വലിയ കുഴികളിൽ വീഴാതെ ബൈക്ക് യാത്രക്കാർ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട്; മഴക്കാലമായാൽ ചെളിക്കുളം; ഭീഷണിയായി കാത്തത്ത തെരുവുവിളക്കുകൾ; അമ്പലത്തറ ഓക്‌സ്‌ഫോർഡ് റോഡ് തകർന്ന നിലയിൽ; മൗനം പാലിച്ച് അധികൃതർ; നട്ടംതിരിഞ്ഞ് നാട്ടുകാർ
തിരുവനന്തപുരം: അമ്പലത്തറ ഓക്‌സ്‌ഫോർഡ് റോഡ് തകർന്ന നിലയിൽ. പലയിടത്തും ഭീഷണിയായി വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. വലിയ കുഴികളിൽ വീഴാതെ ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. റോഡിന്റെ അവസ്ഥ ഈ ഗതിയായിട്ട് നാൾ ഏറെയായി എന്നും പറയുന്നു. നാട്ടുകാർ പരാതികൾ അറിയിച്ചിട്ടും ജനപ്രതിനിധികൾ അടക്കമുള്ളവർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതി ഉണ്ട്.
റോഡിലുള്ള വെള്ളംനിറഞ്ഞ വലിയ കുഴികളിൽപ്പെടുന്ന സൈക്കിൾ യാത്രക്കാരും ബൈക്ക് യാത്രികരും അപകടത്തിൽപ്പെടുന്നത് ഇപ്പോൾ ഇവിടെ പതിവ് സംഭവമാണ്. അതുപോലെ പ്രധാന റോഡിലേക്ക് കയറുന്ന വഴിയാണിത്. കോർപ്പറേഷൻ പരിധിയിലുള്ള ഈ റോഡിന് സമാനമായ റോഡുകളും സഞ്ചാര യോഗ്യമല്ലാതായിട്ടുണ്ട്.
ഈ മേഖലയിലുള്ള റോഡുകളെല്ലാം മഴക്കാലത്ത് ചെളിക്കുളമാകുന്ന സ്ഥിതിയിലാണ്. റോഡിന്റെ ദുരിതത്തിനുപുറമേ തെരുവുനായകളുടെ ശല്യവും അതിരൂക്ഷമായി തുടരുകയാണ്. അതുപോലെ തെരുവുവിളക്കുകൾ പലതും കാത്തത്തതും വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ ഇടപെട്ട് റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മണക്കാട് നിന്നും അമ്പലത്തറയിലേക്ക് പോകുന്ന റോഡിൽ ഇടതുവശത്തുളള പോക്കറ്റ് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഓക്സ്ഫോർഡ് സ്‌കൂൾ റോഡ് എന്ന് അറിയപ്പെടുന്ന കോർപ്പറേഷന്റെ അധീനതയിലുള്ള ഈ റോഡിന്റെ ദയനീയ അവസ്ഥ കാരണം സ്‌കൂൾ കുട്ടികളും, പ്രദേശത്തെ താമസക്കാരും വലിയ ദുരിതം അനുഭവിക്കുകയാണ്. സ്‌കൂളിൽ സൈക്കിളിൽ വരുന്ന വിദ്യാർത്ഥികളും ടൂവീലറിൽ രക്ഷകർത്താക്കൾ കൊണ്ടാക്കുന്ന വിദ്യർത്ഥികളും ഈ റോഡിലെ വലിയ കുഴികളിൽ വീണ് പരിക്ക് പറ്റുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ്.
മഴ ഒന്ന് പെയ്താൽ ദിവസങ്ങളോളം കെട്ടികിടക്കുന്ന വെള്ളവും പിന്നീട് ഉണ്ടാകുന്ന ചെളിയും അപകടങ്ങൾക്ക് ആഘാതം കൂട്ടുന്നുണ്ട്. അതുപോലെ രാത്രികാലങ്ങളിൽ ഈ റോഡുവഴിയുളള യാത്ര ദുരിതപൂർണ്ണമാണ്. അത് പോലെ തന്നെ ഈ പ്രദേശത്തെ തെരുവ് നായ ശല്യവും രൂക്ഷമാണ്. ഈ റോഡിന്റെ ശോചനിയാവസ്ഥ നേരിട്ടറിയാവുന്ന വാർഡ് കൗൺസിലറോട് നിരവധി തവണ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും അദ്ദേഹവും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെട്ട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന പ്രധാന ആവശ്യം.