സമയക്രമം തെറ്റിച്ച് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ബസുകളുടെ സമയം നിരീക്ഷിക്കാൻ രജിസ്‌ട്രേഷൻ പോലുമില്ലാത്ത കൂട്ടായ്മ; സമയം തെറ്റിയാൽ പിഴ; പാലക്കാട്-ചെർപ്പുള്ളശ്ശേരി റൂട്ടിൽ അപകടങ്ങൾ പതിവ്; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടും പരിഹാരമില്ല; മുഖം തിരിച്ച് മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: പാലക്കാട്-ചെർപ്പുള്ളശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സമയക്രമം തെറ്റിച്ച് സർവീസ് നടത്തുന്നതായി പരാതി. പാലക്കാട്-കോങ്ങാട്-ചെർപ്പുളശ്ശേരി റൂട്ടിലെ സ്ഥിരം യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 45 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ ചട്ടങ്ങൾ ലംഘിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. ബസ് കൂട്ടായ്മകളുടെ തീരുമാന പ്രകാരം പെർമിറ്റ് നൽകിയിട്ടുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. നിശ്ചിത സമയത്തിനുള്ളിൽ സർവീസ് പൂർത്തിയാക്കാനുള്ള ബസുകളുടെ മത്സരഓട്ടത്തിൽ യാത്രക്കാരും പൊറുതിമുട്ടിയിരിക്കുകയാണ്. രജിസ്‌ട്രേഷൻ പോലുമില്ലാതെ കൊങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു കൂടായ്മയാണ് ഇത്തരം നിയമ ലംഘനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് സൂചന.
പാലക്കാട്-കോങ്ങാട്-ചെർപ്പുളശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകൾക്ക് ഒരു കിലോമീറ്ററിന് 2.30 മിനിറ്റ് എന്ന തരത്തിലാണ് മോട്ടോർ വാഹന വകുപ്പ് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഒരു കിലോമീറ്ററിന് രണ്ട് മിനിറ്റ് എന്ന സമയക്രമത്തിലാണ് ബസുകൾ സർവീസ് നടത്തുന്നതെന്നാണ് പരാതി. പാലക്കാട് നിന്നും ചെർപ്പുളശ്ശേരി വരെ സർവീസ് നടത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഒരു മണിക്കൂർ 50 മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ ഒരു മണിക്കൂർ 30 മിനിറ്റിൽ ബസുകൾ ഓടിയെത്തുന്നതായാണ് യാത്രക്കാർ പറയുന്നത്. ബസ് കൂട്ടായ്മകളുടെ തീരുമാന പ്രകാരമാണ് ഈ നിയമലംഘനം നടക്കുന്നതെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
പാലക്കാട് നിന്നും ചെർപ്പുളശ്ശേരിക്കിടയിൽ മൂന്ന് പ്രധാന സ്ഥലങ്ങൾ ആയ ഒലവക്കോട്-കോങ്ങാട് -കടമ്പഴിപ്പുറം എന്നിവിടങ്ങളിൽ ബസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനധികൃത പഞ്ചിംങ് നടത്തി വരുന്നുണ്ട്. നിശ്ചയിച്ച പ്രകാരമുള്ള സമയത്തിനുള്ളിൽ ബസുകൾ ഈ പോയിന്റുകളിലേക്ക് ഓടിയെത്തണം. വൈകിയെത്തുന്ന ബസ്സുകൾക്ക് പിഴ ഈടാക്കുകയും ചെയ്യുന്നു. ഒരു കിലോമീറ്ററിന് രണ്ട് മിനിറ്റെന്ന സമയക്രമത്തിൽ പഞ്ചിംഗ് കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നതിനായി ബസ് ജീവനക്കാർക്കുമേൽ ഉടമകൾ സമ്മർദ്ദം ചെലുത്തുന്നതായും പരാതിയുണ്ട്. ഈ റൂട്ടിൽ അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നതും സ്വകാര്യ ബസുകളുടെ അമിത വേഗതയാണ്.
മത്സരയോട്ടം നിർത്തലാക്കി അനുവദിച്ച സമയത്തിൽ സർവീസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും ട്രാൻസ്പോർട്ട് കമ്മീഷണർ, പാലക്കാട് ആർടിഒ , പാലക്കാട് ജില്ലാകലക്ടർ, ആർടിഎ അതോറിറ്റി എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർ അന്വേഷണങ്ങൾ എല്ലാം പാലക്കാട് ആർടിഒ യുടെ മുന്നിലെത്തുന്നുണ്ടെന്നും പരാതിക്കാർ പറയുന്നു. എന്നാൽ പാലക്കാട് ആർടിഒ സ്വകാര്യ ബസ്സുകളുടെ നിയമലംഘനത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന രീതിയിലുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. അനധികൃതമായി നിശ്ചയിച്ചിരിക്കുന്ന സമയക്രമം പാലിക്കാനായി ബസുകൾ അമിത വേഗതയിൽ ഓടുന്നത് പൊതുജനങ്ങളുടെ ജീവന് ആപത്ത് സൃഷ്ടിക്കുകയാണ്.
ഈ റൂട്ടിൽ സ്വകാര്യബസ് അമിതവേഗത കാരണം അപകടങ്ങൾ വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ മാസം പാറശ്ശേരിക്കടുത്ത ഒരു സ്വകാര്യ ബസ് മറിഞ്ഞ് അപകടമുണ്ടായി. സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതരപരുക്കേറ്റിരുന്നു. ഇതേ വാഹനത്തിൽ കഴിഞ്ഞ ആറു മാസങ്ങൾക്കു മുൻപ് ഒരു യാത്രക്കാരൻ ബസിനുള്ളിൽ നിന്ന് തെറിച്ചുവീണ് മരച്ച സംഭവവും ഉണ്ടായി. ബസുകളുടെ മത്സരയോട്ടത്തെ തുടർന്ന് അപകടങ്ങൾ നിരന്തരമായതോടെ സംഭവത്തിൽ മനുഷ്യാവകാശ ഇടപെട്ടു. അനധികൃതമായ സമയക്രമം നിർത്തലാക്കി മോട്ടോർ വാഹന വകുപ്പ് അനുവദിച്ച സമയക്രമത്തിൽ സ്വകാര്യബസ്സുകൾ സർവീസ് നടത്തണമെന്ന് ജില്ലാ ഭരണകൂടത്തിനും, മോട്ടോർ വാഹന വകുപ്പിനും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നാളിതു വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.