പണി കൊടുക്കാന്‍ കാത്തിരുന്ന പിണറായിയുടെ കക്ഷത്തില്‍ കൊണ്ട് തലവച്ച് കൊടുത്ത് അഖില്‍ മാരാര്‍; പ്രസ്താവന അനൗചിത്യമുള്ളതെങ്കിലും കേസെടുത്തത് നിയമം ലംഘിച്ച്; സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമത്തില്‍ പറഞ്ഞിട്ടും മാരാര്‍ക്കെതിരെ ചുമത്തിയത് ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പ്

പണി കൊടുക്കാന്‍ കാത്തിരുന്ന പിണറായിയുടെ കക്ഷത്തില്‍ കൊണ്ട് തലവച്ച് കൊടുത്ത് അഖില്‍ മാരാര്‍

Update: 2025-05-14 09:25 GMT

കൊല്ലം: ഇടതുപക്ഷത്തിന്റെ നിശിഥ വിമര്‍ശകനായാണ് ബിഗ് ബോസ് താരം അഖില്‍ മാരാര്‍ പൊതുവേ അറിയിപ്പെടുന്നത്. കടുത്ത സിപിഎം വിമര്‍ശനങ്ങളുടെ പേരില്‍ പ്രതികാര നടപടികളും നേരിടേണ്ടി വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിക്കുന്ന കാര്യത്തില്‍ കണക്കുചോദിച്ചതിന്റെ പേരില്‍ കടുത്ത സൈബര്‍ അധിക്ഷേപങ്ങളും നിയമ നടപടികളും നേരിടേണ്ടി വന്നിരുന്നു. ഇതിനെയെല്ലാം നേരിട്ട അഖില്‍ മാരാര്‍ ഇപ്പോള്‍ വിവാദത്തില്‍ ചാടിയത് ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷ സാഹചര്യത്തില്‍ നടത്തി വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ്. ബിജെപിയാണ് മാരാര്‍ക്കെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

സമൂഹമാധ്യമം വഴി ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബി.ജെ.പി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നല്‍കിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ഇന്ത്യ - പാകിസ്താന്‍ ഏറ്റുമുട്ടലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഖില്‍ മാരാര്‍ സാമൂഹിക മാധ്യമത്തില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു ഈ വിഡിയോയിലെ ഉള്ളടക്കത്തില്‍ രാജ്യവിരുദ്ധ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാതി.

യുദ്ധം അവസാനിപ്പിക്കണമെന്നതിന് യാതൊരു തര്‍ക്കവും വേണ്ട. എന്നാലത് ആത്മാഭിമാനം അമേരിക്കക്ക് പണയം വെച്ചിട്ടാവരുതെന്ന് അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. യുക്രെയ്ന്‍ പോലൊരു രാജ്യം പോലും അമേരിക്ക പറഞ്ഞത് കേട്ടില്ല. ഇവിടെ ഇപ്പോഴും സായിപ്പിന്റെ ഓശാന കേട്ട് ജീവിക്കുന്ന ഭരണാധികാരി ആയിപ്പോയി. മര്യാദക്ക് ഇരുന്നില്ലെങ്കില്‍ നിന്നെയൊക്കെ തീര്‍ത്തു കളയും ആ ഭീഷണിയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയണമെന്നും അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

വിവാദ പോസ്റ്റിന്റെ പേരില്‍ ബിഎന്‍എസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് മാരാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ഇത്രയും കടുപ്പമുള്ള വകുപ്പ് ചുമത്തിയത് നിയമവിരുദ്ധമാണെന്ന ആഭിപ്രായങ്ങള്‍ അടക്കം ഉയരുന്നുണ്ട് താനും. ജീവപര്യന്തമോ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷയോ വരുന്ന കുറ്റങ്ങളാണ് ബിഎന്‍എസ് 152ല്‍ പറയുന്നത്. പിണറായി സര്‍ക്കറിന്റെ നോട്ടപ്പുള്ളി ആയതു കൊാണ്ടാണ് മാരാര്‍ക്കെതിരെ ബിജെപിയുടെ പരാതി ആയുധമാക്കി കേസെടുത്തതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

