അന്ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണത് മുംബൈയില്‍ നിന്നുള്ള വിമാനം; 164 പേരുടെ ജീവനെടുത്തത് വിമാനത്തിന്റെ കാലപ്പഴക്കം; അഹമ്മദബാദില്‍ ഇന്നുണ്ടായത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അപകടം; ഡിജിസിഎ അന്വേഷണം തുടങ്ങി; ബോയിങ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥ
ബോയിങ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥ
അഹമ്മദാബാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണ് അഹമ്മദബാദിലേത്. ഇതിന് മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം. എയര്‍ ഇന്ത്യയുടെ ഐ.എക്സ് 344 ദുബായ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനാപകടമുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്. 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1988 ഒകബോര്‍ 19-ന് ആയിരുന്നു വിമാനത്താവളത്തിന് സമീപം അപകടമുണ്ടായത്. അന്ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ AI 113 വിമാനമാണ് അപകടത്തില്‍ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തില്‍പ്പെട്ട് ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഇത്തവണയുണ്ടായ അപകടത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൊത്തം വിമാനാപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ 65 വര്‍ഷത്തിനിടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര് ഇതുവരെ മരണമടയുകയും ചെയ്തു.
സുരക്ഷിതമോ ബോയിങ് വിമാനങ്ങള്‍?
242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം (ബോയിങ് 787-8 ഡ്രീംലൈനര്‍) തകര്‍ന്നു വീണുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ടേക്ക് ഓഫിനിടെ എയര്‍ ഇന്ത്യ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ബോയിങ് വിമാനങ്ങളുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ അപകട സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയയില്‍ ബോയിങ് 737 വിമാനം ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 179 പേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം സംഭവിച്ച് വെറും ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ വീണ്ടുമൊരു ബോയിങ് വിമാനം തകര്‍ന്നുവീണ് മറ്റൊരു വലിയ അപകടമുണ്ടായിരിക്കുന്നത്. അപകടത്തിന്റെ ഭയാനാകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2018 ഒക്ടോബറില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ബോയിങിന്റെ ലയണ്‍ എയര്‍ 610 എന്ന വിമാനം ജാവ കടലില്‍ പതിച്ചിരുന്നു. ഈ അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്ന 189 പേരും മരിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 2019 മാര്‍ച്ചില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 302 (ബോയിങ് 737 മാക്സ്), അഡിസ് അബാബയില്‍ നിന്ന് പുറപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 157 യാത്രക്കാരും ജീവനക്കാരും മരിച്ചു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അന്ന് ബോയിങ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, അഹമ്മദാബാദിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് വിമാനങ്ങളുടെ കാര്യക്ഷമതയും സുരക്ഷിതത്വവും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.
വിമാനം വീണ് കത്തിയതായി ദൃക്സാക്ഷികള്‍
232 യാത്രക്കാരും 12 ജീവനക്കാരുമായി ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ താഴേക്ക് പതിച്ച് തീപിടിച്ച് കത്തിയത്. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 133 പേരാണ് മരണമടഞ്ഞത്. അപകട കാരണം കണ്ടെത്താന്‍ ഡിജിസിഎ അന്വേഷണം തുടങ്ങി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്ററിഗേഷന്‍ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു.
രാജ്യത്തെ നടുക്കിയ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി വ്യോമയാന മന്ത്രി റാംമോഹന് നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ അഹമ്മദാബാദിലേക്ക് തിരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി അപകടസ്ഥലത്തേക്കെത്തുന്നത്. വിമാനാപകടത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി , ആഭ്യന്തര മന്ത്രി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ എന്നിവരുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദ്ദേശിച്ചു.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് പറന്നുയരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 232 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 110 പേര് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഉച്ചയോടെയാണ് അപകടമുണ്ടായത്. ടേക് ഓഫ് ചെയ്ത് 5 മിനിട്ടിന് ഉള്ളില്‍ തന്നെ വിമാനം തകര്‍ന്ന് വീണു. 625 അടി ഉയരത്തില്‍ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികള്‍ വിശദീകരിക്കുന്നു. സ്ഥലത്ത് മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു. വിമാനത്താവളം അടച്ച് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
രാജ്യത്തെ പ്രധാന വിമാനാപകടങ്ങള്‍
1962 ജൂലായ് 21 : സിഡ്നിയില്‍ നിന്നുള്ള അലിറ്റാലിയ 771 വിമാനം മുംബൈയ്ക്ക് 84 കി.മി വടക്ക് കിഴക്ക് കുന്നില്‍ തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 94 പേരും മരിച്ചു.
