വാട്ടര്‍ ലൈനുകളുടെ ജോയിന്റുകള്‍ ശരിയായി അടയ്ക്കാതിരുന്നാല്‍ വെള്ളം ചോര്‍ന്ന് വിമാനത്തിന്റെ ഇലക്ട്രോണിക് ഇക്വിപ്‌മെന്റ് ബേയിലേക്ക് എത്തിയോ? അപകടകാരണം പൈലറ്റുമാരുടെ വീഴ്ചയെന്ന കാരണം തള്ളുന്നത് പരാതിക്കാരുടെ അഭിഭാഷകന്‍; ഡ്രീംലൈനറില്‍ മുമ്പും സാങ്കേതിക പ്രശ്നം; അഹമ്മദാബാദ് ദുരന്തത്തില്‍ വീണ്ടും പുതിയ തിയറി!

Update: 2025-09-14 01:45 GMT

ന്യൂഡല്‍ഹി: ജൂണില്‍ നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ (എഐ 171) പൈലറ്റുമാരുടെ വീഴ്ചയോ സ്വയം സാബോട്ടാജോ കാരണമായെന്ന ആരോപണങ്ങളെ തള്ളി മരിച്ചവരുടെ കുടുംബങ്ങളുടെ അഭിഭാഷകന്‍. തെളിവുകളില്ലാതെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മരിച്ചവരെ അപമാനിക്കുന്നതാണ് 100-ലധികം കുടുംബങ്ങള്‍ക്കായി ബോയിങ്ങിനെതിരെ കേസ് തയ്യാറാക്കുന്ന അഭിഭാഷകന്‍ മൈക്ക് ആന്‍ഡ്രൂസ് പറഞ്ഞു. ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്നതിനു രണ്ട് മിനിറ്റ് കഴിയുന്നതിന് മുമ്പ് തന്നെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള മെഡിക്കല്‍ കോളേജ് കെട്ടിടത്തിലിടിച്ചാണ് ദുരന്തം ഉണ്ടാകുന്നത്. 229 യാത്രക്കാരും 12 ജീവനക്കാരും നിലത്ത് ഉണ്ടായിരുന്ന 19 പേരും മരിച്ചിരുന്നു. 52 ബ്രിട്ടീഷ് പൗരന്മാരും മരിച്ചിരുന്നു. ലെസ്റ്റര്‍ സ്വദേശി വിശ്വശ്കുമാര്‍ രമേഷ് മാത്രമാണ് ജീവനോട് എത്തിയത്.

ഡ്രീംലൈനറിനെ സംബന്ധിച്ച് മുന്‍പും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു, പ്രത്യേകിച്ച് വിമാനത്തിനുള്ളിലെ കുടിവെള്ള സംവിധാനം ചോര്‍ന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് സമീപം വെള്ളം എത്താനുള്ള അപകടം ഉണ്ടെന്ന് ആന്‍ഡ്രൂസ് പറഞ്ഞു. 2016 മുതല്‍ യുഎസ് എഫ്എഎ നല്‍കിയ മുന്നറിയിപ്പുകളും ബോയിംഗ് സര്‍വീസ് ബുള്ളറ്റിനുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ''വാട്ടര്‍ ലൈനുകളുടെ ജോയിന്റുകള്‍ ശരിയായി അടയ്ക്കാതിരുന്നാല്‍ വെള്ളം ചോര്‍ന്ന് വിമാനത്തിന്റെ ഇലക്ട്രോണിക് ഇക്വിപ്‌മെന്റ് ബേയിലേക്ക് എത്താം. അവിടെ വിമാനത്തിന്റെ പ്രധാന കമ്പ്യൂട്ടര്‍ സംവിധാനങ്ങളാണ്. വെള്ളം ഇവിടെയെത്തിയാല്‍ നേരിട്ട് ഉപകരണം നശിപ്പിക്കാതെ തന്നെ റീസെറ്റ് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതുവഴി എഞ്ചിന്‍ അടച്ച് പോകാം,'' ആന്‍ഡ്രൂസ് പറഞ്ഞു.