അതേസയമയം തനിക്കെതിരെ കേസെടുത്തതില്‍ നിലപാട് പറഞ്ഞ് അഖില്‍ വീണ്ടും രംഗത്തുവന്നു. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഭാരത സൈന്യം പാകിസ്താനെ ഇല്ലാതാക്കുമെന്നും ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആയി ലോകത്തില്‍ മാറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് ഇന്ത്യ പാകിസ്ഥാന്‍ വിഷയത്തില്‍ ഇടപെട്ടു.. US President Donald Trump - 'I told India and Pakistan that if you STOP the war, we will do trade, a lot of trade with you, if you don't, we will not TRADE, all of a sudden, they STOPPED.'

സദാ സമയവും മൈ ഫ്രണ്ട് എന്ന് പൊക്കി കൊണ്ട് നടന്ന ട്രമ്പിന്റെ താല്പര്യങ്ങള്‍ക്ക് മോദി വഴങ്ങിയോ എന്ന സംശയമാണ് മോദിയെയും അമേരിക്കയ്ക്ക് കൃത്യമായ മറുപടി നല്‍കിയ ഇന്ദിരാ ഗാന്ധിയെയും താരതമ്യം ചെയ്തു ഞാന്‍ എഴുതിയത്...

ഈ നിമിഷം വരെയും ഇന്ത്യ പാകിസ്ഥാന്‍ പ്രശ്‌നം പരിഹരിച്ചത് അമേരിക്ക ആണെന്ന ട്രമ്പിന്റെ പ്രസ്താവനയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി രാജ്യത്തിന്റെ അഭിമാനം ലോകത്തിനു മുന്നില്‍ ഉയര്‍ത്തി പിടിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല...പകരം മൂന്നാം കക്ഷി ഇല്ല എന്ന ഫോറിന്‍ പോളിസി പറഞ്ഞു പോകുകയാണ് ചെയ്തത്..ചില മാധ്യമങ്ങള്‍ പ്രമുഖര്‍ എന്ന് വാര്‍ത്ത കൊടുക്കും പോലെ...

അമേരിക്കയും ട്രമ്പും ഇടപെട്ടിട്ടില്ല എന്ന് മോദി പറയാത്ത കാലത്തോളം ലോകം ഇത് അമേരിക്കയുടെ നയ തന്ത്ര വിജയമായി കാണും.. ഇരയാക്കപ്പെട്ട രാജ്യത്തിനും വേട്ടക്കാരനും തുല്യ നീതിയോ.. എന്ത് ധാരണയുടെ പുറത്താണ് നമ്മള്‍ പിന്മാറിയത്... ഇതൊന്നും ഈ രാജ്യത്തെ പൗരന്മാരെയോ ലോകത്തെയോ അറിയിക്കാനുള്ള ബാധ്യത പ്രധാന മന്ത്രിക്കില്ലേ..?

അത് കൊണ്ട് തന്നെ അഭിമാനകരമായ നേട്ടം എന്ന ബിജെപി പ്രചാരണത്തോട് യോജിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.. ഞാന്‍ എന്റെ അഭിപ്രായം പങ്ക് വെച്ചപ്പോള്‍ ജനം ടി വിയുടെ അനില്‍ നമ്പ്യാര്‍ പരിഹാസരൂപേണ എഴുതിയ കുറിപ്പിന് നല്‍കിയ മറുപടിയില്‍ ബലൂചിസ്തനുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ഞാന്‍ പറഞ്ഞത് ശെരിയായില്ല എന്ന എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ലൈവ് ഡിലീറ്റ് ചെയ്തു.. എന്നാല്‍ എന്റെ പ്രൊഫൈലില്‍ ആദ്യം വന്ന ഫീഡ് സ്റ്റോറി ആയത് കൊണ്ട് ഡിലീറ്റ് ആയത് സ്റ്റോറി ആയിരുന്നു.. പിറ്റേ ദിവസവും പ്രൊഫൈലില്‍ ഈ വീഡിയോ കിടന്നപ്പോള്‍ ഞാനത് ഒഴിവാക്കി..

