ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആര്‍ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അന്വേഷിക്കും; അന്വേഷണ ചുമതല പോലീസ് മേധാവിക്ക് നല്‍കി ഉത്തരവിറക്കി സര്‍ക്കാര്‍; എഡിജിപി അജിത് കുമാര്‍ ഒറ്റപ്പെടുന്നു; അവസാനം വിശ്വസ്തനെ കൈവിട്ട് പിണറായി?

നിയമസഭാ സമ്മേളനം ചേരാനിരിക്കെയായിരുന്നു എം.വിന്‍സന്റ് എം.എല്‍എയുടെ പരാതിയെന്നതും ശ്രദ്ധേയമായിരുന്നു

Update: 2024-09-25 05:28 GMT

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മറ്റൊരു അന്വേഷണം കൂടി. ആര്‍ എസ് എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയും സര്‍ക്കാര്‍ അന്വേഷിക്കും. സിപിഐയുടെ സമ്മര്‍ദ്ദവും സിപിഎമ്മിന്റെ നിലപാടുമാണ് ഇതിന് കാരണം. പോലീസ് മേധാവിയാകും ഇക്കാര്യം അന്വേഷിക്കുക. ഇതിനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. ഇതോടെ പോലീസില്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് പിടിമുറുക്കുകയാണ്. ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനേയും മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനും എംആര്‍ അജിത് കുമാറിനെ കൈവിടുന്നതിന്റെ സൂചനകളാണ് ഇതെല്ലാം.

എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിറക്കി സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബിന് നല്‍കുകയും ചെയ്തു. ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. തൃശ്ശൂരിലും തിരുവനന്തപുരത്തും വെച്ച് അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിനെ സംബന്ധിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ആര്‍.എസ്.എസ് നേതാക്കളെ എന്തിന് സന്ദര്‍ശിച്ചെന്ന രാഷ്ട്രീയ ദുരൂഹത തുടരുന്നതിനിടെയാണ് ഒടുവില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് വഴങ്ങിയിരിക്കുന്നത്.

എഡിജിപി - ആര്‍.എസ്.എസ് കൂടിക്കാഴ്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയും ഡി.ജി.പി അന്വേഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ ഡിജിപിക്ക് ഉത്തരവ് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കാര്യങ്ങളെ നിയമപരമാക്കാന്‍ മുഖ്യമന്ത്രിക്കും ഡി.ജിപിക്കും കോണ്‍ഗ്രസ് പരാതി നല്‍കിയത്. ഇതോടെ അന്വേഷണം പ്രഖ്യാപിച്ചേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവിയും എത്തി.

നിയമസഭാ സമ്മേളനം ചേരാനിരിക്കെയായിരുന്നു എം.വിന്‍സന്റ് എം.എല്‍എയുടെ പരാതിയെന്നതും ശ്രദ്ധേയമായിരുന്നു. എം.ആര്‍.അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസാബാളെയെയും റാംമാധവിനെയും കണ്ടത് എന്തിനെന്നാണ് അന്വേഷിക്കേണ്ടത്. അതേസമയം, തൃശൂര്‍ പൂരം കലക്കി സുരേഷ് ഗോപിയെ വിജയിപ്പിച്ചത് പോലെ ആറ്റുകാല്‍ പൊങ്കാല കലക്കി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ശ്രമം നടന്നേക്കുമെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം. ഇല്ലാത്ത പക്ഷം അടുത്ത ഉപതിരഞ്ഞെടുപ്പുകളില്‍ പോലും തിരിച്ചടിയുണ്ടാകുമെന്ന് സിപിഎമ്മും ഭയന്നിരുന്നു. ആര്‍ എസ് എസ് നേതാവ് ജയകുമാറിനെ മൊഴി എടുപ്പിക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്.


തൃശൂര്‍ പൂരം നടത്തിപ്പില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്നും ഡിജിപി എസ്.ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതു പരാമര്‍ശിച്ചുള്ള ആമുഖക്കുറിപ്പോടെയാണ് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയത്. ആമുഖക്കുറിപ്പില്‍ എഡിജിപിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയ ഡിജിപി, പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കാനാണു സാധ്യത. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാകും. ഇതിനിടെയാണ് മറ്റൊരു അന്വേഷണം പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അജിത് കുമാറിനെതിരെ നടക്കാന്‍ പോകുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിലും വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തുന്നുണ്ട്.

പൂരത്തിന്റെ സമയത്ത് തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. സാധാരണ കീഴുദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിച്ചു. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും എഡിജിപി 5 മാസം കാലതാമസം വരുത്തി. പൂരം നടത്തിപ്പിന് എസ്പിയും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേര്‍ന്നു തയാറാക്കിയ ക്രമീകരണങ്ങളില്‍ അവസാനനിമിഷം മാറ്റം വരുത്തി. സംഭവം നിയന്ത്രണത്തിന് അപ്പുറമായിട്ടും തൃശൂര്‍ പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ലെന്നു ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണു സൂചന. മന്ത്രിമാര്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ അദ്ദേഹം തൃശൂരില്‍നിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോകുകയും ചെയ്തുവെന്നാണ് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്.

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ തിരുവമ്പാടി ദേവസ്വത്തിനു പങ്കുണ്ടെന്നും രാഷ്ട്രീയലക്ഷ്യം സംശയിക്കുന്നതായും എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏതാനും ദേവസ്വം ഭാരവാഹികളുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ എസ് എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ച അടക്കം വിവാദമായതു കൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടിന്റെ ആധികാരികതയും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പുതിയ അന്വേഷണങ്ങള്‍.

Tags:    

Similar News