എഡിഎമ്മിന്റേത് നിയമപരമായ നടപടികള്‍ മാത്രം; ഫയല്‍ നീക്കം വൈകിപ്പിച്ചില്ല; കൈക്കൂലി വാങ്ങിയതിനും തെളിവില്ല; വിളിക്കാത്ത ചടങ്ങിനെത്തി ദിവ്യ പറഞ്ഞതെല്ലാം പച്ചക്കള്ളം; ഇനിയെങ്കിലും ദിവ്യയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു കൂടെ എന്ന ചോദ്യം സജീവമാക്കി അന്വേഷണ റിപ്പോര്‍ട്ട്; നവീന്‍ ബാബുവിന് മരണ ശേഷവും ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം : എഡിഎം നവീന്‍ ബാബു കണ്ണൂര്‍ ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പിപി ദിവ്യയുടെ വാദങ്ങള്‍ കൂടുതല്‍ പൊളിയുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ച് നവീന്‍ ബാബുവിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് പിന്നില്‍ മറ്റെന്തോ അജണ്ടയുണ്ടെന്നാണ് സൂചന.
അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു. എന്നാല്‍ അതേ സമയം, റവന്യൂവകുപ്പ് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ പി പി ദിവ്യ തയ്യാറായിട്ടില്ല. ഇതും ദുരൂഹമാണ്. മൊഴി നല്‍കാനെത്തിയാല്‍ പോലീസ് അറസ്റ്റു ചെയ്യുമെന്ന ഭയത്തിലാണ് ഇത്. അതിനിടെ ദിവ്യയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നോട്ടിസ് നല്‍കിയെങ്കിലും ദിവ്യ സഹകരിച്ചില്ല. നിയമപരമായി ദിവ്യയെ വിളിച്ചു വരുത്താന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് അധികാരമില്ലെങ്കിലും പെട്രോള്‍ പമ്പ് അപേക്ഷകനു വേണ്ടി ഇടപെട്ട് ആരോപണം ഉന്നയിച്ച വ്യക്തിയെന്ന നിലയിലാണ് വിവരങ്ങള്‍ ആരായാന്‍ ശ്രമിച്ചത്.
പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതു സംബന്ധിച്ച ഫയലുകളില്‍ കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബു നിയമപരമായ നടപടികളാണു സ്വീകരിച്ചതെന്നു ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന. അപേക്ഷകനായ ടി.വി.പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചതെന്ന് ഫയല്‍ പരിശോധനയിലും ജീവനക്കാരില്‍ നിന്നു ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് വ്യക്തമായത്. കൈക്കൂലി ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല. മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു പറയുന്ന പ്രശാന്തില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പൊലീസ്, പൊതുമരാമത്ത്, അഗ്‌നിശമനസേന, ടൗണ്‍ പ്ലാനിങ് തുടങ്ങിയവയില്‍ നിന്നുള്ള എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍ഒസി നല്‍കാനാവൂ എന്നതിനാല്‍ ഫയല്‍ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ല.
കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയതിന് പിന്നില്‍ ദിവ്യയുടെ പ്രസംഗമാണെന്നതില്‍ തര്‍ക്കമുണ്ടാക്കാത്ത റിപ്പോര്‍ടാടണ് പുറത്തു വരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നവീന്‍ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം. അതേസമയം പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായിരിക്കെ ടി.വി.പ്രശാന്ത് പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതില്‍ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിന് എത്തുന്നുണ്ട്. പ്രശാന്തിനും പണി പോകാനാണ് സാധ്യത.
അതിനിടെ ദിവ്യയെ രക്ഷിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നു. ഒന്നും വിജയിച്ചില്ല. എഡിഎമ്മിനെ സംശയമുനയില്‍ നിര്‍ത്തുംവിധമുള്ള ആരോപണങ്ങള്‍ ആദ്യദിവസം മുതല്‍ വരുന്നുണ്ടെങ്കിലും ഒന്നിനും ഒരു ദിവസത്തെ ആയുസ്സ്‌പോലും കിട്ടുന്നില്ല. എഡിഎം കുറ്റസമ്മതം നടത്തിയെന്ന തരത്തില്‍ ഏതെങ്കിലും ഉദ്യോഗസ്ഥരില്‍നിന്നു മൊഴി ലഭിക്കുമോയെന്നും പൊലീസ് നോക്കിയിരുന്നുവെന്നാണു വിവരം. എഡിഎമ്മിനെതിരെ വിജിലന്‍സില്‍ പരാതിയുണ്ടെന്നും അതു സംബന്ധിച്ചുള്ള അന്വേഷണത്തില്‍ വേവലാതി പൂണ്ടാണു മരണം വരിച്ചതെന്നുമായിരുന്നു ആദ്യം പുറത്തുവന്ന കഥകളിലൊന്ന്. വിജിലന്‍സില്‍ അത്തരമൊരു പരാതിയില്ലെന്നു വ്യക്തമായി.
പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് ടി.വി.പ്രശാന്ത് അയച്ചതായി പറയുന്ന പരാതി. ഇതില്‍ പ്രശാന്തിന്റെ പേരും ഒപ്പും വ്യാജമെന്നു വ്യക്തമായി. അത്തരമൊരു പരാതി മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫിസിലോ ലഭിച്ചതായി ഇതുവരെ തെളിയിക്കാനായിട്ടില്ല. പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കുള്ള ഫയല്‍ എഡിഎം വച്ചുതാമസിപ്പിച്ചെന്ന ആരോപണം. 6 പ്രവൃത്തി ദിവസം മാത്രമാണ് ഫയല്‍ എഡിഎമ്മിന്റെ കയ്യിലുണ്ടായിരുന്നത്. എഡിഎമ്മിനെതിരെ ഗംഗാധരന്‍ എന്നയാള്‍ വിജിലന്‍സിനു പരാതി നല്‍കിയെന്നു ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞു. ആ പരാതി അഴിമതിയോ കൈക്കൂലിയോ സംബന്ധിച്ചല്ലെന്ന് ഗംഗാധരന്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 6ന് എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്‌സിനു സമീപം നവീന്‍ ബാബുവും പ്രശാന്തും തമ്മില്‍ കാണുന്ന സിസിടിവി ദൃശ്യം. കൈക്കൂലിയുടെ സൂചന പോലും എഡിഎം നല്‍കിയില്ലെന്ന് 7ന് പ്രശാന്ത് പറയുന്ന ഓഡിയോ പുറത്തുവന്നതോടെ ഇതും പൊളിഞ്ഞു. റവന്യു വകുപ്പ് രഹസ്യമായി തയാറാക്കിയ അഴിമതിരഹിതരുടെ പട്ടികയില്‍ ആദ്യ സ്ഥാനക്കാരിലാണ് നവീന്‍ ബാബു. കാര്യക്ഷമതയോടെയും സഹാനുഭൂതിയോടെയും ഉത്തരവാദിത്തം നിര്‍വഹിച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്ന് കുടുംബത്തിനു നല്‍കിയ കത്തില്‍ കലക്ടര്‍ വിശദീകരിക്കുന്നുമുണ്ട്.