കൈവിലങ്ങുമായി നഗര ഹൃദയത്തിലൂടെ ഓടിയ കൊടുംക്രിമിനല്‍; നെഞ്ചു വേദന പറഞ്ഞപ്പോള്‍ ഒരു കൈയ്യിലെ വിലങ്ങ് അഴിച്ചത് മനപ്പൂര്‍വ്വമോ? ക്ഷേത്ര മോഷണ കേസിലെ തെളിവെടുപ്പിന് ശേഷം പ്രതി രക്ഷപ്പെട്ടിട്ട് രണ്ടു ദിവസം; പേരൂര്‍ക്കട പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയില്‍ സംഭവിച്ചത് എന്ത്? അനൂപ് ആന്റണിയെ പോലീസ് വെറുതെ വിട്ടതോ?
പേരൂര്‍ക്കട: തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് പോലീസിനെ വെട്ടിച്ച് ഓടിപ്പോയത് കൊടുംക്രിമിനല്‍. മുപ്പത്തിയഞ്ചോളം കേസുകളിലെ പ്രതിയാണ് അനൂപ് ആന്റണി. ഓടിപ്പോയ മോഷണക്കേസ് പ്രതിയെ കണ്ടെത്താനായില്ല. തിരുവല്ലം പോലീസ് പിടികൂടി പേരൂര്‍ക്കട പോലീസിനു കൈമാറിയ ചാക്ക ബാലനഗര്‍ സ്വദേശി അനൂപ് ആന്റണി (30) ആണ് കൈവിലങ്ങുമായി കടന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഇയാളുടെ രക്ഷപ്പെടലില്‍ വലിയ ദുരൂഹതയാണുള്ളത്. പോലീസിന്റെ സഹായത്തോടെ ഇയാള്‍ രക്ഷപ്പെട്ടതാണെന്ന വാദം പോലും സജീവമാണ്.
തിരുവല്ലം സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ അക്രമം നടത്തിയതിനാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രമോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ പേരൂര്‍ക്കട പോലീസിനു ഇയാളെ കൈമാറി. ഉച്ചയോടെ ദേഹപരിശോധനയ്ക്കായി പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പോലീസിനെ വെട്ടിച്ച് പ്രതി ഓടിപ്പോയത്. പേരൂര്‍ക്കട പോലീസ് സ്‌റ്റേഷന് തൊട്ടടുത്താണ് ഈ ആശുപത്രിയും. സ്റ്റേഷനും ആശുപത്രിക്കും ഒരു മതിലാണ്. ഒരു എസ്.ഐ.യും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരും ഹോംഗാര്‍ഡും കൂടെയുണ്ടായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടു. തീര്‍ത്തും അസ്വാഭാവികമാണ് കാര്യങ്ങള്‍. പോലീസ് സേനയ്ക്ക് ഏറെ നാണക്കേടാണ് ഈ സംഭവം.
തിരുവല്ലം വണ്ടിത്തടം സ്വദേശി ഷംലയുടെ പേരിലുള്ള കാര്‍ തകര്‍ത്തതിനും മകന്‍ ഷാനിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചതിനെയും തുടര്‍ന്നാണ് തിരുവല്ലം പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലെ അമ്പലംമുക്ക് എന്‍.സി.സി. റോഡ് രാമപുരം പാലാംവിള ഇശക്കിയമ്മന്‍ ക്ഷേത്രത്തിലെ മോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. ഈ ക്ഷേത്രത്തിലെ തെളിവെടുപ്പിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ ദേഹപരിശോധനയ്ക്കായി കൈവിലങ്ങിട്ട് ഇയാളെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പ്രതി പറഞ്ഞു. ഇതിനിടെ ഒരു കൈയിലെ വിലങ്ങ് പോലീസ് അഴിച്ചു. തുടര്‍ന്നാണ് പ്രതി ആശുപത്രിയില്‍നിന്ന് ഓടിപ്പോയത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനൂപ്. പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടനെ പിടിയിലാകുമെന്നുമാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മിഥുന്‍ പ്രതികരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തി. അമ്പലമുക്ക് ഭാഗത്തേക്കാണ് പ്രതി രക്ഷപ്പെട്ട് ഓടിയതെന്നാണ് വിവരം. വിലങ്ങ് കയ്യിലുള്ളതിനാല്‍ തന്നെ പ്രതിക്ക് അധികം മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നായിരുന്നു പോലീസ് നിഗമനം.
എന്നിട്ടും രണ്ടു ദിവസമായി കണ്ടെത്താനായില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരൂര്‍ക്കട പൊലീസിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.