തിരുപ്പതിയില്‍ രണ്ട് ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി; ഭീഷണി എത്തുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസം: അന്വേഷണത്തില്‍ സന്ദേശം വ്യാജമെന്ന കണ്ടെത്തല്‍; സന്ദേശം ലഭിച്ചത് ഡിഎംകെ നേതാവ് ജാഫര്‍ സാദിഖിന്റെയും പാകിസ്ഥാന്റെ ഐ.എസ്.ഐയുടെയും പേരില്‍: 50 വിമാനങ്ങള്‍ക്കും ഭീഷണി: തുടരെ തുടരെ ഉള്ള ബോംബ് ഭീഷണയില്‍ വലഞ്ഞ് പോലീസും

Update: 2024-10-28 03:49 GMT

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ രണ്ട് ഹോട്ടലുകള്‍ക്കും ഒരു ക്ഷേത്രത്തിനും നേരെ തീവ്രവാദ ഗ്രൂപ്പുകളുടെ പേരില്‍ വീണ്ടും ബോംബ് ഭീഷണി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഹോട്ടലുകള്‍ക്ക് ഭീഷണി ഇമെയിലുകള്‍ ലഭിക്കുന്നത്. നഗരത്തിലെ രണ്ട് ഹോട്ടലുകള്‍ക്കും വരദരാജ ക്ഷേത്രത്തിനും ബോംബുകള്‍ സ്ഥാപിച്ചതായി ഇമെയിലുകള്‍ ലഭിച്ചു. ഹോട്ടലുകളുടെയും ക്ഷേത്രത്തിന്റെയും മാനേജ്മെന്റ് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്നിഫര്‍ ഡോഗ്, ബോംബ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ നിയമപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

ഡിഎംകെ നേതാവ് ജാഫര്‍ സാദിഖിന്റെയും പാകിസ്ഥാന്റെ ഐ.എസ്.ഐയുടെയും പേരിലായിരുന്നു സന്ദേശങ്ങള്‍. ഹോട്ടലുകളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കാണിച്ച് രണ്ട് ഹോട്ടലുകളുടെ മാനേജ്മെന്റിന് ശനിയാഴ്ച ഇമെയില്‍ ലഭിച്ചിരുന്നു. പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിസരം വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് രണ്ട് ഹോട്ടലുകള്‍ക്ക് കൂടി ഇമെയിലുകള്‍ ലഭിച്ചു. ആദ്യമായി ടൗണിലെ ഒരു ക്ഷേത്രത്തിനും ബോംബ് ഭീഷണിയുണ്ടായി. വിശദമായ അന്വേഷണത്തിനൊടുവില്‍ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച ക്ഷേത്രനഗരിയിലെ മൂന്ന് ഹോട്ടലുകള്‍ക്ക് സമാനമായ ബോംബ് ഭീഷണി ഇമെയിലുകള്‍ വഴി ലഭിച്ചിരുന്നു. ഡി.എം.കെയുടെ ജാഫര്‍ സാദിഖിനെ അടുത്തിടെ അറസ്റ്റ് ചെയ്തതോടെ രാജ്യാന്തര സമ്മര്‍ദ്ദം ഉയര്‍ന്നതായി എല്ലാ ഇമെയിലുകളിലും പരാമര്‍ശിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ മുന്‍ അംഗമായ ജാഫര്‍ സാദിഖിനെ ഈ വര്‍ഷം ഫെബ്രുവരിയില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.

വിമാനങ്ങള്‍ക്കുപിന്നാലെ പ്രധാന നക്ഷത്രഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്കോട്ട്, ലഖ്‌നൗ എന്നിവിടങ്ങളിലെ 33 ഹോട്ടലുകള്‍ക്കാണ് ശനിയാഴ്ച ഭീഷണിസന്ദേശം വന്നത്. കൊല്‍ക്കത്തയിലെ പത്ത്, തിരുപ്പതിയിലെ മൂന്ന്, രാജ്കോട്ട്, ലഖ്‌നൗ എന്നിവിടങ്ങളിലെ പത്തുവീതം ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി വന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനദിവസമായിരുന്നു കൊല്‍ക്കത്തയിലെ ഹോട്ടലുകള്‍ക്ക് ഭീഷണി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നുംകണ്ടെത്താനായില്ല.

അതിനിടെ, കേന്ദ്രം സാമൂഹികമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കിയിട്ടും ഞായറാഴ്ച 50 വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായി. ഇതോടെ 14 ദിവസത്തിനിടെ 350 വിമാനങ്ങള്‍ക്കാണ് ഭീഷണിയെത്തിയത്. കൂടുതലും സാമൂഹികമാധ്യമ അക്കൗണ്ടുകള്‍വഴിയാണ്. ആകാശ എയറിന്റെ 15, ഇന്‍ഡിഗോയുടെ 18, വിസ്താരയുടെ 17 വിമാനങ്ങള്‍ക്കായിരുന്നു ഞായറാഴ്ച ബോംബ് ഭീഷണി. വ്യാജഭീഷണികളില്‍ അന്വേഷണം ഗൗരവമായി നടക്കുന്നുണ്ടെന്നും ഇതിനായി 'എക്‌സി'ന്റെ സഹകരണം തേടിയെന്നും വ്യോമയാനമന്ത്രി കെ. രാംമോഹന്‍ നായിഡു പറഞ്ഞു.

കൊച്ചി വിമാനത്താവളത്തിലും ഇന്നലെ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായി. ഇന്‍ഡിഗോയുടെ കൊച്ചി-ഹൈദരാബാദ് വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. ഉച്ചയ്ക്ക് കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിമാനം ഹൈദരാബാദില്‍ ഇറങ്ങിയശേഷമാണ് വിമാനക്കമ്പനിയുടെ 'എക്‌സി'ലൂടെ ഭീഷണി കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് ലഭിക്കുന്നത്.

Tags:    

Similar News