കാന്തപുരത്തെ കുറിച്ച് എഴുതിയ പുസ്തകം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നു; പ്രതിഫലം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി; 'ഇത് നീതികേട്, ഉസ്താദ് അറിഞ്ഞാല്‍ അംഗീകരിക്കില്ല; പരാതിയുമായ എഴുത്തുകാരി ആദില ഹുസൈന്‍; വിവാദത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് അറിയിച്ച് കാന്തപുരത്തിന്റെ ഓഫീസ്

കാന്തപുരത്തെ കുറിച്ച് എഴുതിയ പുസ്തകം മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കുന്നു

Update: 2025-09-24 05:41 GMT

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ഇംഗ്ലീഷ് ജീവചരിത്രത്തിന്റെ വലിയ ഭാഗം എഴുതി നല്‍കിയിട്ടും അര്‍ഹമായ പണമോ പുസ്തകത്തില്‍ പേരോ നല്‍കിയില്ലെന്ന പരാതിയുമായി എഴുത്തുകാരി. പ്രസാധകരായ മാജിക് മൂണ്‍ പബ്ലിഷേഴ്സിനെതിരെയാണ് എഴുത്തുകാരിയായ ആദില ഹുസൈന്റെ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

മര്‍കസ് കോംപ്ലക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയാ കമ്പനിയിലെ ആളുകളാണ് പുസ്തകം എഴുതാന്‍ ആവശ്യപ്പെട്ടത്. വലിയൊരു ഭാഗം എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ ആകെ 10000 രൂപയാണ് പ്രതിഫലം നല്‍കിയത്. പിന്നീട് പുസ്തകത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഷെയിഖ് അബൂബക്കര്‍ അഹമ്മദ് കമിങ് ഫോര്‍വേഡ്' എന്ന പേരില്‍ പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് മറുപടി കിട്ടി.

എന്നാല്‍ താന്‍ പകുതിയോളം എഴുതിയ പുസ്തകം 'വണ്‍ ടൈം വണ്‍ ലൈഫ്, ദി ഇന്‍ക്രെഡിബിള്‍ സ്റ്റോറി ഓഫ് ദി ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യ' എന്ന ടൈറ്റിലില്‍ മറ്റൊരാളുടെ പേരില്‍ പുറത്തിറക്കുകയാണെന്നും ആദില ഹുസൈന്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദില ആരോപണം ഉന്നയിക്കുന്നത്.

'ഈ പുസ്തകം ഈ രൂപത്തില്‍ പുറത്തുവരുന്നത് അക്കാദമികമായും മനുഷ്യത്വപരമായും എന്നോട് ചെയ്യുന്ന നീതികേടാണ്?. എ.പി. ഉസ്താദ് (കാന്തപുരം) ഇതറിഞ്ഞാല്‍ അംഗീകരിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ നീതികേടു പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം' -ആദില പറഞ്ഞു. അടുത്തമാസം പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം കഴിഞ്ഞ ദിവസം മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ നടന്നു.

ആദില ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നതോടെ പുസ്തകവുമായി നേരിട്ട് ബന്ധമില്ലെന്നും ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. ഒരു പൂര്‍വ വിദ്യാര്‍ത്ഥിയും അദ്ദേഹം കണ്ടെത്തിയ പ്രസാധകരും ലാഭേച്ഛയില്ലാതെ നടത്തുന്ന ഉദ്യമം എന്ന നിലയ്ക്ക് പുസ്തകവുമായി സഹകരിച്ചിരുന്നു. നിലവില്‍ ഉയര്‍ന്നുവന്ന പ്രശ്നത്തില്‍ നീതിപൂര്‍വമായ പരിഹാരം ഉടന്‍ കാണണമെന്നും അതിനുമുമ്പ് പുസ്തകം പുറത്തിറക്കുന്നതിലെ വിയോജിപ്പ് പ്രസാധകരെ അറിയിച്ചെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.


ആദിലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ ആദില ഹുസൈന്‍. ഉസ്താദ് എ പി അബൂബക്കര്‍ മുസ്ലിയാരെ കുറിച്ച് ഇംഗ്ലീഷില്‍ ഒരു പുസ്തകം എഴുതാനുള്ള ഉത്തരവാദിത്വം Handmark എന്ന പേരില്‍ മര്‍കസ് കോംപ്ലക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയാ കമ്പനിയിലെ യാസര്‍ അറഫാത്തും, മുഹ്സിനും അടങ്ങുന്ന ടീമാണ് എന്നെ ഏല്പിച്ചത്. എനിക്ക് പുറമെ വേറെയും രണ്ടാളുകള്‍ ചേര്‍ന്നാണ് ഈ പുസ്തകം എഴുതി തുടങ്ങിയത്.

ഉസ്താദിന്റെ കുട്ടിക്കാലം, ആത്മീയമായ വളര്‍ച്ച, മാതാവ്, ഭാര്യ, അന്താരാഷ്ട്ര ബന്ധങ്ങള്‍, വടക്കേ ഇന്ത്യയിലും മറ്റുമായി ഉസ്താദ് ചെയ്തു വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇസ്ലാമിലെ വനിതകള്‍ എന്ന വിഷയത്തിലെ കാഴ്ചപ്പാട് എന്നിവയുള്‍പ്പടെ പുസ്തകത്തിന്റെ വലിയൊരു ഭാഗം ഞാനെഴുതി. പിന്നീട് അവര്‍ കമ്പനിയുടെ പേര് Epistemic Breaks എന്നാക്കി മാറ്റി, കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ്‌കിലാണ് അതും പ്രവര്‍ത്തിച്ചിരുന്നത്. ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയില്‍ എം എക്ക് പഠിച്ചിരുന്ന ഞാന്‍ നാട്ടില്‍ നിന്നും മറ്റും രിസാല, സിറാജ് പോലെയുള്ള വാരികകളുടെ പഴയ കോപ്പികള്‍ ശേഖരിച്ചും, ഒട്ടേറെ ആളുകളോട് സംസാരിച്ചും, യുട്യൂബ് വീഡിയോ ഉള്‍പ്പടെയുള്ള ആര്‍ക്കെയ്വുകള്‍ ശേഖരിച്ചും മറ്റുമാണ് രചന പൂര്‍ത്തിയാക്കി ഏല്‍പ്പിച്ചത്.

