'കാലം മാറിയപ്പോൾ മക്കൾ മാറി, അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളൂ'; 'ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണം'; അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവ് നിർബന്ധിച്ചു; അമ്മയ്‌ക്കൊപ്പം വീട് വിട്ട് നടി ലൗലി ബാബു

Update: 2025-08-22 09:37 GMT

പത്തനാപുരം: അമ്മയെ സംരക്ഷിക്കുന്നതിനായി കുടുംബജീവിതം പോലും ഉപേക്ഷിച്ച പ്രശസ്ത സിനിമാ-സീരിയൽ താരം ലൗലി ബാബുവിന്റെ വാക്കുകൾക്ക് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി. സ്വന്തം പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടി. 92 വയസ്സുള്ള അമ്മയെ ഓച്ചിറയിലോ ഗുരുവായൂരോ ഉപേക്ഷിക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ ഈ കടുത്ത തീരുമാനമെടുത്തതെന്ന് ലൗലി വീഡിയോയിൽ പറയുന്നു. ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടിയുടെ ദുരനുഭവം പുറംലോകം അറിഞ്ഞത്.

'തന്മാത്ര', 'പ്രണയം', 'ഭാഗ്യദേവത', 'നാലുപെണ്ണുങ്ങള്‍', 'പുതിയ മുഖം', 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലും നാടകങ്ങളിലും സജീവമായിരുന്ന ലൗലി, സ്വന്തം വീട്ടിൽ അമ്മ ഭാരമാകുന്നുവെന്ന് ഭർത്താവിനും മക്കൾക്കും തോന്നിയപ്പോഴാണ് അവരെയും കൂട്ടി ഗാന്ധിഭവനിലേക്ക് മാറിയത്. 'കാലം മാറിയപ്പോൾ മക്കൾ മാറി, പക്ഷേ അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളൂ. 'ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണം' എന്ന് ഭർത്താവ് പറഞ്ഞത് എനിക്ക് വലിയ സങ്കടമായി,' ലൗലി വീഡിയോയിൽ പറയുന്നു.

Full View

അമ്മയെ ഒറ്റയ്ക്ക് എവിടെയെങ്കിലും കൊണ്ടുപോയി ആക്കുന്നത് മാനസികമായി തളർത്തുമെന്ന് മനസ്സിലാക്കിയ ലൗലി, അമ്മയോടൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു. 'നീ എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ എവിടെ വേണമെങ്കിലും വരാം,' എന്ന് അമ്മ സമ്മതം മൂളിയതോടെയാണ് ഇരുവരും ഗാന്ധിഭവനിൽ എത്തിയത്. ഇതിനിടെ മക്കൾ ഗാന്ധിഭവനിൽ വന്നെങ്കിലും അമ്മയെ കാണാതെ മടങ്ങിപ്പോയത് ഏറെ വേദനിപ്പിച്ചുവെന്നും ലൗലി കണ്ണീരോടെ പറയുന്നു. 'അവർ വരുമെന്നോർത്ത് അമ്മ വൈകുന്നേരം വരെ കാത്തിരുന്നു,' എന്ന് പറയുമ്പോൾ ലൗലിയുടെ വാക്കുകൾ ഇടറി. 

Tags:    

Similar News