ഡ്രസ് അഴിച്ചു കഴുത്തില്‍ കുരിക്കിട്ട് ഷോക്കേല്‍ക്കുന്നില്ലെന്ന് ഉറപ്പിച്ച രക്ഷാപ്രവര്‍ത്തനം; റോഡില്‍ മരവും പോസ്റ്റും ഒടിഞ്ഞു കിടക്കുന്നത് കാണാത്തത് അപകടമായി; വലത്തേക്ക് വീണ അക്ഷയ് വൈദ്യുതി ലൈനില്‍ കുരുങ്ങി; ഇടത്തോട്ട് വീണ രണ്ടു പേര്‍ രക്ഷപ്പെട്ടു; ദ്രവിച്ച പോസ്റ്റും ലൈനിലേക്ക് ചാഞ്ഞ റബ്ബര്‍ മരവും വില്ലന്മാരായി; ഇതും കെ എസ് ഇ ബി അനാസ്ഥ; പനയംകോട്ടെ അക്ഷയുടെ മരണവും 'സിസ്റ്റം' അനാസ്ഥയുടെ ബാക്കി പത്രം
തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചത് വൈദ്യതി ലൈന്‍ കാലില്‍ തട്ടി. നെടുമങ്ങാട് പനയമുട്ടത്താണ് അപകടം നടന്നത്. അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരമൊടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനില്‍ നിന്നാണ് അക്ഷയ്ക്ക് വൈദ്യുതാഘാതമേറ്റത്. കാറ്ററിങ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കെ എസ് ഇ ബിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് സംഭവം. ലൈനിന് മുകളില്‍ നിന്ന മരം വെട്ടിമാറ്റാത്തതും കാലപ്പഴക്കം ചെന്ന പോസ്റ്റും അക്ഷയിന്റെ ജീവനെടുക്കാന്‍ കാരണമായി. രണ്ടു ദിവസം മുമ്പ് തേവലക്കരയില്‍ മിഥുന്‍ എന്ന കുട്ടിയുടെ മരണം വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥയായിരുന്നു. ഇതിന് പിന്നാലെയാണ് പനയംകോട്ടെ മരണവും. കെ എസ് ഇ ബി എന്ന സിസ്റ്റത്തിന്റെ അനാസ്ഥയാണ് ഇവിടേയും ചര്‍ച്ചയാകുന്നത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പനയമുട്ടം മുസ്ലീം പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടം നടന്നത്. പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്. ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നു. അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. മരിച്ച അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും അക്ഷയിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചതും. ഇവരില്‍ നിന്ന് നെടുമങ്ങാട് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വളരെ പഴക്കം ചെന്ന വൈദ്യുത പോസ്റ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാകാം മരമൊടിഞ്ഞ് വീണ് വൈദ്യുതി ലൈന്‍ പൊട്ടിവീഴാന്‍ കാരണമെന്നാണ് കരുതുന്നത്. അപകടം നടന്ന സ്ഥലത്ത് വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണിട്ടുണ്ട്.
മരം ഒടിഞ്ഞ് പോസ്റ്റില്‍ വീണതിനെ തുടര്‍ന്ന് പോസ്റ്റൊടിഞ്ഞ് വൈദ്യുതി കമ്പി പൊട്ടി റോഡില്‍ കിടക്കുകയായിരുന്നു. അക്ഷയ് ആണ് ബൈക്കോടിച്ചിരുന്നത്. പിരപ്പന്‍കോട് എന്ന സ്ഥലത്തെ കല്യാണത്തിന്റെ കാറ്ററിംഗ് ജോലിക്ക് പോയതായിരുന്നു ബിരുദ വിദ്യാര്‍ത്ഥിയായ അക്ഷയ്. പതിനൊന്നരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. റബര്‍ മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടര്‍ന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റില്‍ തട്ടി. വളരെ കാലപ്പഴക്കം ചെന്ന പോസ്റ്റാണ് ഒടിഞ്ഞുവീണത് എന്നാണ്. ദ്രവിച്ച നിലയിലായിരുന്നു പോസ്റ്റ് നിന്നിരുന്നത്. മരവും പോസ്റ്റും റോഡിലേക്ക് വീണുകിടന്നത് അക്ഷയിന്റെയും സുഹൃത്തുക്കളുടെയും ശ്രദ്ധയില്‍പെട്ടില്ല. കാല്‍ ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് അക്ഷയ് തത്ക്ഷണം മരിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. വിനോദ്, അമല്‍നാഥ് എന്നീ സുഹൃത്താണ് കൂടെയുണ്ടായിരുന്നത്.
