2013ല്‍ ദുല്‍ഖര്‍ സല്‍മാന്റെ 'എ.ബി.സി.ഡി'യില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം; 'വാരിക്കുഴിയിലെ കൊലപാതക'ത്തിലെ ഫാ. വിന്‍സന്റ് കൊമ്പന്‍ സൂപ്പറായി; പാറ്റക്കുഴിയിലെ രാജൂസ് ഓട്ടോമൊബൈല്‍സുമായി ആത്മബന്ധം; കാറുകളെ സ്‌നേഹിക്കുന്ന മെക്കാനിക്കല്‍ എഞ്ചിനിയര്‍; ദുശീലമില്ലാത്ത വാഹന പ്രേമി; ആരാണ് അമിത് ചക്കാലയ്ക്കല്‍? ജെയ്ഗോണിലൂടെ 'ഭൂട്ടാന്‍ കാറുകള്‍' കേരളത്തിലേക്കും

Update: 2025-09-26 02:32 GMT

കൊച്ചി: ഭൂട്ടാന്‍ വാഹന ഇടപാടിലെ കസ്റ്റംസ് അന്വേഷണം നടന്‍ അമിത് ചക്കാലയ്ക്കലില്‍ കേന്ദ്രീകരിക്കാനാണ് കസ്റ്റംസ് തീരുമാനം. എന്നാല്‍ നടനെ കേസുമായി ബന്ധപ്പെടുന്ന തെളിവുകള്‍ കിട്ടിയിട്ടുമില്ല. എറണാകുളം കുണ്ടന്നൂരില്‍നിന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ വാങ്ങിയ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിക്ക് സമന്‍സ് നല്‍കിയിട്ടുണ്ട്. ഇയാളോട് വെള്ളിയാഴ്ച കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച പിടിച്ചെടുത്ത 1999 മോഡല്‍ ലാന്‍ഡ് ക്രൂസര്‍ 2012-ല്‍ ആണ് അരുണാചലില്‍ രജിസ്റ്റര്‍ ചെയ്തതായി കാണിച്ചിട്ടുള്ളത്. ഇതുവരെ കസ്റ്റംസ് പിടിച്ചെടുത്ത 39 വാഹനങ്ങളില്‍ ഇതുമാത്രമാണ് അധികം ഉടമകളില്ലാത്തത്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ ഇടനിലക്കാരിലേക്കെത്താന്‍ കുണ്ടന്നൂരിലെ വാഹന ഉടമയെ ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. ഈ ചോദ്യം ചെയ്യലാകും അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുക. ഇതിനൊപ്പമാണഅ അമിത് ചക്കാലയ്ക്കലിനേയും സംശയ നിഴലില്‍ നിര്‍ത്തുന്നത്.

അമിത് ഈ വാഹനങ്ങളുടെ ഇടനിലക്കാരനാണെന്നാണ് കസ്റ്റംസ് നിഗമനം. പിടിച്ചെടുത്ത വാഹനങ്ങളില്‍ ചിലത് തന്റേതല്ലെന്ന് അമിത് അവകാശപ്പെട്ടെങ്കിലും പ്രീമിയം വാഹനങ്ങളുടെ വില്‍പ്പനയില്‍ താരത്തിന് നേരിട്ട് പങ്കുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോയമ്പത്തൂരിലെ വാഹനക്കച്ചവട സംഘത്തെയും നടനെയും വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്.പ്രാഥമിക അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെലിബ്രിറ്റികളുടെ വാഹന ഇടനിലക്കാരനല്ല താനെന്ന് നടന്‍ അമിത് ചക്കാലയ്ക്കല്‍ പറഞ്ഞു. വണ്ടിയുടെ കണ്ടീഷന്‍ പരിശോധിക്കാന്‍ പലരും വരും. പരിശോധനയ്ക്ക് തനിക്ക് സഹായികളുമുണ്ട്. കോയമ്പത്തൂര്‍ സംഘത്തില്‍ നിന്ന് വാഹനങ്ങളുടെ പാര്‍ട്സ് വാങ്ങാറുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളില്‍ ഒന്നു മാത്രമാണ് തന്റേത്. അത് അഞ്ച് വര്‍ഷമായി താന്‍ ഉപയോഗിക്കുന്നതാണെന്നും അമിത് പറഞ്ഞു.

