ബോള്‍ഗാട്ടി സംഗീതനിശയിലെ ഐഫോണ്‍ കൂട്ടമോഷണം ആസൂത്രിതം; ഫോണുകള്‍ മുംബൈ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ എത്തിയെന്ന് സൈബര്‍ സെല്‍; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പിന്നില്‍ വന്‍നഗരങ്ങളിലെ പരിപാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോഷണ സംഘം?

Update: 2024-10-09 11:02 GMT

കൊച്ചി: കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഞായറാഴ്ച നടന്ന പ്രശസ്ത സംഗീതജ്ഞന്‍ അലന്‍ വാക്കറുടെ സംഗീത നിശയ്ക്കിടെ മോഷ്ടിക്കപ്പെട്ട ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതായി വിവരം. മോഷ്ടിക്കപ്പെട്ട ഫോണുകളില്‍ നാലെണ്ണം മുംബൈയില്‍ എത്തിയതെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. മുംബൈ കൂടാതെ മറ്റു സംസ്ഥാനത്തിന് പുറത്തെ മറ്റു ചില ഇടങ്ങളിലും ഫോണുകള്‍ എത്തിയതായാണ് വിവരം. ഇതിനു പിന്നില്‍ വന്‍നഗരങ്ങളിലെ പരിപാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഇതോടെ ഫോണുകള്‍ ആസൂത്രിതമായി മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി. ആകെ 34 പ്രീമിയം ഫോണുകളാണ് അലന്‍ വാക്കര്‍ ഷോയ്ക്കിടെ നഷ്ടമായത്. മോഷണം നടക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് കരുതിയിരുന്ന ആള്‍ക്കൂട്ടത്തിന്റെ പക്കല്‍ നിന്നാണ് ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത്.

ഞായറാഴ്ചത്തെ പരിപാടിയില്‍ മന:പൂര്‍വം തിക്കും തിരക്കും സൃഷ്ടിച്ച് ഫോണ്‍ മോഷ്ടിക്കുകയായിരുന്നെന്ന് ഫോണ്‍ നഷ്ടമായവരില്‍ ചിലര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ എത്തിയ സംഘമാകാം മോഷണത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ബോള്‍ഗാട്ടിയില്‍ സ്ഥാപിച്ചിരുന്ന 45ഓളം സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍നിന്നും മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

അതേസമയം, കൂട്ടമോഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു. ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തുപോയ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നേരിട്ട് എത്തി അന്വേഷണം നടത്തുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. മൊബൈലുകള്‍ വീണ്ടെടുക്കുന്നതിനായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ മുംബൈയിലേക്കു തിരിച്ചിട്ടുണ്ട്.

മോഷണത്തിന്റെ രീതി പരിശോധിച്ചതില്‍നിന്ന് സംഘടിത കുറ്റകൃത്യം ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഫോണ്‍ നഷ്ടപ്പെട്ടവരിലൊരാള്‍ അതിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ നെടുമ്പാശേരിയില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസ് സംഘം ഇവിടെ എത്തിയപ്പോഴേക്കും ലൊക്കേഷന്‍ മുംബൈ ആയി മാറി. വിമാനത്തിലും ട്രെയിനിലും സംഘം കൊച്ചി വിട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

മോഷണത്തിനു പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നത്. പണം മുടക്കി പരിപാടിക്ക് ടിക്കറ്റെടുത്ത ശേഷം കൊച്ചിയിലെത്തി മോഷണം നടത്തുകയും അപ്പോള്‍ തന്നെ നഗരം വിടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇതേ മാതൃകയില്‍ മുമ്പ് മുംബൈയിലും ഡല്‍ഹിയിലും ബെംഗളുരുവിലുമെല്ലാം മോഷണം നടന്നിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും തന്നെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

കൊച്ചിയില്‍ മോഷണം നടക്കാന്‍ യാതൊരു സാധ്യതയും സങ്കല്‍പ്പിച്ചിട്ടില്ലെന്നാണ് ഫോണ്‍ നഷ്ടപ്പെട്ടവരില്‍ ഒരാള്‍ പറയുന്നത്. വിഐപി ഏരിയയില്‍ നിന്നാണ് അവ നഷ്ടപ്പെട്ടിട്ടുള്ളത്. സംഗീതപരിപാടി അവസാനിക്കുന്നതിനു മുമ്പ് ചെറിയ തോതില്‍ മഴ പെയ്തിരുന്നു. ഇതിനു പിന്നാലെ പരിപാടിയുടെ വിഡിയോ പകര്‍ത്തിയ ശേഷം മൊബൈല്‍ പോക്കറ്റിലിട്ടത് ഓര്‍മയുണ്ടെന്നും ഫോണ്‍ നഷ്ടപ്പെട്ട ആള്‍ പറയുന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഫോണ്‍ നഷ്ടപ്പെട്ട വിവരമറിയുന്നത്. പിന്നീട് പൊലീസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയെങ്കിലും മൊബൈല്‍ മുംബൈയിലെത്തി എന്നാണ് അറിഞ്ഞത്. കൈയില്‍നിന്ന് മൊബൈല്‍ ബലമായി പിടിച്ചെടുത്ത സംഭവവും ഇതിനിടയില്‍ നടന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News