'ലൈക്ക' ഉടക്കിട്ടപ്പോള്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെയും ഖുറേഷി എബ്രഹാമിന്റെയും രക്ഷകനായി എത്തിയത് ഗോകുലം ഗോപാലന്‍; റീഎഡിറ്റ് വിവാദത്തിനിടെ ഗോകുലത്തിന് പൂട്ടിടാന്‍ റെയ്ഡുമായി ഇഡി; റെയ്ഡിനിടെ എമ്പുരാന്റെ പുതിയ കളക്ഷന്‍ വാര്‍ത്തയുമായി മോഹന്‍ലാല്‍

എമ്പുരാന്റെ പുതിയ കളക്ഷന്‍ വാര്‍ത്തയുമായി മോഹന്‍ലാല്‍

Update: 2025-04-04 10:03 GMT

കൊച്ചി: എമ്പുരാന്‍ സിനിമ മാര്‍ച്ച് 27 ന് റിലീസ് ചെയ്യാന്‍ കഴിയുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കെയാണ് രക്ഷകനായി ഗോകുലം ഗോപാലന്‍ രംഗപ്രവേശം ചെയ്തത്. സുഭാസ്‌കരന്റെ ലൈക്ക പ്രൊഡക്ഷന്‍സും, ആശിര്‍വാദ് സിനിമാസും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഗോകുലം ഗോപാലന്‍ എമ്പുരാന്‍ ഏറ്റെടുത്തത്. വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ ഹിറ്റായതിന് പിന്നാലെ ഗോകുലന്‍ ഗോപാലനെ തേടി ഇഡി എത്തി. വടകരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട്ടെയും ചെന്നൈ കോടമ്പാക്കത്തെയും ധനകാര്യസ്ഥാപനങ്ങളില്‍ റെയ്ഡും പുരോഗമിക്കുകയാണ്. അതിനിടെ, എമ്പുരാന്റെ പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.

ചിത്രത്തിന്റെ ആഗോളതലത്തിലുള്ള തിയേറ്റര്‍ ഷെയര്‍ 100 കോടി കടന്നു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോഴാണ് എമ്പുരാന്‍ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. മലയാളസിനിമയുടെ ചരിത്രത്തിലെ ആദ്യസംഭവം എന്നാണ് മോഹന്‍ലാല്‍ ഈ നേട്ടത്തേക്കുറിച്ച് പറഞ്ഞത്. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തേ ചിത്രം അഞ്ച് ദിവസംകൊണ്ട് 200 കോടി ആഗോള കളക്ഷന്‍ നേടിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മറ്റൊരു നേട്ടംകൂടി എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കര്‍ണാടകത്തിലെ കളക്ഷന്‍ കണക്കുകള്‍ ഇന്നലെ പുറത്തു വിട്ടിരുന്നു. 10 കോടിയിലധികം ഗ്രോസ് കളക്ഷനാണ് ചിത്രം കര്‍ണാടകത്തില്‍ നിന്ന് നേടിയത്.

ഗുജറാത്ത കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വിവാദമായതോടെ, എമ്പുരാന്‍ ഇപ്പോള്‍ റിഎഡിറ്റ് ചെയ്താണ് പ്രദര്‍ശിപ്പിക്കുന്നത്.

ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സിന്റേതായി മുന്‍പ് പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ഉള്‍പ്പടെയുള്ള സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത.ലൈക്കയില്‍ നിന്നും ചിത്രം ഏറ്റെടുത്താണ് ഗോകുലം മൂവിസ് നിര്‍മാണ പങ്കാളിയായത്.

Tags:    

Similar News