അഹമ്മദാബാദില്‍ രണ്ട് എഞ്ചിനുകളും ഒരേസമയം ശക്തി നഷ്ടപ്പെട്ടത് വെള്ളം ചോര്‍ച്ചയെന്നതാണ് ഏറ്റവും യുക്തിയുക്തമായ വിശദീകരണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അപകടത്തിന് ആറു ദിവസം മുമ്പാണ് എഫ്എഎ ഇത്തരം വെള്ളചോര്‍ച്ചയെ കുറിച്ച് നിര്‍ബന്ധ പരിശോധനാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. പൈലറ്റുകള്‍ തന്നെ ഇന്ധന സ്വിച്ച് ഓഫ് ചെയ്തെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 'കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിങ്ങില്‍ ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് 'നിങ്ങള്‍ എന്തിനാണ് ഓഫ് ചെയ്തത്' എന്ന് ചോദിക്കുന്നു. മറുപടി നല്‍കിയ പൈലറ്റ് അത് താന്‍ ചെയ്തിട്ടില്ലെന്ന് പറയുന്നു, എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുത്. ഇതാണ് പൈലറ്റുകളുടെ തെറ്റോ സ്വയം സാബോട്ടാജോ കാരണമായെന്ന ആശങ്കയ്ക്ക് വഴിവച്ചത്.

ആന്‍ഡ്രൂസ് ഇതില്‍ നിന്ന് വേഗത്തില്‍ നിഗമനത്തിലെത്തുന്നത് തെറ്റാണെന്ന് മുന്നറിയിപ്പു നല്‍കി. 'പൂര്‍ണമായ വിവരങ്ങളില്ലാതെ പൈലറ്റുകളെ കുറ്റപ്പെടുത്തുന്നത് അവരുടെ കുടുംബങ്ങള്‍ക്ക് വേദനാജനകമാണ്. ഞങ്ങള്‍ പറയുന്നത്, മുഴുവന്‍ തെളിവും പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നാണ്,' അദ്ദേഹം പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് പ്രധാന സാങ്കേതിക വിദഗ്ധര്‍ തന്റെ സംഘത്തെ സമീപിച്ചിട്ടുണ്ടെന്നും, ഇവര്‍ വിമാന വ്യവസായത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ളവരാണെന്നും ആന്‍ഡ്രൂസ് വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ വിവരങ്ങള്‍ ലഭിക്കാന്‍ അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്.

അത്ഭുതകരമായ രക്ഷപ്പെട്ട വിശ്വശ്കുമാറിന്റെ മൊഴിയും ശ്രദ്ധേയമാണ്. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ വിമാനത്തിനുള്ളിലെ ലൈറ്റുകള്‍ പച്ചയും വെളുപ്പും മാറിമറിഞ്ഞു തെളിഞ്ഞതായും, ഉടന്‍ തന്നെ വിമാനം നിയന്ത്രണം വിട്ട് കെട്ടിടത്തില്‍ ഇടിച്ചുവീണതായും അദ്ദേഹം പറഞ്ഞു. 'യാത്രക്കാരുടെ വിവരങ്ങളും, റാം എയര്‍ ടര്‍ബൈന്‍ എന്തുകൊണ്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ കാര്യങ്ങളും ലഭിച്ചാല്‍ യഥാര്‍ഥ കാരണം മനസിലാക്കാന്‍ കഴിയും,'' ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങള്‍ക്ക് സത്യാവസ്ഥ അറിയാനും ഇത്തരം അപകടം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും വേണ്ടിയാണ് നിയമപോരാട്ടം. ചിലര്‍ക്ക് നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

''വിമാന നിര്‍മ്മാതാക്കളെ കുറ്റം ഒഴിവാക്കാന്‍ അനുവദിക്കരുത്. വിമാനം വിറ്റത് ബോയിങ്ങാണെങ്കില്‍ ഡിസൈന്‍ പിഴവുകള്‍ക്കും ഉത്തരവാദിത്വം ബോയിങ്ങിനാണ്. സുരക്ഷാ മേല്‍നോട്ടവും സര്‍ട്ടിഫിക്കേഷനും കാര്യക്ഷമമായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്,'' ആന്‍ഡ്രൂസ് വ്യക്തമാക്കി. യഥാര്‍ഥ കാരണങ്ങള്‍ പുറത്തുവരുന്നത് വരെ കുടുംബങ്ങള്‍ കാത്തിരിക്കുമെന്ന്, എന്നാല്‍ അവരുടെ സഹനത്തിന് പരിധിയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News