1966 ഫെബ്രുവി 7 : ജമ്മുകശ്മീരിലെ ബനിഗല്‍ പാസില്‍ ഫോക്കര്‍ ഫ്രണ്ട്ഷിപ്പ് വിമാനം തകര്‍ന്ന് വീണ് 39 മരണം
1970 ഓഗസ്റ്റ്റ് 29:അസമിലെ സില്‍ചറില്‍ വിമാനം തകര്‍ന്ന് വീണ് 39 മരണം
1972 ഓഗസ്റ്റ് 11: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫോക്കര്‍ ഫ്രണ്ട് ഷിപ്പ് വിമാനം തകര്‍ന്ന വീണ് 18 മരണം
1973 മേയ് 31 : ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം ദില്ലിയില്‍ തകര്‍ന്ന് വീണ് കേന്ദ്ര ഉരുക്ക് ഖന മന്ത്രി മോഹന്‍ കുമാരമംഗലമടക്കം 48 മരണം
1976 ഒക്ടോബര്‍ 12 : ബോംബെയില്‍ നിന്ന് മദിരാശിക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കാരവല്‍ വിമാനം സാന്താക്രൂസ് വിമാനത്താവളത്തില്‍ തീപിടിച്ച് തകര്‍ന്ന് മലയാളികളടക്കം 95 മരണം. ഇതിലാണ് നടി റാണി ചന്ദ്രയും അമ്മയും കൊല്ലപ്പെട്ടത്.
1978 നവംബര്‍ 19: ജമ്മു കശ്മീരിലെ ലേയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് 79 മരണം
1988 ഒക്ടോബര്‍ 19 : മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ 113 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ തകര്‍ന്ന് വീണ് 131 മരണം.
1990 ഫെബ്രുവരി 14 : മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ബെംഗളൂരുവില്‍ തകര്‍ന്ന് വീണ് 92 മരണം
1991 മാര്‍ച്ച് 25 : ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തില്‍ വ്യോമസേനയുടെ ആപ്രോ എച്ച്.എസ് 748 വിമാനം തകര്‍ന്ന് 28 മരണം
1991 ഓഗസ്റ്റ് 16 : കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ-737 വിമാനം ഇംഫാലിനടുത്ത് തകര്‍ന്ന് 69 മരണം.
1993 ഏപ്രില്‍ 26 : ഔറംഗബാദില്‍ ഇന്ത്യന്‍ എയന്‍ലൈന്‍സിന്റെ ബോയിങ്, ചികല്‍ത്താന വിമാനത്താവളത്തിനടുത്ത് തകര്‍ന്ന് വീണ് 56 മരണം
1996 നവംബര്‍ 30: അലയന്‍സ് എയറിന്റെ ചെന്‍യാത്രാവിമാനം കൊച്ചി നാവികസേനാ കേന്ദ്രത്തിലെ വര്‍ക്ക്ഷോപ്പിന് മുകളില്‍ തകര്‍ന്ന് വീണ് 68 മരണം
1998 നവംബര്‍ 12 : ഹരിയാണയിലെ ഝാഗറിയല്‍ സൗദി എയര്‍വേയ്സിന്റെ 747 ബോയിങ് വിമാനവും കസാഖ് എയര്‍ബേയ്സിന്റെ ടു.യു-154 വിമാനവും കൂട്ടിയിടിച്ച് മലയാളികള്‍ ഉള്‍പ്പെടെ 351 പേര് മരിച്ചു.
2000 ജൂലായ് 17 : പട്ന വിമാനത്താവളത്തിനടുത്ത് അലയന്‍സ് എയറിന്റെ ബോയിങ് വിമാനം തകര്‍ന്ന് വീണ് 56 മരണം
2010 മേയ് 22 : ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിമാനം മംഗലാപുരം ബജ്പേ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക്് വീണ് തീപിടിച്ച് 158 പേര് മരിച്ചു.
2011 മേയ് 26 : ഹരിയാണയിലെ ഹരീദാബാദില്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം.
2020 ഓഗസ്റ്റ് 7: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ ഐ.എക്സ് 344 ദുബായ്-കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 മരണം
2025 ജൂണ്‍ 12: അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക് എയര്‍ഇന്ത്യാ വിമാനം എ.ഐ 171 അഹമ്മദാബാദ് വിമാനത്താവളത്തി്ല്‍ തകര്‍ന്ന് വീണു.