ഇനി വരുന്ന കുട്ടികള്‍ക്ക് ഈ അവസ്ഥ വരരുതെന്ന് മാത്രം ആഗ്രഹിക്കുന്ന അന്നയുടെ അച്ഛനും അമ്മയും; പരാതി ഗൗരവത്തില്‍ എടുത്ത് അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരും; തിരുത്തുമെന്ന് ഇവൈയും; ജോലി സമ്മര്‍ദ്ദത്തിനും വേണം അതിര്‍ വരമ്പ്

26-കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

By :  Remesh
Update: 2024-09-19 08:52 GMT

കൊച്ചി: 26-കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്‌സ് പ്ലാറ്റ്‌ഫോമില്‍കുറിച്ചു. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്‌സ് പ്ലാറ്റ് ഫോമിലെ കുറിപ്പ് പങ്കുവെച്ചായിരുന്നു കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയുടെ പ്രതികരണം.

പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇ.വൈ) കമ്പനിയില്‍ ജോലിചെയ്യുന്ന മകളുടെ മരണം ജോലിഭാരം മൂലമാണ് സംഭവിച്ചതെന്നും ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അച്ഛന്‍ സിബി ജോസഫ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്നയുടെ അമ്മ ഇ.വൈ കമ്പനി സി.ഇ.ഒയ്ക്ക് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

സംഭവിച്ചത് ദുഃഖകരമായ കാര്യമാണെന്നും ഇത് അസ്വസ്ഥപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്ര ശേഖന്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തൊഴിലിടത്തെ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണത്തില്‍ അന്വേഷണം നടക്കുമെന്നും തൊഴില്‍ മന്ത്രാലയം നീതി ഉറപ്പാക്കുമെന്നും മന്ത്രി എക്‌സില്‍ അറിയിച്ചു. അതിനിടെ അന്നയുടെ മരണം ദുഃഖകരമാണെന്നും തീരാനഷ്ടമാണെന്നും ഇ.വൈ അനുശോചനസന്ദേശത്തില്‍ കുടുംബത്തെ അറിയിച്ചു. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതില്‍ കമ്പനി പ്രധാന്യം നല്‍കുന്നു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് കമ്പനി കത്തിലൂടെ അറിയിച്ചതായി അന്നയുടെ പിതാവ് സിബി ജോസഫ് പറഞ്ഞു.

മകളുടെ മരണത്തിന് കാരണം മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ജോലിസമ്മര്‍ദ്ദമാണെന്ന് കുടുംബത്തിന്റെ പരാതി. മകള്‍ക്ക് ഉറങ്ങാന്‍ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നില്ലെന്നും മരിച്ച അന്നയുടെ അച്ഛന്‍ സിബി ജോസഫ് പറഞ്ഞു. തന്റെ മകള്‍ക്കുണ്ടായ ദുരവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നും സിബി ജോസഫ് വ്യക്തമാക്കി.

ഔട്ട്‌സൈഡ് ക്ലയന്റ്‌സിന്റെ ഓഡിറ്റാണ് മോളുടെ കമ്പനി ചെയ്യുന്നത്. അവള്‍ മരിക്കുന്ന സമയത്ത് ബജാജ് ഓട്ടോ എന്ന കമ്പനിയുടെ ഓഡിറ്റിംഗായിരുന്നു. അതിന്റെ റിസള്‍ട്ട് അനൗണ്‍സ് ചെയ്യുകയും ചെയ്തിരുന്നു. കൃത്യസമയത്തിനുള്ളില്‍ ഈ വര്‍ക്ക് ചെയ്തു തീര്‍ക്കണമെന്നുണ്ട്. അതുകൊണ്ട് രാത്രിയിലൊക്കെ ഇരുന്ന് ജോലി ചെയ്യണമെന്നുണ്ട്. 12.30 വരെ അവിടെയിരുന്ന് ജോലി ചെയ്യണം. പിജിയിലെത്തുമ്പോള്‍ 1.30 ആകും. അവിടെയെത്തിയാലും അവിടെ അഡീഷണല്‍ വര്‍ക്ക് കൊടുക്കും. അതുകൊണ്ട് അവള്‍ക്ക് ഉറക്കമില്ലായിരുന്നു-അച്ഛന്‍ പറയുന്നു.