അപകടത്തില്‍പ്പെട്ട അക്ഷയ് വലതുഭാഗത്തേക്ക് വീഴുകയായിരുന്നു. രക്ഷപ്പെട്ട രണ്ടുപേരും ഇടതുഭാഗത്തേക്കാണ് തെറിച്ചുവീണത്. അതിനാല്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റില്ല. സമീപത്തുണ്ടായിരുന്ന ഇറച്ചിവെട്ടുകരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോസ്റ്റ് പൊട്ടി വീണ് കിടന്നത് ആരും കണ്ടില്ലെന്നും കെഎസ്ഇബിയുടെ അനാസ്ഥയാണ് മരണകാരണമെന്നും വാര്‍ഡ് മെമ്പര്‍ പി എം സുനില്‍ പ്രതികരിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ കെഎസ്ഇബിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും വാര്‍ഡ് മെമ്പര്‍ കുറ്റപ്പെടുത്തി. പഞ്ചായത്ത് പരാതി കൊടുത്തിട്ടും നടപടി എടുക്കാന്‍ തയ്യാറാവുന്നില്ലെന്നും പഞ്ചായത്ത് അംഗം കൂട്ടിച്ചേര്‍ത്തു. നിരവധി മരങ്ങള്‍ ഇനിയും പൊട്ടിവീഴാറായ നിലയിലാണെന്നും അടിയന്തര നടപടി വേണമെന്നും വാര്‍ഡ് അംഗം ആവശ്യപ്പെട്ടു.
വളരെ പതുക്കെയാണ് ബൈക്ക് വന്നതെന്നും അടുത്തെത്തിയപ്പോഴാണ് പൊട്ടി വീണ് കിടക്കുന്നത് കണ്ടതെന്നും അക്ഷയ്‌ക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരനും പറഞ്ഞു. റോഡില്‍ വീണ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു. വൈദ്യുതി ലൈനില്‍ തൊട്ട അക്ഷയിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടുകാര്‍ക്കും ഷോക്കേറ്റു. കുരുങ്ങി നിന്ന അക്ഷയിനെ ഷര്‍ട്ടും മുണ്ടുമെല്ലാം ഇട്ട് വലിച്ചെടുക്കുകയായിരുന്നു. അപ്പോഴേക്ക് മരണം സംഭവിച്ചു. കെ എസ് ഇ ബി യുടെ അനാസ്ഥയാണ് എല്ലാത്തിനും കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡരകില്‍ മരവും പോസ്റ്റും ഒടിഞ്ഞുകിടക്കുന്നുണ്ടായിരുന്നെന്നും അതില്‍ തട്ടിയാണ് ബൈക്ക് മറിഞ്ഞതെന്നും പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അക്ഷയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അമല്‍ വിശദീകരിക്കുന്നു. 'എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഞങ്ങള്‍ കാറ്ററിങ്ങിന് പോകാറുണ്ട്. ഇന്നലെയും പോയി. പുലര്‍ച്ചെ 12 മണിക്ക് ശേഷമാണ് അപകടമുണ്ടായിരുന്നത്'. അമല്‍ പറഞ്ഞു.
'നെടുമങ്ങാട് പനവൂര്‍ വരെ രണ്ടുവണ്ടിയിലാണ് ഞങ്ങള്‍ നാലുപേര്‍ വന്നത്.അതിലൊരാളുടെ വീടെത്തുകയും പിന്നീട് മൂന്നുപേര്‍ ഒരു ബൈക്കില്‍ കയറിയത്. റോഡില്‍ മരവും പോസ്റ്റും ഒടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. വെളിച്ചമില്ലാത്തതിനാല്‍ അടുത്ത് എത്തിയപ്പോള്‍ മാത്രമാണ് ഇത് കണ്ടത്. രണ്ടു ബൈക്കുകളിലായാണ് ഞങ്ങള്‍ കാറ്ററിങ് കഴിഞ്ഞ് മടങ്ങിയത്. കൂടെയുണ്ടായിരുന്ന ഒരാള്‍ വീടെത്തിയപ്പോഴാണ് അതിലുണ്ടായിരുന്ന ഒരാള്‍ കൂടി അക്ഷയുടെ ബൈക്കില്‍ കയറിയത്. മരത്തില്‍ തട്ടി ബൈക്ക് മറിഞ്ഞു. ഞങ്ങള്‍ പിറകിലേക്ക് വീണു. അക്ഷയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഞങ്ങള്‍ക്കും ഷോക്കേറ്റു.അക്ഷയുടെ കാല്‍ കമ്പിയില്‍ തട്ടിയിരുന്നു. ഉടന്‍ തന്നെ നിലവിളി കേട്ട് നാട്ടുകാരെത്തി.
ഇട്ടിരുന്ന ഡ്രസ് അഴിച്ച് കഴുത്തില്‍ കുരിക്കിട്ട് അക്ഷയെ അവിടെ നിന്ന് മാറ്റിയത്. അപ്പോഴേക്കും അവന് ബോധമില്ലായിരുന്നു. സിപിആര്‍ കൊടുത്താണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി'..അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അമല്‍ പറഞ്ഞു. ഐടിഐ വിദ്യാര്‍ഥിയാണ് അമല്‍. ഡിഗ്രി അവസാന വര്‍ഷവിദ്യാര്‍ഥിയാണ് മരിച്ച അക്ഷയ്.