ്പവഴിയായിരുന്നു ഇത്. ഇതാകട്ടെ ദുരന്തത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.വലിയ താഴ്ചയിലേക്കാണ് നിയന്ത്രണം വിട്ട ബസ് മൂക്കുകുത്തി വീണത്.

മുന്‍ സീറ്റിലിരിക്കുകയായിരുന്ന അഞ്ജലിയും ജെസി മോഹനനുമാണ് മരിച്ചത്. വേദിയില്‍ നിന്ന് വേദിയിലേക്കുള്ള നാടക അവതരണത്തില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇവര്‍ കുടുംബം നോക്കിയിരുന്നത്. ആകെ ബസില്‍ മൂന്ന് നടിമാരാണ് ഉണ്ടായിരുന്നത്. മരണപ്പെട്ട അഞ്ജലിക്ക് ഒരു കുത്തുണ്ട്. ജെസി യുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പാണ് അസുഖ ബാധിതനായി മരിച്ചത്.

നാടകം ഉപജീവന മാര്‍ഗമാക്കിയാണ് ഇരുവരും ജീവിച്ചിരുന്നത്. സീസണില്‍ കളിച്ചാല്‍ കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടാണ് കുടുംബത്തെ പോറ്റിയിരുന്നത്. വളരെ ദരിദ്രമായ കുടുംബ പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരാണ് ഇരുവരും. പതിറ്റാണ്ടുകളായി നാടകത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു ഇരുവരുടേതും.

നായികയായും മുഖ്യ കഥാപാത്രങ്ങളായും അഭിനയിച്ച ജെസി മോഹന്‍ പ്രായമായപ്പോഴാണ് അമ്മ വേഷങ്ങളിലേക്ക് തിരിഞ്ഞത്. എന്നാല്‍ ഹ്യു മറും സീരിയസ് റോളുകളും ഇവര്‍ക്ക് വഴങ്ങിയിരുന്നു. യുവ നടികളിലൊരാളായ അഞ്ജലി കഴിഞ്ഞ കുറെക്കാലമായി പ്രൊഫഷനല്‍ നാടകവേദിയുടെ ഭാഗമാണ്. നല്ല ഭാവിയുണ്ടെന്ന് കരുതിയിരുന്ന അഭിനേത്രി കൂടിയാണ് അഞ്ജലി.

കേരളത്തിലെ പ്രമുഖ ട്രൂപ്പുകളിലൊന്നാണ് കായങ്കുളം ദേവ് കമ്യുണിക്കേഷന്‍. മലബാറിലെ ഉത്സവ സീസണുകളില്‍ കാസര്‍കോട് മുതല്‍ മലപുറം വരെ ഇവര്‍ ധാരാളം നാടക അവതരണങ്ങള്‍ നടത്താറുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാമൂഹ്യ നാടകങ്ങളാണ് ഇവര്‍ അവതരിപ്പിച്ചു വരുന്നത്. സീസണിന്റെ തുടക്കത്തില്‍ തന്നെയാണ് വാഹനാപകടത്തില്‍ രണ്ട് കലാകാരികളുടെ ജീവന്‍ നഷ്ടമാകുന്നത്.

Tags:    

Similar News