പാലക്കാട്ടെ ക്ഷേത്ര പൂജാരിയായ അപസ്മാര രോഗിയെന്ന് അച്ഛന്‍; താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് പറഞ്ഞ രണ്ടാനമ്മ; അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കൊലയെന്ന് വിശദീകരിച്ച് പ്രോസിക്യൂഷന്‍; തെളിവുകളും നിയമങ്ങളും വിലയിരുത്തി ആറു വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം; അദിതി എസ് നമ്പൂതിരി നേരിട്ട ക്രൂരത ഹൈക്കോടതി തിരിച്ചറിഞ്ഞു; നീതിപീഠം വിധി പ്രഖ്യാപിക്കുമ്പോള്‍
കൊച്ചി: ആറു വയസ്സുകാരിയായ അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തര്‍ജനം) ജീവപര്യന്തം തടവ്. രണ്ടു ലക്ഷം രൂപ വീതം ഇരുവരും കെട്ടിവയ്ക്കണം. ഇല്ലാത്ത പക്ഷം ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ഈ കേസില്‍ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചത് തെളിവുകള്‍ എല്ലാം അപഗ്രഥിച്ച്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ കണ്ടെത്തല്‍ തള്ളുകയാണ് ഹൈക്കോടതി. ഇന്ന് ഹൈക്കോടതിയില്‍ രണ്ടു പ്രതികളും ഹാജരായിരുന്നു. അവരെ കൂടെ കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ് കേസെന്നും രണ്ട് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇത് ഹൈക്കോടിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. എന്നാല്‍ ക്രൂരമായ കൊലയാണ് കുട്ടിയെ സംരക്ഷിക്കേണ്ടവര്‍ നടത്തിയതെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. വിചാരണ കോടതിയില്‍ തെളിഞ്ഞ വകുപ്പുകളിലെ ശിക്ഷ ഹൈക്കോടതി അംഗീകരിച്ചു. എന്നാല്‍ കൊലക്കുറ്റമായി ഇതിനെ കാണണമെന്ന നിലപാട് എടുത്താണ് ശിക്ഷാ വിധി. ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് അതി നിര്‍ണ്ണായകമാണ്. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വര്‍ഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതോടെ പ്രതികളുടെ ശിക്ഷ കുറഞ്ഞത് ജീവപര്യന്തമായി മാി. വിചാരണ കോടതിയുടെ ശിക്ഷയില്‍ ഉയര്‍ന്ന ശിക്ഷയിലേക്ക് കാര്യങ്ങളെത്തുന്നത് അത്യപൂര്‍വ്വമാണ്. പ്രോസിക്യൂഷനായി ടി.വി. നീമ ഹാജരായി. പാലക്കാട് ക്ഷേത്രത്തിലെ പൂജാരിയാണ് താനെന്നും അപസ്മാര രോഗിയാണെന്നും കോടതിയെ ഒന്നാം പ്രതി അറിയിച്ചു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു രണ്ടാം പ്രതിയുടെ നിലപാട്. ഈ രണ്ട് വാദവും കേട്ട ശേഷമാണ് ഹൈക്കോടതി വിധി പറഞ്ഞത്.
കൊലക്കുറ്റത്തിനുള്ള ശിക്ഷ വിധിക്കുകയാണ് ഹൈക്കോടതി. 2013 ഏപ്രില്‍ 29-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. വിചാരണ കോടതയില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വന്‍ വീഴ്ച്ചയാണ് കേസിനെ കൂടുതല്‍ ദുര്‍ബലമാക്കിയത്. ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കഥ മാറി. എല്ലാം കോടതിയ്ക്ക് മുന്നിലെത്തി. കോഴിക്കോട് ഈസ്റ്റ്ഹില്‍ ബി.ഇ.എം. യു.പി.സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അദിതി എസ്.നമ്പൂതിരി മര്‍ദനമേറ്റ് മരിക്കുകയായിരുന്നു. അച്ഛനും രണ്ടാനമ്മയും ക്രൂരമായി മര്‍ദിച്ചും പൊള്ളലേല്‍പ്പിച്ചും കൊന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിധി വരും മുമ്പ് പ്രതികള്‍ പല സമയങ്ങളിലായി 11 മാസത്തോളം ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട വകുപ്പുകള്‍ പ്രകാരം ജാമ്യം ലഭിക്കാനും സാധ്യതയുണ്ടെന്ന് വിചാരണ കോടതി വിധി വന്നപ്പോള്‍ തന്നെ വിലയിരുത്തല്‍ എത്തിയിരുന്നു. മര്‍ദനമാണ് മരണത്തിന് കാരണമായതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.
അച്ഛന്റെയും രണ്ടാനമ്മയുടെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29-നാണ് ബിലാത്തിക്കുളം ബി ഇ എം യു പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അദിതി മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഹൈക്കോടതി പ്രതികളായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ദേവിക അന്തര്‍ജനം എന്നിവര്‍ക്ക് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. രാമനാട്ടുകര വെച്ച് കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു അറസ്റ്റ്. ഹൈക്കോടതി തീരുമാനം അറിഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ പത്തുവയസ്സുകാരനായ സഹോദരന്റെ സാക്ഷിമൊഴിയാണ് നിര്‍ണ്ണായകമായത്. ഇത് പരിഗണിക്കുമ്പോള്‍ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികള്‍ക്ക് ഇല്ലായിരുന്നുവെന്നും അച്ചടക്കത്തിനായി പരിക്കേല്‍പ്പിക്കുക മാത്രമായിരുന്നു ഉണ്ടായതെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. മെഡിക്കല്‍ തെളിവുകള്‍ വിചാരണക്കോടതി കണക്കിലെടുത്തില്ല. പ്രതിഭാഗത്തിന്റെ വാദത്തിനാണ് വിചാരണക്കോടതി മുന്‍തൂക്കം നല്‍കിയത്. പ്രതികള്‍ക്ക് പൊതുവായ ലക്ഷ്യം ഉണ്ടായിരുന്നു. തെളിവുകള്‍ വിലയിരുത്തിയതില്‍ വിചാരണക്കോടതിക്ക് വീഴ്ചപറ്റിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ആയുധം ഉപയോഗിച്ചും അല്ലാതെയും പരിക്കേല്‍പ്പിച്ചു എന്ന കുറ്റമാണ് പ്രതികള്‍ക്കെതിരേ വിചാരണക്കോടതി കണ്ടെത്തിയത്. ബാലനീതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റവും ചുമത്തി. ഇതിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം വിചാരണക്കോടതി കുറയ്ക്കുകയായിരുന്നു. വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ശരിവെച്ചാല്‍ നീതിയുടെ നിഷേധമാകുമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കുട്ടിയുടെ മരണത്തിന്റെ കാരണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പ്രതികള്‍ക്കു കഴിഞ്ഞിട്ടില്ല. ചുഴലി കാരണമാണ് കുട്ടി മരിച്ചതെന്ന പ്രതികളുടെ വാദവും തള്ളിയിരുന്നു.
താമരക്കുളം ലക്ഷ്മി നിവാസില്‍ (തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത്) സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കു മൂന്നു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ,റംല ബീഗത്തിന് രണ്ടു വര്‍ഷം കഠിന തടവുമാണ് കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി 2016 നവംബര്‍ മൂന്നിന് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്ക് ആദ്യ ഭാര്യയില്‍ ജനിച്ച അദിതി 2013 ഏപ്രില്‍ 29 നാണു മരിച്ചത്. സഹോദരന്‍ അരുണിനെയും പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു.
