അഡ്വ ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്ത് കോടതി; ജാമ്യ ഹര്‍ജിയില്‍ വിശദ ഉത്തരവ് നാളെ; തിരുവനന്തപുരത്തെ കോടതിയില്‍ അംഗീകരിക്കപ്പെട്ടത് പ്രോസിക്യൂഷന്‍ വാദങ്ങള്‍; ബോധപൂര്‍വം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്ന ബെയ്‌ലിന്‍ ദാസിന്റെ നിലപാടിന് അംഗീകാരമില്ല; ജൂനിയറെ തല്ലിയ സീനിയര്‍ ജയിലിലേക്ക്

Update: 2025-05-16 06:50 GMT

തിരുവനന്തപുരം: അഡ്വ. ബെയ്ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്ത് കോടതി. ഈ മാസം 27വരെയാണ് റിമാന്‍ഡ്. ജാമ്യ ഹര്‍ജിയില്‍ വാദം കോടതി കേട്ടു. ഇതില്‍ പിന്നീട് വിധി പറയും. പ്രോസിക്യൂഷന്റെ ശക്തമായ വാദങ്ങളാണ് വഞ്ചിയൂര്‍ മജിസ്‌ട്രേട്ട് കോടതി അംഗീകരിച്ചത്. ഇതോടെ ബെയ്‌ലിന്‍ ദാസ് ജയിലിലേക്ക് പോവുകയാണ്. കടുത്ത തിരിച്ചടിയാണ് ബെയ്‌ലിന്‍ ദാസിന് നേരിടേണ്ടി വന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ ദിലീപ് സത്യനാണ് ബെയ്‌ലിന്‍ ദാസിന് വേണ്ടി ഹാജരായത്. അദ്ദേഹവും ശക്തമായ വാദങ്ങളുയര്‍ത്തി. പക്ഷേ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി പ്രാഥമികമായി അംഗീകരിച്ചു. പ്രാഥമിക വാദമാണ് ജാമ്യാപേക്ഷയില്‍ നടന്നത്. വിശദ വാദം കേട്ട് നാളെ വിധി പറയും. ജാമ്യം അനുവദിച്ചാല്‍ ബെയ്‌ലിന്‍ ദാസിന് പുറത്തിറങ്ങാന്‍ കഴിയും.

ബെയ്ലിന്‍ ദാസ് സമര്‍പ്പിച്ച ജാമ്യഹര്‍ജി വിശദമായ വാദം കേട്ടശേഷം വിധി പറയാനായാണ് മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിയത്. പ്രോസിക്യൂഷന്‍ ബെയ്ലിന്‍ ദാസിന്റെ ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്ത് യുവ അഭിഭാഷകയെ മര്‍ദിച്ചത് ഗൗരവകരമായ കുറ്റമാണ്. തൊഴിലിടത്തെ സ്ത്രീ സുരക്ഷ കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു സീനിയര്‍ അഭിഭാഷകനില്‍ നിന്നും ഇത്തരത്തിലൊരു സംഭവമുണ്ടായത്. സംരക്ഷിച്ച് പുതിയ പാഠങ്ങള്‍ പഠിപ്പിക്കേണ്ട ഒരു വ്യക്തിയില്‍ നിന്നും ജൂനിയര്‍ അഭിഭാഷകയ്ക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടാകുന്നത് ക്ഷമിക്കാവുന്ന കുറ്റമല്ല. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കരുതിക്കൂട്ടി സ്ത്രീയെ അധിക്ഷേപിക്കാനോ കയ്യേറ്റം ചെയ്യാനോ ഉള്ള നീക്കമല്ല ഉണ്ടായതെന്നാണ് പ്രതിഭാഗം കോടതിയില്‍ അറിയിച്ചത്.

ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ തീര്‍ച്ചയായും സ്വാധീനിക്കുമെന്നു മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷക ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഓഫിസില്‍ ഉണ്ടായിരുന്ന എത്ര പേര്‍ തനിക്ക് അനുകൂലമായി സാക്ഷി പറയും എന്നറിയില്ലെന്നും ശ്യാമിലി പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്നും എല്ലാ വിഭാഗവും പിന്തുണ നല്‍കിയിട്ടുണ്ടെന്നും ശ്യാമിലി പറഞ്ഞു. കോടതി എന്തു തീരുമാനമെടുത്താലും തൃപ്തയായിരിക്കും. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. നീതി ഇപ്പോള്‍ത്തന്നെ കിട്ടിക്കഴിഞ്ഞു. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണ്. ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്യാമിലി പറഞ്ഞിരുന്നു.

ശ്യാമിലിയാണ് തന്നെ ആദ്യം ആക്രമിച്ചത് എന്നാണ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ബെയ്ലിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇന്ന് പുതുതായി ഒരു വകുപ്പു കൂടി ചുമത്തി. അത് ജാമ്യം കിട്ടുന്ന വകുപ്പായിരുന്നു. ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി വരും. ഒളിവിലായിരുന്ന ഇയാളെ വ്യാഴാഴ്ച വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷന്‍കടവില്‍ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ആള്‍സെയിന്‍സ് ജങ്ഷഷനില്‍നിന്ന് ആള്‍ട്ടോ കാറോടിച്ച് തുമ്പ ഭാഗത്തേക്ക് പോകുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. കാറിനെ പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.

പൊലീസ് അന്വേഷണം ശക്തമാക്കിയതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ മാറി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് വിവരം. ബെയ്‌ലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അസാധുവായി. ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടരയോടെയാണ് ജൂനിയര്‍ അഭിഭാഷക പാറശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ജെ വി ശ്യാമിലി (26)യെ ഓഫീസില്‍ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. ശ്യാമിലിയുടെ വലതുകവിള്‍ അടികൊണ്ട് ചതഞ്ഞിരുന്നു. പ്രതിയെ പിടികൂടാന്‍ പൊലീസെത്തിയപ്പോള്‍ ഒരു വിഭാ?ഗം അഭിഭാഷകര്‍ തടഞ്ഞെന്ന് പൊലീസ് പറഞ്ഞിരുന്നു.

തുടര്‍ന്ന് പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയി. പ്രതിയുടെ ഭാര്യയെ ഇന്നലെ ചോദ്യം ചെയ്യാന്‍ വഞ്ചിയൂര്‍ പൊലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല. ബോധപൂര്‍വം സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നാണ് ബെയ്‌ലിന്‍ ദാസ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Similar News