ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സിദ്ദിഖ്; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സുപ്രീം കോടതി വിശദവാദം കേള്‍ക്കാനിരിക്കെ നിര്‍ണായക നീക്കം; അന്വേഷണ സംഘം അടുത്തായാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും

ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനം

Update: 2024-10-05 09:25 GMT

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഈ മാസം 22ന് സുപ്രീം കോടതി വിശദ വാദം കേള്‍ക്കാനിരിക്കെ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ സിദ്ദീഖ്. ഹാജരാകാന്‍ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് ഇ മെയില്‍ സന്ദേശം നല്‍കുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ സിദ്ദിഖിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. നോട്ടീസ് നല്‍കി വിളിപ്പിച്ച് സിദ്ദിഖിന്റെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ, സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ നോട്ടീസ് നല്‍കുന്നതില്‍ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാജരാകാന്‍ തയാറാണെന്ന് സിദ്ദിഖ് തന്നെ അറിയിച്ചത്. ഇത് സിദ്ദിഖിന്റെ തന്ത്രപരമായ നീക്കമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തത്.

നേരത്തെ സുപ്രീം കോടതി സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞിരുന്നു. സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിനും നടനും ഒരുപോലെ പ്രധാനമാണ്. സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ ഇരുകൂട്ടരും എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് ചോദ്യം ചെയ്യലിന്റെ കൂടി അടിസ്ഥാനത്തിലാവും.

സിദ്ദിഖിനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നേരത്തെ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. അന്തിമ വിധി വരുന്നതിനു മുന്‍പ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണോ അതോ വിധി വന്ന ശേഷം ചോദ്യം ചെയ്താല്‍ മതിയോ എന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ആശയക്കുഴപ്പമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ തന്റെ ചോദ്യം ചെയ്യലടക്കം പൂര്‍ത്തിയായതായി സിദ്ദിഖിന് ചൂണ്ടിക്കാട്ടാം. ചോദ്യം ചെയ്തില്ലെങ്കില്‍, താന്‍ സ്വമേധയാ ഹാജരാകാമെന്ന് കത്ത് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചില്ലെന്നും സിദ്ദിഖിന് വാദിക്കാം. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം എന്തു നിലപാട് സ്വീകരിക്കും എന്നതാണ് പ്രധാനം. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമായിരിക്കും അന്വേഷണ സംഘം കോടതിയില്‍ വാദിക്കുക.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നല്‍കിയത്. തുടര്‍ന്ന് സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇത് തള്ളിയത് സിദ്ദിഖിന് വലിയ തിരിച്ചടിയായി. ഇതിനു പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

യുവനടിയില്‍ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സംഘം കോടതി വഴി രഹസ്യമൊഴിയെടുത്തിരുന്നു. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനു ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. കേസില്‍ സുപ്രീംകോടതി രണ്ടാഴ്ച്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്. ഏഴു ദിവസത്തെ അജ്ഞാതവാസത്തിനു ശേഷം സിദ്ദിഖ് പുറത്തു വന്ന് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.

Tags:    

Similar News