കൊതുകിന് പോലും ആ ഉറക്കത്തെ തടയാനായില്ല; ജയിലിനുള്ളിലും നിലമ്പൂര്‍ എംഎല്‍എയ്ക്ക് സുഖ ഉറക്കമെന്ന് ബന്ധുവും പിഎയും; സതീശന്റെ പിന്തുണ കൂടി അറിഞ്ഞതോടെ കൂടുതല്‍ ഹാപ്പി! വീട്ടുകാരുമായി സംസാരിച്ചാല്‍ ഇനിയും ഓകെയാകും; അന്‍വറിന് തടവറയിലും പരമ സുഖം
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ റിമാന്റിലായ പിവി അന്‍വര്‍ എംഎല്‍എ ജയിലിലും സുഖമായി ഉറങ്ങി. ജയിലിലെ കൊതുകിനു പോലും അന്‍വറിനെ അലോസരപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് ഉയരുന്ന വാദം. എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച ബന്ധുവും പിഎയും ആണ് സുഖ ഉറക്കത്തെ കുറിച്ച് അറിയിച്ചത്. ബന്ധുവായ ഇസ്ഫാക്കറും, പിഎ സിയാദ് എന്നിവരുമാണ് അന്‍വറിനെ ജയിലിലെത്തി കണ്ടത്. കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കാര്യം ബന്ധുക്കള്‍ അന്‍വറിനെ അറിയിച്ചു. സന്ദര്‍ശനം അഞ്ച് മിനിറ്റ് നീണ്ടു നിന്നു. വീട്ടുകാരുമായി സംസാരിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു. എംഎല്‍എ ആയതു കൊണ്ട് തന്നെ ജയിലില്‍ അന്‍വറിന് പ്രത്യേക പരിഗണന ഉണ്ട്.
ഹാപ്പിയാണെന്ന് അന്‍വര്‍ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. കേസിന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അന്‍വര്‍ ഉഷാറായി ഉറങ്ങിയെന്നും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞതായും ഇരുവരും അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും മുസ്ലീം ലീഗുമെല്ലാം പിന്തുണച്ചതും അന്‍വറിനെ അറിയിച്ചു. താനൊരു നിയമസമാജികനായതുകൊണ്ട് മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്നും ഇല്ലെങ്കില്‍ പിണറായിയല്ല ആര് വിചാരിച്ചാലും അറസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നുവെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞിരുന്നു. അറസ്റ്റിലായ തന്നെ ഒരു പക്ഷെ ജയിലിലിട്ട് കൊന്നേക്കാം. ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ഞാന്‍ തിരികെ വന്നാല്‍ കാണിച്ചുകൊടുക്കാമെന്നും പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിന് ശേഷം പി വി അന്‍വര്‍ പ്രതികരിച്ചിരുന്നു.
താന്‍ കക്കാനും കൊല്ലാനും പോയതല്ല. ഒരു പാവപ്പെട്ട ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. ഒന്‍പത് ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ആറ് മരണമാണ് ഉണ്ടായത്. അതിന് ഡിഎഫ്ഒ ഓഫീസില്‍ ഒരു പ്രതിഷേധം നടത്തിയതാണ് .മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് അറസ്റ്റ് തീരുമാനം. പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പോലീസ് നീക്കം
പിണറായിക്ക് അധികാരത്തിന്റെ ജ്വരം മൂത്തിരിക്കുകയാണ്. അധികാരം അഹങ്കാരമായി മാറുകയാണ്. ദാവിദ് ഇബ്രാഹിമിനെയും വീരപ്പന്റെയും ഒക്കെ ഗണത്തില്‍ തന്നെയും പെടുത്തിയിട്ടുണ്ടാകുമെന്ന് അന്‍വര്‍ പറയുന്നു.മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാര്‍ത്ഥ വിഷയത്തില്‍ അടിയന്തര നടപടിയില്ലെന്നും അന്‍വര്‍ പ്രതികരിച്ചിരുന്നു.
ഞാന്‍ ഇവിടെ ചെയ്തത് എന്താണ്. പൊലീസിലെ വര്‍ഗീയതയെ കുറിച്ച് പറഞ്ഞു. മലപ്പുറം ജില്ലയിലെ ഒരു കമ്യൂണിറ്റിയെ ലക്ഷ്യം വച്ചുകൊണ്ട് അജിത് കുമാറും സുജിത് ദാസും നടത്തിയ തോന്ന്യവാസം പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട അനീതികള്‍ പറഞ്ഞതാണ് ഒന്നാമത്തെ തെറ്റ്. മലയോര മേഖലയിലെ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത വിധമുള്ള നിയമ ഭേതഗതികള്‍ നിയമസഭയില്‍ കൊണ്ടു വരുമ്പോള്‍ അത് ശരിയല്ലെന്ന് പറഞ്ഞതാണ് രണ്ടാമത്തെ തെറ്റ് അന്‍വര്‍ പറഞ്ഞു.
14 ദിവസത്തേക്കാണ് അന്‍വറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്.
അന്‍വര്‍, പിവി അന്‍വര്‍