സ്വന്തം ബീജം ഉപയോഗിച്ച് 'സൂപ്പര്‍ റേസ്' സൃഷ്ടിക്കാന്‍ പദ്ധതി; ന്യൂ മെക്‌സിക്കോയിലെ ഫാമില്‍ നിരവധി സ്ത്രീകളെ താമസിപ്പിച്ച് ഒരേസമയം കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ ലക്ഷ്യമിട്ടു; ശാസ്ത്രജ്ഞരെ വിലയ്‌ക്കെടുത്തത് സ്വന്തം വംശത്തെ വളര്‍ത്താന്‍! മരണശേഷം തന്റെ തലയും ലിംഗവും പ്രത്യേകം മരവിപ്പിച്ച് സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടു; ജെഫ്രി എപ്സ്റ്റീനെ കുറിച്ച് പുറത്തുവരുന്ന അവിശ്വസനീയ കഥകള്‍

Update: 2026-02-08 10:30 GMT

വാഷിങ്ടന്‍: ലൈംഗിക കടത്ത് കേസുകളില്‍ വിചാരണ നേരിടുന്നതിനിടെ 2019-ല്‍ ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് ഒരു 'അതിമാനുഷിക വംശത്തെ' (Super Race) സൃഷ്ടിക്കാന്‍ എപ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായി തന്റെ സമ്പാദ്യവും സ്വാധീനവും മുഴുവന്‍ ഉപയോഗിക്കാനും അയാള്‍ തീരുമാനിച്ചിരുന്നു. ന്യൂ മെക്‌സിക്കോയിലെ തന്റെ വിശാലമായ ഫാമില്‍ ('സോറോ റാഞ്ച്') നിരവധി സ്ത്രീകളെ താമസിപ്പിച്ച് അവരില്‍ സ്വന്തം ബീജം നിക്ഷേപിച്ച് ഒരേസമയം കുഞ്ഞുങ്ങളെ ജനിപ്പിക്കാനായിരുന്നു എപ്സ്റ്റീന്റെ ലക്ഷ്യം. ഇതിനെ അദ്ദേഹം 'ബേബി റാഞ്ച്' എന്നാണ് വിളിച്ചിരുന്നത്. 33,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കേന്ദ്രം തന്റെ ജനിതക സാമ്രാജ്യത്തിന്റെ ആസ്ഥാനമാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കിയതിന് ഇതുവരെ ഔദ്യോഗികമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

മനുഷ്യന്റെ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ജനിതക എന്‍ജിനിയറിങ്, കൃത്രിമബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്ന പഠനങ്ങളില്‍നിന്നാണ് 'സൂപ്പര്‍ വംശം' എന്ന ആശയം എപ്സ്റ്റീന്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2000കളുടെ തുടക്കത്തില്‍തന്നെ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിരുന്ന എപ്സ്റ്റീന്‍, 'സോറോ റാഞ്ച്' എന്നറിയപ്പെടുന്ന 33,000 ചതുരശ്ര അടി വിസ്തൃതിയുള്ള ന്യൂ മെക്‌സിക്കോയിലെ താവളം ഇതിനായി ഉപയോഗിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പദ്ധതി കേട്ട എപ്സ്റ്റീന്റെ ചില ബിസിനസ്-രാഷ്ട്രീയ സുഹൃത്തുക്കള്‍ അതിനെ യാഥാര്‍ഥ്യബോധമില്ലാത്തതെന്ന് വിശേഷിപ്പിച്ചു. അതേസമയം, എപ്സ്റ്റീന്‍ ഏതെങ്കിലും കുട്ടികളുടെ പിതാവായിരുന്നോയെന്ന ചോദ്യത്തിന് ഇതുവരെയും വ്യക്തമായ ഉത്തരമില്ല. എപ്സ്റ്റീന് കുട്ടികളുണ്ടെന്ന് ഒരിക്കലും പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല; അദ്ദേഹത്തിന്റെ വില്‍പത്രത്തിലും കുട്ടികളെ കുറിച്ച് പരാമര്‍ശമില്ല. എങ്കിലും, തന്റെ സ്വകാര്യ ദ്വീപുകളിലും ഫാമുകളിലും അദ്ദേഹം നടത്തിയ വിചിത്രമായ പരീക്ഷണങ്ങളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ഇപ്പോഴും അന്വേഷണങ്ങള്‍ തുടരുകയാണ്.

ജനിതക എഞ്ചിനീയറിങ്ങിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെയും മനുഷ്യന്റെ കഴിവുകള്‍ വര്‍ധിപ്പിക്കാമെന്ന് വിശ്വസിക്കുന്ന 'ട്രാന്‍സ്ഹ്യൂമനിസം' എന്ന ആശയത്തിലായിരുന്നു എപ്സ്റ്റീന്റെ താല്പര്യം. മുന്‍കാലങ്ങളില്‍ നാസികള്‍ ഉപയോഗിച്ചിരുന്ന 'യൂജെനിക്സ്' (ഗുണമേന്മയുള്ള തലമുറയെ സൃഷ്ടിക്കാനുള്ള പ്രജനന രീതി) എന്ന വിവാദ ആശയത്തോടാണ് വിമര്‍ശകര്‍ ഇതിനെ ഉപമിക്കുന്നത്. ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുമായും എപ്സ്റ്റീന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നോബല്‍ ജേതാവായ മുറെ ഗെല്‍മാന്‍, സ്റ്റീഫന്‍ ഹോക്കിങ്സ്, സ്റ്റീഫന്‍ ജേ ഗോള്‍ഡ് തുടങ്ങിയ പ്രമുഖര്‍ എപ്സ്റ്റീന്റെ അതിഥികളായി എത്തിയിരുന്നു. കോണ്‍ഫറന്‍സുകള്‍ക്കും ഗവേഷണങ്ങള്‍ക്കും വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയാണ് ശാസ്ത്രജ്ഞരെ എപ്സ്റ്റീന്‍ ആകര്‍ഷിച്ചത്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രോഗ്രാം ഫോര്‍ എവല്യൂഷണറി ഡൈനാമിക്സ് സ്ഥാപിക്കാന്‍ 6.5 മില്യണ്‍ ഡോളറാണ് എപ്സ്റ്റീന്‍ നല്‍കിയത്. തന്റെ സ്വകാര്യ ദ്വീപുകളില്‍ ശാസ്ത്രജ്ഞര്‍ക്കായി വിരുന്നുകള്‍ ഒരുക്കുകയും അവര്‍ക്കായി അന്തര്‍വാഹിനികള്‍ വരെ വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. പുനര്‍ജന്മം സാധ്യമാകുമെന്ന് വിശ്വസിച്ച് മരണശേഷം ശരീരം മരവിപ്പിച്ചു സൂക്ഷിക്കുന്ന 'ക്രയോണിക്സ്' രീതിയിലും എപ്സ്റ്റീന് താല്പര്യമുണ്ടായിരുന്നു. തലയും ലിംഗവും പ്രത്യേകം സംരക്ഷിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News