ഇന്നലെ വരെ ഇന്ത്യ പാകിസ്താനെ പരാജയപെടുത്തും pok തിരിച്ചു പിടിക്കും എന്നൊക്കെ മറ്റുള്ളവരെ വെല്ലുവിളിച്ചു നടന്ന ബിജെപിക്ക് അവരുടെ തലയ്ക്ക് കിട്ടിയ അടിയായി മാറി അമേരിക്കയുടെ വാക്ക് കേട്ട് തീരുമാനം എടുത്ത മോദിയുടെ നിലപാട്..

POK തിരിച്ചു പിടിക്കും എന്ന മുന്‍ നിലപാടില്‍ നിന്നും ബിജെപി പിന്നോട്ട് പോയോ എന്ന സംശയവും ഇവര്‍ക്കുണ്ടായി.. അത് കൊണ്ട് തന്നെ ഇന്ദിരാ ഗാന്ധി മോദിയെക്കാള്‍ പവര്‍ഫുള്‍ ആയിരുന്ന എന്ന എന്റെ വാക്കുകള്‍ അവരെ ഭ്രാന്ത് പിടിപ്പിച്ചു.. ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും എന്നിലൂടെ നാല് പേര്‍ക്കിടയിലും അറിയാന്‍ വേണ്ടിയും ബിജെപി എനിക്കെതിരെ നല്‍കിയ കേസില്‍ ജാമ്യം ഇല്ലാത്ത വകുപ്പില്‍ ആണ് ഏത് വിധേനയും എന്നെ കുടുക്കാന്‍ ഒരവസരം നോക്കി നിന്ന പോലീസ് കേസ് എടുത്തത്..

ഇന്നലെ വരെ ബലൂചിസ്ഥാന്‍ പാകിസ്താനെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പങ്ക് വെച്ച് അതിനും മോദിയുടെ ക്രെഡിറ്റ് പാടി നടന്ന സംഘ പരിവാര്‍ ഇപ്പോള്‍ ബലൂചിസ്ഥാനെ തള്ളി പറയുന്നത് പാകിസ്താനെ അവര്‍ ഇല്ലാതാക്കും എന്ന് പറഞ്ഞത് കൊണ്ടുള്ള വിഷമം ആവാം....

ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാല്‍ ബംഗ്ലാദേശിനെ സ്വാതന്ത്ര രാജ്യം ആവാം എന്ന ബലൂചിസ്ഥാനികളുടെ മോഹം പാഴായി പോയല്ലോ എന്ന കാര്യം ഇക്കാര്യത്തില്‍ മോദിയെ വിശ്വസിച്ച അവര്ക് പണി കിട്ടിയല്ലോ എന്ന സര്‍ക്കാസ രൂപേണ ഉള്ള വാചകം എനിക്ക് സംഭവിച്ച നാക്ക് പിഴയാണ് അതിന് മറ്റൊരു അര്‍ത്ഥവും ഇല്ല എന്ന് എന്നെ അറിയുന്ന ആര്‍ക്കും അറിയും..

രണ്ടായാലും ഇന്ത്യയില്‍ ദേശ സ്‌നേഹം എന്നത് മോദി, RSS സ്‌നേഹം

മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് എനിക്കെതിരെ ഉള്ള കേസ് നിയമപരമായി നേരിടാനുള്ള അവകാശം എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു... ബഹു കേരള ഹൈക്കോടതിയെ ഞാന്‍ സമീപിച്ചിട്ടുണ്ട്..

ജാമ്യം കിട്ടി കഴിഞ്ഞു സംസാരിക്കാനും വിമര്‍ശിക്കാനും അവകാശം ഈ രാജ്യത്ത് ഉണ്ടെങ്കില്‍ ഒരായിരം കേസ് എനിക്കെതിരെ കൊടുക്കാന്‍ കാത്തിരുന്നോ...?

പാക്കലാം...

ഭാരത് മാതാ കീ ജയ്

വന്ദേ മാതരം

ജയ് ഹിന്ദ്

Tags:    

Similar News