പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ മനസ്സിലാക്കി സഹായം എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്നയാള്‍; 'ഈ ഓണത്തിന് പാവങ്ങള്‍ക്ക് കൊടുക്കാന്‍ കുറേ കിറ്റ് തന്നിട്ടാണ് അവന്‍ പോയത്': എ ഡി എം നവീന്‍ ബാബുവിനെ കുറിച്ച് നാട്ടുകാര്‍ക്കും മതിപ്പ്

എ ഡി എം നവീന്‍ ബാബുവിനെ കുറിച്ച് നാട്ടുകാര്‍ക്കും മതിപ്പ്

Update: 2024-10-15 09:53 GMT

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധം ഇരമ്പുന്നതിനൊപ്പം, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ റവന്യൂ മന്ത്രി കെ രാജന്‍ പരോക്ഷമായി പി പി ദിവ്യയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ദിവ്യക്കെതിരെ വലിയ പ്രചാരണം നടക്കുന്നു. അതേസമയം, നവീന്‍ ബാബു നാട്ടുകാര്‍ക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു എന്നും പറയുന്നു.

നാട്ടുകാര്‍ക്ക് പൊതുവെ അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായമാണ്. അവധി ദിവസങ്ങളില്‍ നാട്ടില്‍ എത്തുമ്പോള്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ മനസിലാക്കി സഹായം എത്തിക്കാനും നവീന്‍ മുന്‍പന്തിയിലുണ്ടാവാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ജില്ലയിലെ പാര്‍ട്ടി നവീന്റെ കുടുംബത്തോടൊപ്പമാണെന്നും നാട്ടിലെ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. 'നാട്ടിലെ മാന്യനായ വ്യക്തിയാണ്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമേ അവന് അറിയൂ. ഈ ഓണത്തിന് പാവങ്ങള്‍ക്ക് കൊടുക്കാന്‍ കുറേ കിറ്റ് തന്നിട്ടാണ് അവന്‍ പോയത്' - നാട്ടുകാര്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് പ്രമോഷനായി പോയതാണെന്ന് ഭാര്യ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 'പ്രമോഷനായി പോയതുകൊണ്ട് പെട്ടെന്ന് തിരിച്ചുവരാന്‍ സാധിക്കില്ല. അതുകൊണ്ട് തിരിച്ചുവരാനുള്ള ശ്രമം നടത്തിയിട്ടില്ല. ആദ്യം കാസര്‍കോട് ജില്ലയിലായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് കണ്ണൂരിലേക്ക് മാറ്റിയത്. ഇപ്പോഴാണ് ട്രാന്‍സ്ഫര്‍ അപേക്ഷ നല്‍കിയത്. നവീന്റെ ഒപ്പം പോയവര്‍ക്കെല്ലാം ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. എന്നാല്‍ അവന് കിട്ടിയില്ല. ശേഷം ഞാന്‍ പാര്‍ട്ടി വഴി ഇടപെട്ടു. ഇവിടെ നിന്നുള്ള സഖാക്കള്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അവന്‍ നല്ലൊരു ഉദ്യോഗസ്ഥനാണെന്ന് പറയുന്നത്. അതുകൊണ്ട് അവനെ അവിടെ നിര്‍ത്താനാണ് കരുതിയത്. ഞങ്ങള്‍ എല്ലാം പാര്‍ട്ടിക്കാരാണ്. ഞാന്‍ ഓമല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ഒഴിവായി'- ഭാര്യ പിതാവ് പറഞ്ഞു.

നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദഹത്തിന്റെ മരണത്തിലും അതിലേക്ക് നയിച്ച കാരണത്തിലും സമഗ്രമായ അന്വേഷണം നടത്തുമെന്നും രവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. കളക്ടറുടെ റിപ്പോര്‍ട്ട് വേഗതയില്‍ ലഭ്യമാക്കും. റവന്യൂ വകുപ്പിന് അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്. പൊതുപ്രവര്‍ത്തകര്‍ ഇടപെടലുകളില്‍ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തില്‍ കെ രാജന്‍ അഭിപ്രായപ്പെട്ടു

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം ഇന്ന് ട്രെയിനില്‍ പോകേണ്ടതായിരുന്നു. സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ എഡിഎം നവീന്‍ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് എംഡിഎം ജീവനൊടുക്കിയത്.

Tags:    

Similar News