അന്ന് പറഞ്ഞത് മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ലെന്ന്; ബലാത്സംഗ കേസില്‍ വീണ്ടും വിവാദ വിധിയുമായി അലഹാബാദ് കോടതി; 'അപകടം വിളിച്ചുവരുത്തി, പീഡനത്തില്‍ യുവതിയും ഉത്തരവാദി'യെന്നും കോടതി; പ്രതിക്ക് ജാമ്യം

ബലാത്സംഗ കേസില്‍ വീണ്ടും വിവാദ വിധിയുമായി അലഹാബാദ് കോടതി

Update: 2025-04-10 12:10 GMT

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന നിരീക്ഷണം വിവാദമായതിന് പിന്നാലെ വീണ്ടും വിവാദ വിധി പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഇര പ്രശ്‌നം ക്ഷണിച്ചുവരുത്തിയതാണെന്നും അതുകൊണ്ട് സംഭവിച്ചതിന് ഉത്തരവാദിയാണെന്നും വ്യക്തമാക്കി.

ബലാത്സംഗക്കേസിലെ അതിജീവിത 'അപകടം വിളിച്ചു വരുത്തുകയായിരുന്നു, സംഭവത്തില്‍ അവര്‍ക്കും ഉത്തരവാദിത്വമുണ്ട്' എന്നു ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിങ്ങാണ് കേസ് പരിഗണിച്ചത്. 2024 സെപ്റ്റംബറില്‍, ഡല്‍ഹിയില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.

സെപ്റ്റംബര്‍ 21ന് യുവതിയും സുഹൃത്തുക്കളായ മൂന്നു പെണ്‍കുട്ടികളും ഹൗസ് ഖാസിലെ റസ്റ്ററന്റ് സന്ദര്‍ശിച്ചിരുന്നു. ഇവിടെ വച്ചാണ് പ്രതിയായ നിശ്ചല്‍ ചന്ദക്കിനെ യുവതി പരിചയപ്പെടുന്നത്. മദ്യപിച്ച ശേഷം നടക്കാനാവാത്ത അവസ്ഥയിലായ യുവതിയോട് പലതവണ തനിക്കൊപ്പം വരാന്‍ നിശ്ചല്‍ ആവശ്യപ്പെട്ടെന്നും ഒടുവില്‍ വിശ്രമിക്കാനായി നിശ്ചലിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ നോയിഡയിലെ വീട്ടിലേക്ക് പോകുന്നതിനു പകരം ഗുരുഗ്രാമിലെ ബന്ധുവിന്റെ ഫ്‌ലാറ്റിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഡിസംബര്‍ 11നാണ് നിശ്ചലിനെ അറസ്റ്റു ചെയ്തത്. അതേസമയം, യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും നിശ്ചല്‍ അവകാശപ്പെട്ടു.

കേസിലെ അതിജീവിത ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണെന്നും ധാര്‍മിക മൂല്യങ്ങളെപ്പറ്റിയും തന്റെ പെരുമാറ്റത്തിന്റെ അനന്തര ഫലത്തെപ്പറ്റിയും തിരിച്ചറിയാന്‍ പ്രാപ്തിയുള്ളയാളാണെന്നും നിശ്ചലിന് ജാമ്യം അനുവദിച്ചുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു.

'അതിജീവിതയുടെ ആരോപണങ്ങള്‍ വാസ്തവമാണെന്ന് അംഗീകരിച്ചാലും, അവര്‍ അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും പീഡനത്തിന് അവരും ഉത്തരവാദിയാണെന്നുമുള്ള നിഗമനത്തില്‍ എത്തേണ്ടി വരും. മെഡിക്കല്‍ പരിശോധനയില്‍ അതിജീവിതയുടെ കന്യാചര്‍മം പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്നതിനെ കുറിച്ച് ഡോക്ടര്‍ ഒന്നും പറഞ്ഞിട്ടില്ല' കോടതി പറഞ്ഞു.

വിവാദ ഉത്തരവില്‍ പറയുന്നത്:

യുവതിയും സുഹൃത്തുക്കളും ഹൗസ് ഖാസിലെ ഒരു റെസ്റ്റോറന്റില്‍ പോയി. പുലര്‍ച്ചെ 3 മണി വരെ മദ്യപിച്ചു. മദ്യലഹരിയില്‍ മടക്കയാത്ര പ്രയാസകരമായിരുന്നതിനാല്‍ പ്രതിയുടെ വീട്ടില്‍ പോയി താമസിക്കാന്‍ യുവതി തന്നെ സമ്മതിക്കുകയായിരുന്നു. വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം തന്നെ ബന്ധുവിന്റെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി രണ്ടുതവണ ബലാത്സംഗം ചെയ്തു എന്ന ഇരയുടെ ആരോപണം തെറ്റാണെന്നും ഇത് തെളിവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. കേസിന്റെ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍, ഇത് ബലാത്സംഗ കേസല്ല, മറിച്ച് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്നതില്‍ തര്‍ക്കമില്ല. ഇര എംഎ വിദ്യാര്‍ഥിനിയാണ്. അതിനാല്‍ അവളുടെ പ്രവൃത്തിയുടെ ധാര്‍മ്മികതയും പ്രാധാന്യവും മനസ്സിലാക്കാന്‍ അവള്‍ക്ക് കഴിവുണ്ടായിരുന്നു. ഇരയുടെ ആരോപണം ശരിയാണെന്ന് അംഗീകരിക്കപ്പെട്ടാലും, അവള്‍ തന്നെ പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തിയതാണെന്നും അതിന് ഉത്തരവാദിയാണെന്നും കോടതി പറഞ്ഞു. ഇരയുടെ മൊഴിയിലും സമാനമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയില്‍ അവളുടെ കന്യാചര്‍മ്മം തകര്‍ന്നതായി കണ്ടെത്തിയെങ്കിലും ലൈംഗികാതിക്രമത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പ്രതിക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

നിയമനടപടികളില്‍ നിന്ന് പ്രതി ഒളിച്ചോടുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചതായി ജസ്റ്റിസ് സിങ് വ്യക്തമാക്കി. ഡിസംബര്‍ 11 മുതല്‍ പ്രതി നിഷാല്‍ ജയിലിലാണെന്നും ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ജാമ്യ സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്യില്ലെന്നും അഭിഭാഷകന്‍ കോടതിക്ക് ഉറപ്പ് നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന വിധിക്ക് പിന്നാലെയാണ് അലഹബാദ് ഹൈക്കോടതിയുടെ പുതിയ വിവാദ വിധി. ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനെതിരേ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും ആ വിധി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

Tags:    

Similar News