'ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ്; ഇത് വലിയ ചുവടുവയ്പ്പിനുള്ള അവസരമായ കാണണം'; ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫില്‍ അമിതാഭ് കാന്തിന്റെ പ്രതികരണം ഇങ്ങനെ; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന വികാരം രാജ്യത്ത് ശക്തം; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുന്നത് ആലോചനയില്‍

'ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ്;

Update: 2025-08-07 05:51 GMT

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്കു മേല്‍ ട്രംപ് ഏല്‍പ്പിച്ച 50 ശതമാനം തീരുവയെ അവസരമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ത്യയ്ക്ക് പുതിയ വിപണികള്‍ കണ്ടെത്താനുള്ള സുവര്‍ണാവസരമാണ് ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 'ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണെന്ന്' ഇന്ത്യയുടെ മുന്‍ ജി20 ഷെര്‍പ അമിതാഭ് കാന്ത് പ്രതികരിച്ചത്.

ഇന്ത്യന്‍ വ്യാപാരത്തെയും ആഭ്യന്തര വ്യവസായങ്ങളെയും ട്രംപിന്റെ താരിഫ് ഇരുട്ടടി എങ്ങനെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വലിയ ചുവടുവയ്പ്പിനുള്ള അവസരമായി ഇതിനെ കാണണമെന്ന് അദ്ദേഹം നിലപാടെടുത്തത്. നീതി ആയോഗിന്റെ മുന്‍ സിഇഒ കൂടിയായ കാന്ത് എക്‌സിലെ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രതിസന്ധി പൂര്‍ണമായി ഉപയോഗപ്പെടുത്തണമെന്നും അമിതാഭ് കാന്ത് കുറിച്ചു.

അതേസമയം ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയും തീരുവ ഉയര്‍ത്തുന്നത് ആലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഉടനടിയുള്ള തിരിച്ചടിക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിരില്ല. സംയമനത്തോടെ ആലോചിച്ച് തീരുമാനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ ഉടന്‍ നിര്‍ത്തില്ല. എന്നാല്‍ അമേരിക്കയുമായുള്ള വ്യപാര കരാറിന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇളവു നല്‍കുന്നതടക്കം ആലോചിക്കും. ആദ്യം 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചപ്പോള്‍ ട്രംപിനെ വിളിച്ച് സംസാരിക്കാന്‍ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. പുതിയ സാഹചര്യം പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി ഇന്ന് വിലയിരുത്തും. ട്രംപിന്റെ താരിഫ് പ്രഖ്യാപനം ചൂണ്ടിക്കാട്ടി ചില പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയോടുള്ള ഇരട്ടത്താപ്പ് ചര്‍ച്ചകളിലും അന്താരാഷ്ട്ര വേദികളിലും ഉന്നയിക്കാനുള്ള നീക്കവും കേന്ദ്രം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് 50 ശതമാനം അധികം തീരുവ പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിമര്‍ശനവും ശക്തമായിട്ടുണ്ട്. ഇന്ത്യയ്ക്കുള്ള തീരുവ ഇരട്ടിയാക്കിയ ട്രംപ്, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴ കൂടി ഈടാക്കുന്ന ഉത്തരവിലാണ് ഒപ്പിട്ടത്. മൂന്നാഴ്ചയ്ക്ക് ശേഷം പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് ട്രംപിന്റെ ഉത്തരവ്.

ട്രംപിന്റേത് അന്യായവും ദൗര്‍ഭാഗ്യകരവുമായ നടപടിയെന്നാണ് ഇന്ത്യയുടെ വിമര്‍ശനം. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നല്‍കിയിരിക്കുന്നത്. ഇന്ത്യയെക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. എന്നാല്‍ ഇന്ത്യക്ക് 3 ആഴ്ചത്തെ സമയം മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമാകുന്നത്.

അതേസമയം ഇന്ത്യ - യു എസ് ബന്ധത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപിന്റെ ഈ നീക്കം. എന്നാല്‍ യു എസുമായുള്ള ചര്‍ച്ചകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാന്‍ സാധ്യതയില്ല. വ്യാപാര കരാറിലെ ചര്‍ച്ചകള്‍ക്ക് യു എസ് ഉദ്യോഗസ്ഥര്‍ ഈ മാസം ഇന്ത്യയിലെത്തുന്നത് ഇത് വരെ റദ്ദാക്കിയിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ന് റഷ്യയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ട്രംപിന്റെ നീക്കത്തെ കരുതലോടെ നേരിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. എന്തായാലും ഈ തീരുവ പ്രഹരം സര്‍ക്കാരിന് മേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ശക്തമാക്കുകയാണ്.

Tags:    

Similar News