ജിദ്ദയില്‍ നിന്നും പറന്നുയര്‍ന്നപ്പോള്‍ തന്നെ വിമാനത്തിന് കുലുക്കം; കരിപ്പൂരിലെ ടേബിള്‍ ടോപ്പിന്റെ 'റിസ്‌ക്' തിരിച്ചറിഞ്ഞ് നടത്തിയത് നിര്‍ണ്ണായക നീക്കം. പൈലറ്റിന്റെ മനക്കരുത്തില്‍ ഒഴിവായത് വന്‍ ദുരന്തം; സിയാലില്‍ 'ഫുള്‍ എമര്‍ജന്‍സി'; റണ്‍വേയില്‍ സജ്ജമായി ഫയര്‍ ഫോഴ്‌സും ആംബുലന്‍സുകളും; ആകാശത്ത് നടുക്കം; റണ്‍വേയില്‍ നെഞ്ചിടിപ്പ്; കൊച്ചിയിലേത് അത്ഭുത വിമാന രക്ഷപ്പെടല്‍
കൊച്ചി: ആകാശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങളായിരുന്നു. കരിപ്പൂരിലേക്ക് വരേണ്ട വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി. ടയറുകള്‍ തകര്‍ന്ന് ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വന്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കായിരുന്നു. ജിദ്ദയില്‍ നിന്നും പറന്നുയര്‍ന്ന 160 യാത്രക്കാരുമായി എത്തിയ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത് പൈലറ്റിന്റെ മനക്കരുത്തിലും. കൊച്ചി വിമാനത്താവളത്തില്‍ പൂര്‍ണ്ണ സജ്ജമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി റണ്‍വേയില്‍ ഫയര്‍ ഫോഴ്‌സും ആംബുലന്‍സുകളും ജാഗ്രതയോടെ നിരന്നു. ഒടുവില്‍ എല്ലാം പൈലറ്റ് മനസ്സില്‍ കണ്ടതു പോലെ നടന്നു.
ആകാശത്ത് വെച്ച് ലാന്‍ഡിംഗ് ഗിയറിന് തകരാര്‍ സംഭവിക്കുകയും രണ്ട് ടയറുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് 160 യാത്രക്കാരുമായി കോഴിക്കോട് കരിപ്പൂരിലേക്ക് വരികയായിരുന്നു വിമാനം. വ്യാഴാഴ്ച രാവിലെ 9.07-ഓടെയാണ് കൊച്ചി വിമാനത്താവളത്തില്‍ 'ഫുള്‍ എമര്‍ജന്‍സി' പ്രഖ്യാപിച്ച് വിമാനം ഇറക്കിയത്. അടിയന്തരമായി ലാന്‍ഡ് ചെയ്തത് നാടകീയമായ രംഗങ്ങള്‍ക്കൊടുവിലായിരുന്നു. ജിദ്ദയില്‍ നിന്ന് കോഴിക്കോട് കരിപ്പൂരിലേക്ക് വരേണ്ട വിമാനമാണ് ലാന്‍ഡിംഗ് ഗിയറിന്റെ തകരാര്‍ മൂലം കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു.
ജിദ്ദയില്‍ നിന്ന് പറന്നുയരുന്ന സമയത്തോ അല്ലെങ്കില്‍ യാത്രാമധ്യേയോ വിമാനത്തിന്റെ ടയര്‍ തകര്‍ന്നതായി പൈലറ്റിന് സംശയം തോന്നിയതാണ് വലിയ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കരിപ്പൂര്‍ വിമാനത്താവളം ഒരു ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍, തകരാറുള്ള വിമാനം അവിടെ ഇറക്കുന്നത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ പൈലറ്റ് ഉടന്‍ തന്നെ കൊച്ചി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായതിനാല്‍ പൂര്‍ണ്ണ സജ്ജമായ സുരക്ഷാ സംവിധാനങ്ങളുള്ള കൊച്ചി തന്നെ പൈലറ്റ് തിരഞ്ഞെടുക്കുകയായിരുന്നു. അത് നിര്‍ണ്ണായകമായി.
വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുന്നു എന്ന സന്ദേശം ലഭിച്ച ഉടന്‍ സിയാല്‍ അടിയന്തര പ്രോട്ടോക്കോള്‍ നിലവില്‍ വരുത്തി. എയര്‍പോര്‍ട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, മെഡിക്കല്‍ സംഘങ്ങള്‍, സിഐഎസ്എഫ് തുടങ്ങിയവര്‍ റണ്‍വേയില്‍ നിലയുറപ്പിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. വിമാനം സുരക്ഷിതമായി റണ്‍വേയില്‍ തൊട്ടതോടെ യാത്രക്കാരും അധികൃതരും ആശ്വാസത്തിന്റെ നിശ്വാസമുതിര്‍ത്തു. ടയറുകള്‍ തകര്‍ന്നിരുന്നതിനാല്‍ വിമാനം ടാക്‌സി ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടായെങ്കിലും വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം റണ്‍വേ പിന്നീട് സാധാരണ നിലയിലായി.
യാത്രക്കാര്‍ക്കായി വിമാനത്താവളത്തില്‍ വിശ്രമ സൗകര്യങ്ങളും ലഘുഭക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവരെ റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ എന്തെങ്കിലും വസ്തുക്കള്‍ ഇടിച്ചതാകാം ടയറുകള്‍ തകരാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു. സംഭവത്തില്‍ ഡിജിസിഎ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 1.15-ന് പറന്നുയര്‍ന്നപ്പോള്‍ തന്നെ വിമാനത്തിന് അസാധാരണമായ കുലുക്കവും വലിയ ശബ്ദവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
'ടേക്ക് ഓഫിനിടെ തന്നെ പിന്‍ഭാഗത്ത് എന്തോ തകരാറുള്ളത് പോലെ തോന്നിയിരുന്നു. ലാന്‍ഡിംഗിന് പത്ത് മിനിറ്റ് മുന്‍പാണ് കൊച്ചിയിലേക്ക് തിരിച്ചുവിടുന്നതായും എമര്‍ജന്‍സി ലാന്‍ഡിംഗ് ആണെന്നും അറിയിച്ചത്,' യാത്രക്കാര്‍ പറയുന്നു. ടയറുകള്‍ തകര്‍ന്നിരുന്നതിനാല്‍ ലാന്‍ഡിംഗ് അല്പം പരുക്കന്‍ ആയിരുന്നുവെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരായി. ലാന്‍ഡിംഗിന് ശേഷം നടത്തിയ പരിശോധനയില്‍ രണ്ട് ടയറുകളും പൊട്ടിത്തെറിച്ച നിലയിലായിരുന്നു.