അവള് താമസിക്കുന്ന പിജിയില്‍ 10 മണി കഴിഞ്ഞാന്‍ ഫുഡ് കിട്ടില്ല. അതുകൂടാതെ വര്‍ക്കിന്റെ സ്‌ട്രെസ്സും ഉണ്ടായിരുന്നു. റിസൈന്‍ ചെയ്ത് വരാന്‍ പറഞ്ഞതാണ്. അപ്പോള്‍ അവളാണ് പറഞ്ഞത്, ഇവിടെത്തെ വര്‍ക്ക് നല്ലൊരു എക്‌സ്‌പോഷര്‍ കിട്ടുന്ന വര്‍ക്കാണ്. അതുകൊണ്ട് ഒരു വര്‍ഷമെങ്കിലും ഇവിടെ നില്‍ക്കണമെന്നാണ്. എവിടെയെങ്കിലും ജോലി കിട്ടുമ്പോള്‍ നല്ലതാണെന്ന് അവള്‍ പറഞ്ഞു. അതുകൊണ്ടാണ് അവളവിടെ നിന്നത്. അവിടുത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെന്നും അന്നയുടെ അച്ഛന്‍ പറഞ്ഞു.

അവള്‍ അസിസ്റ്റന്റ് മാനേജരോട് തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, വര്‍ക്ക് ചെയ്യാന്‍ പറ്റണില്ലെന്ന്. രാത്രിയിലും ജോലി ചെയ്യണമെന്നാണ് അവര്‍ പറഞ്ഞത്. ഫെബ്രുവരിയിലാണ് അവളുടെ സിഎ റിസള്‍ട്ട് വന്നത്. മാര്‍ച്ചില്‍ അവള്‍ അവിടെ ജോയിന്‍ ചെയ്തു. ജൂലൈ 21 ന് അതിരാവിലെയാണ് അവള്‍ മരിച്ചത്. ഭക്ഷണം കഴിക്കാത്തതിന്റെയും ഉറക്കമില്ലായ്മയുടെയും പ്രശ്‌നങ്ങള്‍ അവള്‍ പറഞ്ഞിരുന്നു. അവളുടെ കോണ്‍വൊക്കേഷന് പോയപ്പോള്‍ ഒരു ഹോസ്പിറ്റലില്‍ പോയി ഇസിജിയെടുത്തു. കാര്‍ഡിയോളജിസ്റ്റിനെ കണ്ടപ്പോള്‍ ഹാര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞു.

ഉറക്കമില്ലായ്മയും സമയത്ത് ഭക്ഷണം കഴിക്കാത്തതിന്റെയും പ്രശ്‌നം മാത്രമാണ് അവള്‍ക്കുണ്ടായിരുന്നത്. അതിനൊരു വഴി കണ്ടുപിടിക്കണമെന്നാണ് പറഞ്ഞത്. അവള്‍ക്കൊരു കുഴപ്പവുമില്ലായിരുന്നു. ആരോഗ്യവതിയായിരുന്നു അവള്‍. ഞങ്ങള്‍ ലെറ്റര്‍ എഴുതിയതിന് ശേഷമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണമുണ്ടായത്. ഇനി വരുന്ന പിള്ളേര്‍ക്ക് അങ്ങനൊരു അവസ്ഥ ഉണ്ടാകരുതെന്നേയുള്ളൂ ഞങ്ങള്‍ക്ക്'-സിബി ജോസഫ് പറഞ്ഞു.

Tags:    

Similar News