2013ല്‍ ദുല്‍ഖര്‍ സല്‍മാന്റെ 'എ.ബി.സി.ഡി'യില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അമിത് സിനിമയില്‍ പ്രവേശിച്ചത്. 'വാരിക്കുഴിയിലെ കൊലപാതക'ത്തിലെ ഫാ. വിന്‍സന്റ് കൊമ്പനാണ് ശ്രദ്ധേയമായ നായകവേഷം. മെക്കാനിക്കല്‍ എന്‍ജിനിയറായ അമിത് വര്‍ഷങ്ങളായി ബൈക്ക്, കാര്‍ വില്പനയിലും സജീവമാണ്. കലൂര്‍ പൊറ്റക്കുഴിയിലെ രാജൂസ് ഓട്ടോമൊബൈല്‍സ് എന്ന വര്‍ക്ക് ഷോപ്പിലാണ് അമിത് വാഹനങ്ങള്‍ പണിക്ക് നല്‍കുന്നത്. പരേതനായ സാജു ജേക്കബിന്റെയും ഷെര്‍ളിയുടെയും മകനാണ് 40കാരനായ അമിത്. ഇയ്യോബിന്റെ പുസ്തകം, പ്രേതം2, സപ്തമശ്രീ തസ്‌കര, കെയര്‍ ഓഫ് സയ്റ ബാനു, മെല്ലെ, വാരിക്കുഴിയിലെ കൊലപാതകം, യുവം, ജിബൂട്ടി, ആഹാ, പ്രാവ്, സന്തോഷം, ചിത്തിനി, ടൂ സ്‌ട്രോക്ക് തുടങ്ങിയവയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. തനിക്ക് ദുശീലമൊന്നുമില്ലെന്നും വാഹനങ്ങളോടാണ് ക്രെയ്‌സ് എന്നും അമിത് വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം കസ്റ്റംസ് പരിശോധിക്കും.

ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട അന്വേഷണം ഹിമാചല്‍ പ്രദേശിലേക്കും വ്യാപിപ്പിച്ചു. ഭൂട്ടാന്‍ വാഹനങ്ങള്‍ക്ക് സിംല റൂറല്‍ ആര്‍.ടി ഓഫീസില്‍ നിന്നാണ് രേഖകള്‍ തരപ്പെടുത്തിയത്. എം പരിവാഹന്‍ വെബ്‌സൈറ്റില്‍ ഈ വാഹനങ്ങള്‍ ഉള്‍പ്പെടുത്തിയതിലും അമിത് ചക്കാലയ്ക്കലിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇക്കാര്യം ഉറപ്പാക്കാന്‍ ആര്‍.ടി ഉദ്യോസ്ഥരെയും ചോദ്യം ചെയ്യും. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എസ്യുവി കള്ളക്കടത്തിന്റെ കേന്ദ്രം പശ്ചിമബംഗാളിലെ ജെയ്ഗോണ്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂട്ടാന്‍ അതിര്‍ത്തിയോടുചേര്‍ന്ന നഗരമാണിത്. ഭൂട്ടാനില്‍ എത്തിക്കുന്ന എസ്യുവികള്‍ അതിര്‍ത്തിയിലെ ഫുന്റ്ഷോലിങ് നഗരം വഴിയാണ് പശ്ചിമബംഗാളിലൂടെ ഇന്ത്യയിലേക്ക് കടത്തുന്നത്. ഇവിടെവെച്ചാണ് വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ രജിസ്ട്രേഷനിലേക്ക് മാറ്റുന്നത്. ഇന്ത്യയിലേക്ക് സ്വര്‍ണവും മയക്കുമരുന്നുമുള്‍പ്പെടെ കടത്തുന്ന പ്രധാന കേന്ദ്രമാണ് ജെയ്ഗോണ്‍.

വ്യാജരേഖകള്‍ ഉപയോഗിച്ച് ഹിമാചലിലും അസമിലും രണ്ടാം ഉടമയായി രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ കര്‍ണാടകത്തിലും കേരളത്തിലുമെത്തിച്ച് രൂപമാറ്റംവരുത്തി വില്‍പ്പന നടത്തുന്നു. ജെയ്ഗോണിലും ഫുന്റ്ഷോലിങ്ങിലും ഇത്തരം വാഹനങ്ങള്‍ കടത്തുന്നതിനായി കള്ളക്കടത്ത് ഏജന്റുമാരുണ്ട്. ഇവര്‍ക്ക് കമ്മിഷന്‍ നല്‍കിയാണ് അതിര്‍ത്തി കടത്തുന്നത്. സ്വര്‍ണം, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, മദ്യം, ഇന്ധനം എന്നിവയും ജെയ്ഗോണ്‍ വഴി സുലഭമായി കടത്താറുണ്ട്.

Tags:    

Similar News