അഹമ്മദാബാദ് എയര്‍ഇന്ത്യാ അപകടത്തിലേക്ക് നയിച്ചത് വിമാന നിര്‍മാതാക്കളുടെ അശ്രദ്ധ; ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ് ഫയല്‍ ചെയ്തു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍; വിമാനത്തിന്റെ രൂപകല്‍പ്പനയുടെ അപകട സാധ്യതയെ കുറിച്ച് അറിഞ്ഞിട്ടും ഒന്നും ചെയ്തില്ലെന്ന് ആക്ഷേപം

അഹമ്മദാബാദ് എയര്‍ഇന്ത്യാ അപകടത്തിലേക്ക് നയിച്ചത് വിമാന നിര്‍മാതാക്കളുടെ അശ്രദ്ധ

Update: 2025-09-19 05:15 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ എയ്‌റോസ്‌പേസ് കമ്പനികളായ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. അപകടത്തില്‍ മരിച്ച നാല് യാത്രക്കാരുടെ കുടുംബങ്ങളാണ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗിനും വിമാന പാര്‍ട്‌സ് നിര്‍മ്മാതാക്കളായ ഹണിവെല്ലിനുമെതിരെ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തത്.

കമ്പനികളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. ഇന്ധന സ്വിച്ചുകളുടെ തകരാറാണ് അപകടത്തിന് കാരണമെന്നും വിമാനത്തിന്റെ രൂപകല്‍പ്പനയുടെ അപകടസാധ്യതകളെക്കുറിച്ച് അറിഞ്ഞിട്ടും കമ്പനികള്‍ 'ഒന്നും ചെയ്തില്ല എന്നുമാണ് അവര്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ജൂണിലാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ ഫ്ൈളറ്റ് 171, ബോയിംഗ് 787, പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. അപകടത്തില്‍ 260 പേര്‍ മരിച്ചിരുന്നു. വിമാനം പറയന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എഞ്ചിനുകളിലേക്കുള്ള ഇന്ധനം വിച്ഛേദിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ധന സ്വിച്ചുകള്‍ അന്വേഷകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു.

ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സുരക്ഷിതമാണെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബോയിംഗ് വിമാനക്കമ്പനി ഇക്കാര്യത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. അപകടത്തെക്കുറിച്ചുള്ള ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലേക്കാണ് കമ്പനി വിരല്‍ ചൂണ്ടുന്നത്.

787 ഡ്രീംലൈനറും അതിന്റെ ഘടകങ്ങളും വികസിപ്പിച്ച് വില്‍പ്പന ആരംഭിച്ചത് മുതല്‍, അപകട സാധ്യതയെക്കുറിച്ച് രണ്ട് സ്ഥാപനങ്ങള്‍ക്കും അറിയാമായിരുന്നുവെന്ന് കേസ് ആരോപിക്കുന്നു. ഇന്ധന സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനം അബദ്ധത്തില്‍ നീക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറഞ്ഞത്. എയര്‍ ഇന്ത്യ ഫ്ലൈറ്റ് 171 ന്റെ കാര്യത്തില്‍, സ്വിച്ച് 'റണ്‍' എന്ന സ്ഥാനത്ത് നിന്ന് 'കട്ട്-ഓഫ് എന്ന സ്ഥാനത്തേക്ക് മാറ്റിയെന്നും ഇത് വിമാനത്തിന്റെ ത്രസ്റ്റ് തടസ്സപ്പെടുത്തിയെന്ന് എ.എ.ഐ.ബിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഇത് ഒരു ഡിസൈന്‍ 'പിഴവ്' ആണെന്നും അത് 'ഇന്ധന വിതരണം അബദ്ധവശാല്‍ നിര്‍ത്തലാക്കാനും വിമാനം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ ത്രസ്റ്റ് പൂര്‍ണ്ണമായും നഷ്ടപ്പെടാനും' ഇടയാക്കിയെന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു. അനിവാര്യമായ ദുരന്തം തടയാന്‍ ഹണിവെല്ലും ബോയിംഗും ഒന്നും ചെയ്തില്ല എന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

സ്വിച്ചുകള്‍ക്ക് പരിശോധനയും അറ്റകുറ്റപ്പണിയും ആവശ്യമാണെന്ന് എയര്‍ലൈനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ കമ്പനികള്‍ പരാജയപ്പെട്ടതായും അവര്‍ വാദിക്കുന്നു. അപകടത്തെക്കുറിച്ച് കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിമാനം തകര്‍ന്നപ്പോള്‍ 229 യാത്രക്കാരും 12 ക്യാബിന്‍ ക്രൂവും നിലത്തുണ്ടായിരുന്ന 19 പേരുമാണ് മരിച്ചത്.

Tags:    

Similar News