'ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു'; ആരുമല്ലാതിരുന്ന കാലത്ത് പുറത്ത് പറയരുതെന്ന് അപേക്ഷിച്ച ആള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ ഭാവം മാറി; 'ഐ ഡോണ്ട് കെയര്‍' എന്ന് വെല്ലുവിളി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി യുവതി
'ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചു; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു'
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം. മറ്റൊരു യുവതി കൂടിയാണ് പീഡന ആരോപണം ഉയര്‍ത്തി മാധ്യമങ്ങളൂടെ രംഗത്തുവന്നത്. ലൈംഗിക ഉദ്ദേശത്തോടെ പലതവണ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചുവെന്ന് ഇപ്പോള്‍ യുവതി ആരോപിക്കുന്നത്. ഇപ്പോള്‍ കേരളത്തിന് പുറത്താണ് ഇവരുടെ താമസം എന്നാണ് മലയാളം വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ആദ്യം വിവാഹാഭ്യര്‍ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ I DON'T CARE.. WHO CARE'S എന്നായിരുന്നു മറുപടിയെന്നും യുവതി വെളിപ്പെടുത്തി. രണ്ട് വര്‍ഷം മുമ്പാണ് എല്ലാറ്റിന്റെയും തുടക്കമെന്നാണ് പെണ്‍കുട്ടി പറയുന്നത്.
പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ: ''2023 ലാണ് എനിക്ക് മെസേജ് അയക്കുന്നത്. ആദ്യം ഇന്‍സ്റ്റഗ്രാം വഴി മെസേജ് അയച്ചു. ശേഷം നമ്പര്‍ വാങ്ങി. പിന്നാലെ ടെലഗ്രാമിലൂടെ മെസേജ് അയക്കാന്‍ തുടങ്ങി. ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചിരുന്നത്. എല്ലാ ദിവസവും മെസേജ് ചെയ്യുമായിരുന്നു. പിന്നീട് എനിക്ക് നിന്നോട് ആദ്യം മുതലേ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞു തുടങ്ങി. താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. പിന്നീട് ലൈംഗിക ഉദ്ദേശ്യത്തോടെ പലതവണ സംസാരിച്ചു. അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി.
സമ്മര്‍ദം ചെലുത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് രാഹുല്‍ യുവതിയോട് പറഞ്ഞുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. രണ്ടുമാസം മുന്‍പ് വരെ രാഹുല്‍ മെസേജ് അയച്ചുവെന്നും പറയുന്നു. ഇരകള്‍ ഏറെയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. പരാതിപ്പെടുമെന്ന് അറിയിച്ചപ്പോള്‍ I DON'T CARE.. WHO CARES എന്നായിരുന്നു മറുപടി. ജനപ്രതിനിധിയാകുന്നതിന് മുന്‍പാണ് ദുരനുഭവം നേരിട്ടത് എന്നും യുവതി പറഞ്ഞു.
രാഹുലിന് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പരാതിയുമായി താനാരെയും സമീപിച്ചിട്ടില്ല. എല്ലാ കാലത്തും എല്ലാം മൂടിവെക്കാന്‍ കഴിയില്ല. സത്യം പുറത്ത് വരും. രാഹുലില്‍ നിന്ന് ദുരനുഭവം നേരിട്ട മറ്റാളുകളെയും അറിയാം യുവതി പറഞ്ഞു. അധികാരം കിട്ടിയതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിയുടെ സ്വരമുയര്‍ത്തുകയും പരാതി പറയുന്ന സ്ത്രീകളെ അവഗണിക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറിയതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുക്കലുകള്‍.
ഐ ഡോണ്ട് കെയര്‍, ഹൂ കെയേര്‍സ് എന്നീ ആറ്റിറ്റിയൂഡിലേക്ക് രാഹുല്‍ എത്തിയതും അധികാര ദുര്‍വിനിയോഗത്തിലൂടെയാണ്. പ്രവര്‍ത്തകനായിരുന്ന കാലത്ത് തന്റെ തെറ്റുകള്‍ ആരോടും പറയരുതെന്ന് അപേക്ഷിച്ചിരുന്ന രാഹുല്‍ പിന്നീട് എന്ത് പറഞ്ഞാലും തന്നെ ആരും ചോദ്യം ചെയ്യില്ലെന്ന തരത്തിലേക്ക് വരികയായിരുന്നു.
അതേസമയം യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാനാകുമോ എന്നതില്‍ നിയമോപദേശം തേടി പോലീസ്. ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദംചെലുത്തിയത് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതിനല്‍കിയിരുന്നത്. എന്നാല്‍ പരാതിയില്‍ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് പറയുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി.
ഈ ശബ്ദ സന്ദേശം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. കൂടാതെ മറുവശത്തുള്ള ആളെ സംബന്ധിച്ചും വ്യക്തവരേണ്ടതുണ്ട്. ഇതേത്തുടര്‍ന്നാണ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയില്‍ പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്. പരാതിയില്‍ പറയുന്ന യുവതി ആരെന്നോ എപ്പോള്‍, എവിടെവെച്ച് നടന്നുവെന്നോ തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.