തന്റെ പാഠപുസ്തകത്തിലെ 'ഹീറോ'യുടെ ചിത്രമിട്ട് പി പി ദിവ്യ ചെറുക്കുന്നത് ആരെ? പാലക്കയം തട്ടിലെ ബെനാമി ഭൂമി അടക്കം മുഹമ്മദ് ഷമ്മാസിന്റെ 'കൂരമ്പുകള്‍ക്ക് 'ക്യത്യമായ മറുപടി പറയാതെ നേതാവ്; രേഖകള്‍ ചോര്‍ന്നത് സിപിഎമ്മില്‍ നിന്നുതന്നെ? ജില്ലാ കമ്മിറ്റിയിലെ റീ എന്‍ട്രിക്ക് ദിവ്യയുടെ വഴിമുടക്കി ബിനാമി - റിയല്‍ എസ്റ്റേറ്റ് ആരോപണങ്ങള്‍
ജില്ലാ കമ്മിറ്റിയിലെ റീ എന്‍ട്രിക്ക് ദിവ്യയുടെ വഴിമുടക്കി ബിനാമി - റിയല്‍ എസ്റ്റേറ്റ് ആരോപണങ്ങള്‍
കണ്ണൂര്‍: കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിന് പി.പി ദിവ്യയുടെ പാലക്കയം തട്ടിലെ ബിനാമി ഭൂമിയെ കുറിച്ചും സില്‍ക്കിന്റെ മറവില്‍ കാള്‍ട്ടണ്‍ ഇന്ത്യാ അലൈയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള തെളിവുകള്‍ നല്‍കിയത് ആര്? സി.പി.എമ്മിലെ തന്നെ ചില നേതാക്കളാണെന്ന് സൂചന.
ഫെബ്രുവരിയില്‍, തളിപറമ്പ് ജില്ലാ സമ്മേളനത്തില്‍ വീണ്ടും ജില്ലാ കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെടുന്നത് തടയിടുന്നതിനാണ് ദിവ്യ യ്‌ക്കെതിരെ ആരോപണം ഉയര്‍ത്തുന്നത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതിയായതിനെ തുടര്‍ന്ന് ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെട്ടു. ഇപ്പോള്‍ ഇരിണാവ് ബ്രാഞ്ച് അംഗമാണ് പി.പി ദിവ്യ. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചു വരാന്‍ ദിവ്യ കിണഞ്ഞു ശ്രമിക്കുന്നത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി തുടങ്ങിയ നേതാക്കളുടെ പിന്തുണ പി.പി ദിവ്യയ്ക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ ഗുഡ്‌ലിസ്റ്റില്‍ പേരുള്ള വനിതാ നേതാവാണ് പി.പി ദിവ്യ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പാര്‍ട്ടിയും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞുവെങ്കിലും സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ പിന്‍തുണയും പ്രോത്സാഹനവും ദിവ്യയ്ക്ക് ഇപ്പോഴുമുണ്ട്.
ദിവ്യയുടെ ഭര്‍ത്താവിനും കാര്‍ട്ടന്‍ ഇന്ത്യാ അലൈയ്ന്‍ സ്‌പ്രൈസ്റ്റ് ലിമിറ്റഡ് എം.ഡി മുഹമ്മദ് ആസിഫിനും വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടില്‍ ഭൂമിയുണ്ടെന്ന് പോക്കുവരവ് രേഖയുടെ പകര്‍പ്പ് പുറത്തുവിട്ടുകൊണ്ടാണ് ഷമ്മാസ് ആരോപണമുന്നയിച്ചത്. ഇതില്‍ ദിവ്യയുടെ ഭര്‍ത്താവ് അജിത്ത് കുമാറിന് ഒരു വസ്തുവും ആസിഫിന്റെ പേരില്‍ രണ്ടു വസ്തുക്കളുമാണുള്ളത്. ആലക്കോടുള്ള ഒരു അഭിഭാഷകനാണ് ഈ മൂന്ന് രേഖകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നാണ് ദിവ്യയുടെ കാലത്ത് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ മുഹമ്മദ് ഷമ്മാസിന് ചോര്‍ന്നു കിട്ടിയത്. ഇതിനു പിന്നില്‍ സി.പി.എമ്മിലെ ചില നേതാക്കളുടെ കരങ്ങളുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകളുമായി താന്‍ രംഗത്തുവരുമൊന്നും പി.പി ദിവ്യ നിയമനടപടി സ്വീകരിച്ചാല്‍ നേരിടാന്‍ തയ്യാറാണെന്നുമാണ് മുഹമ്മദ് ഷമ്മാസിന്റെ നിലപാട്.
എന്നാല്‍ മുഹമ്മദ് ഷമ്മാസിന്റെ തെളിവുകള്‍ സഹിതമുള്ള ആരോപണങ്ങള്‍ക്ക് വസ്തുതാപരമായി മറുപടി പറയാന്‍ ദിവ്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല ഭര്‍ത്താവ് അജിത്ത് കുമാറിന്റെ പേരില്‍ പാലക്കയം തട്ടില്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത രേഖകള്‍ സഹിതമാണ് ഷമ്മാസ് ആരോപണം ഉന്നയിച്ചത്. കടലാസ് കമ്പനിയായ കാര്‍ട്ടന്‍ ഇന്ത്യാ അലൈയ്ന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി മുഹമ്മദ് ആസിഫുമായി തനിക്ക് ബന്ധമുണ്ടെന്ന കാര്യവും ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിഷേധിച്ചിട്ടില്ല.
മുഹമ്മദ് ഷമ്മാസ് വീണ്ടും റിയല്‍ എസ്റ്റേറ്റ് ബിനാമി ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പി.പി ദിവ്യ പ്രതിരോധിച്ചത് തനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വീരാരാധന ചൂണ്ടിക്കാട്ടിയാണ്. തന്റെ പാഠപുസ്തകത്തിലെ ഹീറോ പിണറായിയാണെന്നാണ് ദിവ്യ മുഖ്യമന്ത്രിയുമായുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു കൊണ്ടു പറഞ്ഞത്.
ഇനി കോടതിയില്‍ കാണാമെന്ന് മുഹമ്മദ് ഷമ്മാസിന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ഫോട്ടോയും പങ്കുവെച്ചാണ് ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിണറായി മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്ന് പഠിപ്പിച്ച നേതാവാണ്. പിണറായി തന്റെ പാഠപുസ്തകത്തിലെ 'ഹീറോ'യാണ്. അഴിമതിയെ കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുമെന്നും ദിവ്യ തന്റെ ഏറ്റവും പുതിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇതു കണ്ണൂരിലെ സി.പി.എം നേതൃത്വത്തിന്റെ പിന്തുണ നേടാനെന്നാണ് സൂചന.