രചന നടത്തുന്ന സമയത്ത് ഒരിക്കല്‍ ഡല്‍ഹി നിസാമുദ്ധീനില്‍ എ പി ഉസ്താദിന്റെ മകന്‍ ഡോ അബ്ദുല്‍ ഹക്കിം അസ്ഹരി ഉസ്താദ് എത്തിയപ്പോള്‍, യാസര്‍ അറഫാത്തിന്റെ ആഭിമുഖ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും, ഞാനാണ് പുസ്തകം എഴുതുന്നത് എന്ന് എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ഹകീം അസ്ഹരി ഉസ്താദ് എന്നെ ആശീര്‍വദിച്ചു പ്രാര്‍ഥിച്ചു തരികയും ചെയ്തു. ഈ ഇനത്തില്‍ എനിക്ക് ആകെ പതിനായിരം രൂപയാണ് ഇതുവരെ പ്രതിഫലമായി നല്‍കിയത്.

പിന്നീട് പുസ്തകമെന്തായി എന്ന് അന്വേഷിച്ചപ്പോള്‍ SHEIKH ABUBAKR AHMAD COMING FORWARD എന്ന പേരില്‍ ആ പുസ്തക രചന നിര്‍വഹിച്ച എന്റെയുള്‍പ്പടെ പേരുകള്‍ ചേര്‍ത്ത് പുസ്തകം ഉടനെ ഇറങ്ങുമെന്നും വലിയ പരിപാടി ആയിരിക്കും എന്നൊക്കെയാണ് മറുപടി ലഭിച്ചത്. പിന്നീടും വളരെ കുറഞ്ഞ വേതനത്തില്‍ ഞാന്‍ അവിടെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരു അറബി മലയാളം പുസ്തകം മലയാളത്തിലേക്കും പിന്നീട് ഇംഗ്‌ളീഷിലേക്കും മൊഴിമാറ്റം ചെയ്യുന്ന ജോലി. അതിനും അങ്ങേയറ്റം കുറഞ്ഞ, എന്നുവെച്ചാല്‍ പറഞ്ഞാല്‍ ഒരാള്‍ വിശ്വസിക്കുകപോലും ചെയ്യാത്തത്ര കുറഞ്ഞ പ്രതിഫലമാണ് എനിക്ക് തന്നത്. ശേഷം മോശം അവസ്ഥയിലാണ് ഞാന്‍ സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നത്.

കോഴിക്കോട് ഓഫീസില്‍ പൈസ ചോദിച്ചു ചെന്ന എന്നെ, എന്റെ പേരില്‍ defamation കേസ് കൊടുക്കുമെന്ന് പറഞ്ഞു ഭീഷണി പ്പെടുത്തിയാണ് മുഹ്‌സിന്‍ ഇറക്കി വിട്ടത്. പിന്നീട് Epistemic Breaks പേരു മാറ്റി മാജിക് മൂണ്‍ ആക്കി ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്നിപ്പോള്‍ ഈ വാര്‍ത്ത കണ്ടപ്പോഴാണ് ഞാന്‍ പകുതിയോളം എഴുതിയ പുസ്തകം ദുബായിലെ ഒരു വ്യാപാരിയുടെ പേരില്‍ One Time One Life എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുന്ന കാര്യം അറിഞ്ഞത്. വരാനിരിക്കുന്ന ഈ പുസ്തകമല്ലാതെ ഈ വ്യാപാരിയുടെ പേരില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടതായി ഇതുവരെ കണ്ടിട്ടില്ല.

ഈ പുസ്തകത്തിന്റെ കഴിഞ്ഞകാലത്തെ എല്ലാ വേര്‍ഷന്‍സും എന്റെ കൈയില്‍ ഉണ്ട്. അതിലൊന്നിന്റെ ഫസ്റ്റ് പേജാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്. അത് പരിശോധിച്ചാല്‍ തന്നെ ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ വസ്തുത മനസ്സിലാകും. ഇതില്‍ മറ്റു പ്രധാന ഭാഗങ്ങള്‍ എഴുതിയ മറ്റു എഴുത്തുകാരും സമാനമായ പരാതികള്‍ ഉള്ളവരാണ് എന്നും അറിയാന്‍ കഴിഞ്ഞു. അവരുടെ പരാതികളെ പലരീതികളില്‍ ഒതുക്കി വെപ്പിച്ചിരിക്കുകയാണ് എന്നാണ് അറിയുന്നത്. എന്നെ സംബന്ധിച്ചടുത്തോളം എന്റെ ദീര്‍ഘ കാലത്തെ ബൗദ്ധികമായ അദ്ധ്വാനം ആണ്, ഇങ്ങിനെ മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ പോകുന്നത്. അതെനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഈ പുസ്തകം ഈ രൂപത്തില്‍ പുറത്തുവരുന്നത് അക്കാദമികമായും മനുഷ്യത്വപരമായും എന്നോട് ചെയ്യുന്ന നീതികേടാണ്. എ പി ഉസ്താദ് ഇതറിഞ്ഞാല്‍ അംഗീകരിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ നീതികേടു പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം #plagiarism #writer #WorkplaceEthics

Tags:    

Similar News