റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍; വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചയ്ക്ക് വരാന്‍ നിര്‍ദ്ദേശം; പോലീസ് മേധാവിയായി അജിത് കുമാര്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കാനോ ഈ ഫയല്‍ മടക്കല്‍? യോഗേഷ് ഗുപ്തയുടെ നടപടിയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; അജിത് കുമാറിന് ഉടനൊന്നും വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കില്ലേ?
തിരുവനന്തപുരം: എം.ആര്‍.അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഫയല്‍ മടക്കിയതില്‍ സര്‍ക്കാരിന് അതൃപ്തി. പ്രത്യക്ഷത്തില്‍ തന്നെ അജിത് കുമാറിനെതിരായ പിവി അന്‍വറിന്റെ ആരോപണം നിലനില്‍ക്കില്ലെന്ന് വ്യക്തമാണ്. എന്നിട്ടും റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് സര്‍ക്കാരിന്. വിശദമായ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചയ്ക്ക് വരാനാണ് യോഗേഷ് ഗുപ്ത നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത പോലീസ് മേധാവി ആരെന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഇതെല്ലാം. പോലീസ് മേധാവിയായ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ പോലീസ് മേധാവിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സില്‍ കാണുന്നത് അജിത് കുമാറിനെയാണ്. എന്നാല്‍ നിരവധി കടമ്പകളുണ്ട്. കേന്ദ്ര ഏജന്‍സിയായ യുപിഎസ് സിയുടെ ശുപാര്‍ശയില്‍ വരുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് മാത്രമേ നിയമനം നല്‍കാന്‍ കഴിയൂ. വിജിലന്‍സ് കേസോ അന്വേഷണമോ വല്ലതുമുണ്ടെങ്കില്‍ സാധാരണ ഗതിയില്‍ അത്തരക്കാരെ ചുരുക്കപ്പട്ടികയിലേക്ക് ശുപാര്‍ശ ചെയ്യില്ല. ഇതിന് വേണ്ടിയാകാം അജിത് കുമാറിനെതിരായ അന്വേഷണം സജീവമാക്കി നിര്‍ത്തുന്നതെന്ന സംശയം സര്‍ക്കാരിനുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസിലടക്കമാണ് അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടര്‍ മടക്കി അയച്ചായാണ് വിവരം. അന്‍വറിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പരാതികള്‍ തെളിയിക്കാനുള്ള യാതൊരു രേഖകളും സമര്‍പ്പിച്ചില്ലെന്നും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണു വിജിലന്‍സിന്റെ അന്വഷണം ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതാണ് യോഗേഷ് ഗുപ്ത അംഗീകരിക്കാത്തത്. പോലീസ് മേധാവിയാകാന്‍ സാധ്യതയുള്ള വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് ഡിജിപി റാങ്കിലുള്ള യോഗേഷ് ഗുപ്ത. സീനിയോറിട്ടി അനുസരിച്ചാണെങ്കില്‍ തീര്‍ച്ചയായും പോലീസ് മേധാവിയാകാനുള്ള ചുരുക്ക പട്ടികയില്‍ യോഗേഷ് ഗുപ്തയും ഉണ്ടാകും. സങ്കീര്‍ണ്ണമായ തലത്തിലേക്കാണ് പോലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ കടന്നു പോകുന്നത്.
അടുത്ത കാലത്തൊന്നും എഡിജിപി എംആര്‍ അജിത് കുമാറിന് ഡിജിപി പദവി കിട്ടില്ലെന്നും സൂചനകളുണ്ട്. മുതിര്‍ന്ന ഐപിഎസുകാരനായ രവഡാ ചന്ദ്രശേഖറും കേരളാ കേഡറിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടാണ് ഇതിന് കാരണം. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഐബിയിലുളള രവഡാ മടങ്ങിയെത്തുമ്പോള്‍ പോലീസ് മേധാവിയാകാനുള്ള മുതിര്‍ന്ന ഐപിഎസുകാര്‍ക്കിടയിലെ മത്സരവും കടുക്കും. പോലീസ് മേധാവിയാകാന്‍ നിഥിന്‍ അഗര്‍വാള്‍ കഴിഞ്ഞാല്‍ സീനിയോറിട്ടിയില്‍ ഇതോടെ രവഡാ ചന്ദ്രശേഖര്‍ മുന്നിലെത്തും എത്തും. അതു കഴിഞ്ഞ് യോഗേഷ് ഗുപ്തയും. സിനീയോറിട്ടി മാനദണ്ഡം പാലിക്കപ്പെട്ട് മൂന്നംഗ ചുരുക്കപ്പട്ടിക തയ്യറാക്കിയാല്‍ ഈ മുന്ന് പേരുമാകും വരിക. അങ്ങനെ വന്നാല്‍ ഇതില്‍ നിന്നൊരാളെ സംസ്ഥാന സര്‍ക്കാരിന് പോലീസ് മേധാവിയാക്കേണ്ടി വരും. ഇതിനൊപ്പമാണ് ഡിജിപി പദവിയില്‍ എത്താനുള്ള മറ്റ് ചില ഐപിഎസുകാരുടെ മോഹം നീളുന്നത്.
