ധോണി കയ്യൊഴിഞ്ഞതോടെ തമന്നയെ ഇറക്കി പ്രമോഷനു നീക്കം; മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടിയെ നിയമിച്ച് കര്‍ണാടക സര്‍ക്കാര്‍; ഉത്തരവ് പുറത്തിറങ്ങിയതോടെ കലിപ്പില്‍ കന്നഡ ആരാധകര്‍; 'കന്നഡ നടിമാര്‍ മതി' എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം; സോപ്പില്‍ പതയുന്ന വിവാദത്തില്‍ കുരുങ്ങി സിദ്ധരാമയ്യ സര്‍ക്കാര്‍

സോപ്പില്‍ പതയുന്ന വിവാദത്തില്‍ കുരുങ്ങി സിദ്ധരാമയ്യ സര്‍ക്കാര്‍

Update: 2025-05-23 06:56 GMT

ബെംഗളൂരു: 'മൈസൂര്‍ സാന്‍ഡല്‍' സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിച്ചതില്‍ കര്‍ണാടകയില്‍ പ്രതിഷേധം കടുക്കുന്നു. കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി തമന്ന ഭാട്ടിയയെ നിയമിച്ചതിലാണ് പ്രതിഷേധം. തമന്നയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

ബുധനാഴ്ച പുറത്തിറക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിലാണ് തമന്നയെ രണ്ട് വര്‍ഷത്തേക്ക് ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരിക്കുന്നത്. 6.2 കോടി രൂപയ്ക്കാണ് തമന്നയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരിക്കുന്നത്.എന്നാല്‍ നടിയുടെ നിയമനത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അഷിക രംഗനാഥിനെ പോലെയുള്ള യുവ കന്നഡ നടിമാര്‍ ഇവിടെ ഉള്ളപ്പോഴാണോ വെറുതെ ബോളിവുഡില്‍ നിന്നൊക്കെ ആളെ കൊണ്ടു വരുന്നതെന്ന് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് ഒരു യുവതി എക്‌സില്‍ കുറിച്ചു.

എന്നാല്‍ സംസ്ഥാനത്തിന് പുറത്തുള്ള വിപണികളെ ലക്ഷ്യം വച്ചാണ് തമന്നയെ ബ്രാന്‍ഡ് ചെയ്തിരിക്കുന്നതെന്ന് കര്‍ണാടകയുടെ വാണിജ്യ, വ്യവസായ മന്ത്രി എംബി പാട്ടീല്‍ വിശദീകരിച്ചു. കന്നഡ ചലച്ചിത്ര മേഖലയോട് കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന് എല്ലാവിധ ആദരവും ബഹുമാനവുമുണ്ട്, ചില കന്നഡ സിനിമകള്‍ ബോളിവുഡ് സിനിമകളെ കിടപിടിക്കുന്നതാണെന്നും പാട്ടീല്‍ പറഞ്ഞു.

വിവിധ മാര്‍ക്കറ്റിംഗ് വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം പൊതുമേഖലാ സ്ഥാപന ബോര്‍ഡിന്റെ സ്വതന്ത്ര തീരുമാനമാണിതെന്നും പാട്ടീല്‍ വ്യക്തമാക്കി. തമന്നയുടെ പാന്‍ ഇന്ത്യന്‍ താരപദവിയും വിപണനത്തിന് ഫലപ്രദമാകും. 2028ഓടെ കെഎസ്ഡിഎലിന്റെ വാര്‍ഷിക വരുമാനം 5,000 കോടി രൂപയിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ എം.എസ് ധോണിയായിരുന്നു മൈസൂര്‍ സാന്‍ഡലിന്റെ മുന്‍ അംബാസിഡര്‍. 2006ല്‍ ധോണിയുമായി കരാറില്‍ എത്തിയെങ്കിലും പ്രമോഷനുമായ ബന്ധപ്പെട്ട് സമയം ചെലവഴിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം കരാര്‍ റദ്ദാക്കി.

കര്‍ണാടക ധനകാര്യ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, രണ്ടു വര്‍ഷത്തേക്കാണ് തമന്നയുമായി കെഎസ്ഡിഎല്‍ കരാറില്‍ എത്തിയിരിക്കുന്നത്. 6.2 കോടി രൂപയ്ക്കാണ് കരാര്‍. 2028 ഓടെ വാര്‍ഷിക വരുമാനം 5,000 കോടി രൂപയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ഡിഎല്ലിന്റെ നീക്കം. ദീപിക പദുക്കോണ്‍, രശ്മിക മന്ദാന, പൂജ ഹെഗ്ഡെ, കിയാര അദ്വാനി തുടങ്ങിയ മുന്‍നിര നായികമാരെയാണ് അംബാസഡര്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും തമന്നയുടെ പാന്‍ ഇന്ത്യന്‍ പദവി മൈസൂര്‍ സാന്‍ഡലിനായി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

1916 മുതലാണ് മൈസൂര്‍ സാന്‍ഡലിന്റെ നിര്‍മാണം ആരംഭിച്ചത്. കൃഷ്ണ രാജ വാഡിയാര്‍ നാലാമന്റെ ഭരണക്കാലത്ത് ബെംഗളൂരുവിലാണ് സോപ്പ് ഫാക്ടറി സ്ഥാപിച്ചത്. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് (കെഎസ്ഡിഎല്‍) മൈസൂര്‍ സാന്‍ഡലിനെ ഏറ്റെടുക്കുകയായിരുന്നു.

Tags:    

Similar News