തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; നടി കസ്തൂരി അറസ്റ്റില്‍; തമിഴ്നാട് പൊലീസ് പിടികൂടിയത് കച്ചിബൗളിയില്‍ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവെ
നടി കസ്തൂരി അറസ്റ്റില്‍
ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരബാദില്‍ നിന്നാണ് ഒളിവിലായിരുന്ന നടിയെ അറസ്റ്റ് ചെയ്തത്. കച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. തമിഴ്നാട്ടില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം ആണ് അറസ്റ്റ് ചെയ്തത്.
നേരത്തെ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. പരാമര്‍ശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
പൊട്ടിത്തെറിക്കാന്‍ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്. പ്രസംഗത്തിലെ വാക്കുകള്‍ സമൂഹത്തിന്റെ വികസനത്തിനുള്ളതാകണം, ആരെയും ഭിന്നിപ്പിക്കാനാകരുതെന്നും മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കിയിരുന്നു.
തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം പൊതുപരിപാടിയില്‍ സംസാരിച്ചതിനു പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് കസ്തൂരി കോടതിയെ സമീപിച്ചത്. വിവിധ സംഘടനകള്‍ നല്കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
ഹര്‍ജി തള്ളിയതോടെ, ഒളിവില്‍ പോയ കസ്തൂരിയെ അറസ്റ്റ് ചെയ്യാനായി രണ്ട് പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.