എസ്.പി.ജി. ഐ.ജി.യായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.ഡി.ജി.പി. സുരേഷ് രാജ് പുരോഹിത് സംസ്ഥാനത്തേക്കു മടങ്ങിയേക്കും എന്ന് ഏതാണ്ട് ഉറപ്പാണ്. ഇതിനൊപ്പം രവഡാ ചന്ദ്രശേഖര്‍ കൂടി എത്തുമ്പോള്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ് വിരമിക്കുന്നതോടെ സുരേഷ് രാജ് പുരോഹതിന് പോലും ഡിജിപി റാങ്ക് കിട്ടാത്ത അവസ്ഥ വരും. അതായത് സുരേഷ് രാജ് പുരോഹിതിനും എം ആര്‍ അജിത് കുമാറിനും ഡി.ജി.പി. തസ്തിക കിട്ടുന്നതും വൈകും. ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്ജോഷി വിരമിച്ച ഒഴിവില്‍ പ്രത്യേക അനുമതിയോടെ നിഥിന്‍ അഗര്‍വാളിന് ഡി.ജി.പി. തസ്തിക നല്‍കിയിട്ടുള്ളതിനാല്‍ ഡി.ജി.പി. സ്ഥാനക്കയറ്റവും ഉണ്ടാകില്ല. വിജിലന്‍സ് ഡയറക്ടറായിരുന്ന ടി.കെ. വിനോദ് കുമാര്‍ വിരമിച്ച ഒഴിവില്‍ യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു.
അടുത്ത ഏപ്രില്‍ മൂന്നിന് ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുന്നതോടെ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം ഡി.ജി.പി.യാകാനാണ് സാധ്യത. അതിന് മുമ്പ് രവഡാ ചന്ദ്രശേഖര്‍ എത്തിയാല്‍ എല്ലാം മാറി മറിയും. പത്മകുമാര്‍ മാറുമ്പോള്‍ രവാഡയ്ക്ക് പദവി കിട്ടും. അങ്ങനെ വന്നാല്‍ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ മനോജ് എബ്രഹാം ഡിജിപി റാങ്കിലെത്തും. അപ്പോള്‍ നിഥിന്‍ അഗര്‍വാളും രവഡാ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമുമാകും ഡിജിപി റാങ്കിലുള്ള നാലു പേര്‍. അങ്ങനെ അജിത് കുമാറിനെ പോലീസ് മേധാവിയാക്കാനുള്ള ഇടതു സര്‍ക്കാരിന്റെ മോഹങ്ങള്‍ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് വിജിലന്‍സ് കേസിലെ അന്വേഷണവും അവസാനിക്കാതെ നീളുന്ന സാഹചര്യം യോഗേഷ് ഗുപ്തയുടെ ഇടപെടലില്‍ ഉണ്ടാകുന്നത്.
കവടിയാറിലെ വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍നിന്ന് അജിത് 1.5 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണു കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലയ്ക്കു മറിച്ചു കുറവന്‍കോണത്ത് വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണു കണ്ടെത്തല്‍. 2009ലാണ് കോണ്ടൂര്‍ ബില്‍ഡേഴ്‌സുമായി ഫ്‌ലാറ്റ് വാങ്ങാന്‍ 37 ലക്ഷം രൂപയ്ക്കു കരാര്‍ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം വായ്പയെടുത്തു. 2013ല്‍ കമ്പനി ഫ്‌ലാറ്റ് കൈമാറി. പക്ഷേ സ്വന്തം പേരിലേക്ക് ഫ്‌ലാറ്റ് റജിസ്റ്റര്‍ ചെയ്യാന്‍ വൈകി. 4 വര്‍ഷം താമസിച്ച ശേഷം 65 ലക്ഷം രൂപയ്ക്കു ഫ്‌ലാറ്റ് വില്‍ക്കുന്നത് 2016ലാണ്. വില്‍പനയ്ക്കു 10 ദിവസം മുന്‍പ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വന്തം പേരിലേക്കു റജിസ്റ്റര്‍ ചെയ്തു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണു വീടിന്റെ വിലയില്‍ ഉണ്ടായത്. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്നുമാണു വിജിലന്‍സ് കണ്ടെത്തല്‍.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിനു മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന.