വ്യാഴാഴ്ച ബര്‍മിങാമിലേക്ക് എത്തിയ എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് ആയുസിന്റെ ബലത്തില്‍; മഞ്ഞുമൂടിയ ആകാശത്തു കാഴ്ച തടസം വ്യക്തമായത് കവന്‍ട്രിക്ക് അടുത്ത് വിമാനം എത്തിയപ്പോള്‍; ഹീത്രോവിലേക്ക് പറക്കാന്‍ ആവശ്യമായ ഇന്ധനം പോലും തികഞ്ഞേക്കില്ലെന്ന സത്യം പൈലറ്റ് വെളിപ്പെടുത്തിയതോടെ വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്; എ ഐ 117 നടത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹസിക യാത്ര തന്നെ
എയര്‍ ഇന്ത്യയിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് ആയുസിന്റെ ബലത്തില്‍
ലണ്ടന്‍: വ്യാഴാഴ്ച അമൃത്സറില്‍ നിന്നും ബര്‍മിങാമിലേക്ക് പറന്ന എയര്‍ ഇന്ത്യ - എ ഐ 117 - വിമാനം യുകെയിലെ കാലാവസ്ഥ മാറ്റം കൃത്യമായി വിലയിരുത്താതെയും അധിക ഇന്ധനം നിറയ്ക്കാതെയും എത്തിയതിനെ തുടര്‍ന്ന് വിമാനം ആകാശത്തു നേരിട്ടത് അഗ്നിപരീക്ഷ. യുകെയിലെങ്ങും വ്യാപകമായി മഞ്ഞുവീഴ്ച ഉണ്ടാകും എന്ന് മുന്‍പേ കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നതിനാല്‍ വ്യാഴാഴ്ച ആകാശം പൂര്‍ണമായും മഞ്ഞുകണികകള്‍ നിറഞ്ഞ നിലയിലാണ് കാണപ്പെട്ടത്.
റോഡ് ഉപയോക്താക്കളായ വാഹന ഡ്രൈവര്‍മാര്‍ക്ക് പോലും ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തില്‍ ആകാശത്തു നിന്നും നോക്കിയാല്‍ ഭൂമിയിലെ ഒരു കാഴ്ചയും വ്യക്തത ഉള്ളത് ആയിരിക്കില്ല എന്ന റിസ്‌കിലേക്കാണ് പതിവുള്ള ഇന്ധനം മാത്രം നിറച്ചു എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാനം അമൃത്സറില്‍ നിന്നും ബര്‍മിങാമിലേക്ക് പറന്നെത്തിയത്. ഈ വിമാനത്തില്‍ മലയാളികള്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. അമൃത്സറിലേക്ക് കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കാത്തതിനാല്‍ ഈ വിമാനത്തില്‍ പൊതുവെ മലയാളികള്‍ യാത്ര ചെയ്യാറുമില്ല എന്ന് യുകെയിലെ പ്രധാന ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
പൈലറ്റിന്റെ ജാഗ്രതയും യാത്രക്കാരുടെ ആയുസും ചേര്‍ന്നപ്പോള്‍ എയര്‍ ഇന്ത്യ വിമാനം രക്ഷപെട്ടത് തലനാരിഴയ്ക്ക്
എന്നാല്‍ ലാന്‍ഡിംഗിന് മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് കവന്‍ട്രിക്ക് അടുത്ത് ലെമിങ്ടണ്‍ സ്പാ എത്തിയപ്പോള്‍ മുന്നിലെ കാഴ്ചകള്‍ ഒന്നും വ്യക്തമല്ലെന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുന്നത്. എന്നാല്‍ ലാന്‍ഡിംഗ് പ്രയാസം ആയിരിക്കുമെന്ന് ബര്‍മിങാം എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തിന് സന്ദേശം ലഭിക്കുന്നു. കനത്ത മഞ്ഞുവീഴ്ച മൂലം വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനാവാത്ത സാഹചര്യത്തില്‍ വിമാനത്താവളം അടയ്ക്കുന്നു എന്ന പ്രഖ്യാപനം എത്തുന്ന സമയത്താണ് എയര്‍ ഇന്ത്യ ലാന്‍ഡിംഗിംന് തയ്യാറായി വിമാനത്താവള പരിധിയിലേക്ക് എത്തുന്നത്.
എ ഐ 117 ലെ പൈലറ്റും വിമാനത്താവള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റും സ്ഥിതിഗതി വിലയിരുത്തുന്നതിനിടെ ഞെട്ടിക്കുന്ന വിവരവും കോക്പിറ്റില്‍ പൈലറ്റിന്റെ ശ്രദ്ധയിലെത്തി. വഴി തിരിച്ചു വിടുന്ന വിമാനത്തിന് ലണ്ടന്‍ ഹീത്രോ വരെ പറക്കാനാകുമെങ്കിലും അവിടെ എത്തുമ്പോഴേക്കും ഏതാനും മിനിറ്റ് നേരത്തേക്ക് പോലും ഗോ എറൗണ്ട് എന്നറിയപ്പെടുന്ന ചുറ്റിക്കറങ്ങലിനു പോലുമുള്ള ഇന്ധനം വിമാനത്തിലില്ല.
തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് ആവശ്യപ്പെട്ടാണ് വിമാനം ബര്‍മിങാമില്‍ നിന്നും ഹീത്രോ ലക്ഷ്യമാക്കി പറക്കുന്നത്. ഒരര്‍ത്ഥത്തില്‍ പൈലറ്റിന്റെ മികവും എയര്‍ ഇന്ത്യ യാത്രക്കാരുടെ ആയുസിന്റെ ബലവുമാണ് വിമാനത്തെ അന്ന് രക്ഷപ്പെടുത്തിയത്. മോശം കാലാവസ്ഥ പ്രതീക്ഷിക്കുന്ന വിന്റര്‍ ഫ്‌ളൈറ്റുകളില്‍ പോലും അധിക ഇന്ധനം നിറയ്ക്കാതെ റിസ്‌ക് എടുത്തു പറക്കുന്ന എയര്‍ ഇന്ത്യ ലോകത്തിനും യാത്രക്കാര്‍ക്കും നല്‍കുന്ന സന്ദേശം എന്തെന്നതാണ് ഇപ്പോള്‍ അവ്യക്തമായി തുടരുന്നത്. അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടര്‍ന്ന് യാത്രക്കാര്‍ ഉപേക്ഷിച്ച എയര്‍ ഇന്ത്യ തിരിച്ചു വരവിനു ഒരുങ്ങുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അധിക സൗജന്യങ്ങള്‍ നല്‍കി ഓഫറുകള്‍ പ്രഖ്യാപിക്കുന്ന സമയത്താണ് തികച്ചും നിരുത്തരവാദിത്ത സമീപനം ഉണ്ടായത് എന്നതാണ് ഞെട്ടിക്കുന്ന വിവരമായി ഇപ്പോള്‍ ഏവിയേഷന്‍ വെബ്‌സൈറ്റുകള്‍ പങ്കുവയ്ക്കുന്നത്.
മഞ്ഞും കൊടുംകാറ്റും ഉള്ള ദിവസത്തെ യാത്ര വിമാനം എത്തിയത് അളന്നു കുറിച്ച് നിറച്ച ഇന്ധനവുമായി, നിറയെ യാത്രക്കാരുമായി അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സാഹസിക യാത്രയുമായി എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍
വിമാനം വഴി തിരിച്ചു വിട്ട വിവരം ബ്രിട്ടനില്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും അപകടകരമായ നിലയില്‍ കുറഞ്ഞ ഇന്ധനവുമായാണ് വിമാനം ഹീത്രോവിലേക്ക് പറന്നെത്തിയത് എന്ന വിവരം മാധ്യമ റിപ്പോര്‍ട്ടുകള്‍ മറച്ചു വയ്ക്കുകയാണ്. യൂറോപ്പിലേക്കും മറ്റും ശൈത്യകാലത്തു പറക്കുന്ന വിമാനങ്ങള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ ദൂരം പറക്കാനാവശ്യമായ ഇന്ധനം കരുതണമെന്ന പ്രായോഗിക പാഠം മറന്നാണ് എ ഐ 117 അമൃത്സറില്‍ നിന്നും ബര്‍മിങാമിലേക്ക് എത്തിയതെന്ന് സാഹചര്യങ്ങള്‍ തന്നെ സാക്ഷിയാകുന്നു. പ്രത്യേകിച്ചും ഗൊരേറ്റി കൊടുങ്കാറ്റ് കൂടി പ്രവചിക്കപെട്ട ശേഷം ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പോടു കൂടി എത്തിയ യാത്ര വിമാനമാണ് ഇത്തരത്തില്‍ അടിയന്തിര സാഹചര്യത്തെ നേരിട്ടത് എന്നതും അമ്പരപ്പിക്കുകയാണ്.
വെറും അഞ്ഞൂറ് മീറ്റര്‍ മാത്രം കാഴ്ച പരിമിതിയുള്ള വ്യാഴാഴ്ചത്തെ അതി സങ്കീര്‍ണമായ കാലാവസ്ഥയോടെയാണ് ഈ വിമാനം ബര്‍മിങാം എയര്‍ പോര്‍ട്ടിലേക്ക് എത്തിയത്. എന്നാല്‍ ഗുരുതര സാഹചര്യം മുന്‍ നിര്‍ത്തി സാധാരണ ഉപയോഗിക്കുന്ന സ്‌ക്വക് 7700 എന്ന മുന്നറിയിപ്പ് ലാന്‍ഡിംഗ് സന്ദേശത്തോടെയാണ് എ ഐ 117 ലാന്‍ഡിംഗിന് തയ്യാറെടുത്തത്. അഞ്ഞൂറ് മീറ്റര്‍ കാഴ്ച പരിമിതി എന്നത് അന്താരാഷ്ട്ര ഏവിയേഷന്‍ രംഗത്തെ ഏറ്റവും ചുരുങ്ങിയ കാഴ്ച ദൂരവുമാണ്. ഇതില്‍ കുറഞ്ഞ കാഴ്ചയുമായി സാധാരണ ഒരു യാത്ര വിമാനത്തിന് ലാന്‍ഡിംഗ് അപകടം നിറഞ്ഞ സാഹചര്യവുമാണ്. എന്നാല്‍ ബര്‍മിങാം എയര്‍പോര്‍ട്ട് അടയ്ക്കാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കവന്‍ട്രിയിലെ ലെമിങ്ടന്‍ സ്പായുടെ ആകാശത്തു വച്ചാണ് എയര്‍ ഇന്ത്യ വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നിഷേധിച്ച് ലണ്ടനിലേക്ക് പറക്കാന്‍ നിര്‍ദേശം ലഭിക്കുന്നത്.
ആ ഘട്ടത്തില്‍ മിനിമം ഫ്യൂല്‍ എന്ന അടിയന്തിര സന്ദേശവുമായി ലണ്ടന്‍ ഹീത്രൂ ലക്ഷ്യമാക്കി പറക്കുക എന്ന ഒരൊറ്റ ഓപ്ഷന്‍ മാത്രമേ എ ഐ 117 വിമാനത്തിന് ഉണ്ടായിരുന്നുള്ളൂ. ചുരുക്കത്തില്‍ ഹീത്രോ വരെ എത്താനാവശ്യമായ ഇന്ധനം മാത്രം. വ്യോമയാന രംഗത്തുള്ളവരുടെ ഭാഷയില്‍ ഒരു വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡിംഗ് നടത്താന്‍ ആവശ്യമായ ഇന്ധനം ആ വിമാനത്തില്‍ ഉണ്ടായിരുന്നില്ല എന്ന വിവരം കൂടിയാണ് പല ഏവിയേഷന്‍ വെബ് സൈറ്റുകളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കാരണത്താലാണ് ആ വിമാനത്തിലെ യാത്രക്കാരുടെ ആയുസിന്റെ ബലത്തില്‍ മാത്രമാണ് ആ വിമാനത്തില്‍ നിന്നും ജീവനോടെ പുറത്തിറങ്ങാന്‍ ആയതെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്നത്. ഹീത്രോവിലും മഞ്ഞുവീഴ്ച ഏകദേശം സമാനമായ സാഹചര്യത്തിലേക്ക് എത്തുക ആയിരുന്നെങ്കിലും കൂടുതല്‍ നീളമുള്ള റണ്‍വേയും അടിയന്തിര ലാന്‍ഡിംഗ് കൂടുതല്‍ സുരക്ഷിതവും ആയിരിക്കും എന്ന ചിന്തയിലാണ് കുറഞ്ഞ ഇന്ധനത്തിലും വിമാനത്തിന് ഹീത്രോവിലേക്ക് പറക്കാന്‍ വഴി ഒരുക്കിയത്.
നിറയെ യാത്രക്കാരുള്ള ഒരു വിമാനത്തിന് സംഭവിക്കാവുന്നതില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു യാത്രയാണ് ആ വിമാനം ഇക്കഴിഞ്ഞ വ്യാഴാഴ്ച ലെമിങ്ടന്‍ സ്പാ മുതല്‍ ഹീത്രോ വരെ നടത്തിയത്. ഇതോടെ ഹീത്രോവിലേക്ക് എത്തുന്ന മറ്റേതു വിമാനത്തിനും നല്‍കാത്ത പരിഗണനയോടെയാണ് അടിയന്തിര ലാന്‍ഡിംഗിന് ഹീത്രോ എയര്‍പോര്‍ട്ടില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഒരുക്കിയത്. ഹീത്രോവിലെ ഏറ്റവും നീളം കൂടിയ റണ്‍വേ തന്നെയാണ് എ ഐ 117 നു വേണ്ടി അധികൃതര്‍ ഒരുക്കി വച്ചത്. ഒപ്പം കാറ്റഗറി മൂന്നു എന്നറിയപ്പെടുന്ന അടിയന്തിര സാഹചര്യം തരണം ചെയ്യാനാവശ്യമായ എല്ലാ സുരക്ഷയും ഒരുക്കിയുള്ള കാത്തിരിപ്പാണ് ലെമിങ്ടന്‍ ആകാശപരിധിയില്‍ നിന്നും ഹീത്രോ ലക്ഷ്യമാക്കി പറന്ന ആ വിമാനത്തെ കാത്തിരുന്നത്. ആ രാത്രി ബിര്‍മിങ്ഹാം ലക്ഷ്യമാക്കി എഡിന്‍ബറോ, ബെല്‍ഫാസ്റ്റ്, പാരീസ്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നിന്നൊക്കെ വിമാനങ്ങള്‍ എത്തിയെങ്കിലും എയര്‍ ഇന്ത്യ വിമാനത്തിന് സംഭവിച്ചത് പോലെ ഒരു എമര്‍ജന്‍സി ലാന്‍ഡിംഗ് മറ്റൊരു വിമാനത്തിനും വേണ്ടി വന്നില്ല.
