ആര്‍ക്കാണോ ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്ത് അതിന്റെ സൗകര്യം പറ്റാന്‍ നോക്കുന്നത് ആ വ്യക്തിയാകും പൂരം കലക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്? ആ വ്യക്തി പിണറായിയോ റിയാസോ? തൃശൂര്‍ പൂരത്തില്‍ അന്‍വര്‍ പറയാതെ പറഞ്ഞത് കൊള്ളുന്നത് പിണറായി കുടുംബത്തിന്

തൃശൂര്‍ പൂരം കലക്കല്‍ പോലും കുടുംബത്തിന് വേണ്ടിയാണെന്ന് വരുത്തുകയാണ് അന്‍വറിന്റെ ലക്ഷ്യം

Update: 2024-09-26 14:38 GMT

മലപ്പുറം: തൃശൂര്‍ പൂരം കലക്കലിലെ വില്ലന്‍ മുഖ്യമന്ത്രി പിണറായി വിജയനോ? ആണെന്ന സൂചനയാണ് പിവി അന്‍വര്‍ നല്‍കുന്നത്. തൃശൂര്‍ പൂര വിവാദത്തിനും പുതിയ തലം നല്‍കുന്നതാണ് അന്‍വറിന്റെ വാര്‍ത്താ സമ്മേളനം. പ്രതിപക്ഷം ആരോപിച്ചത് അന്‍വറും പറയാതെ പറയുന്നു. സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും വെട്ടിലാക്കുന്നതാണ് ഈ പരാമര്‍ശം.

എഡിജിപി പൂരം കലക്കിയ വിവരം മുഖ്യമന്ത്രിക്ക് അറിയാമോ എന്ന ചോദ്യത്തിനു പാര്‍ട്ടി സെക്രട്ടറിയോട് ചോദിക്കാനായിരുന്നു അന്‍വറിന്റെ മറുപടി. ഒരു വ്യക്തിക്ക് വേണ്ടി ഈ പാര്‍ട്ടിയെ ബലി കൊടുക്കരുത്. ഒരു വ്യക്തി എന്ന് പറഞ്ഞത് മുഹമ്മദ് റിയാസിനെയാണെന്നും അന്‍വര്‍ ആവര്‍ത്തിച്ചു. സിപിഎം കേന്ദ്ര നേതൃത്വത്തോട് പരാതി പറയുമോ എന്ന ചോദ്യത്തിനു കേരളവും കേന്ദ്രവുമെല്ലാം ഒന്നല്ലേ എന്നും അന്‍വര്‍ മറുപടി പറഞ്ഞു. ''ആര്‍ക്കാണോ ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്ത് അതിന്റെ സൗകര്യം പറ്റാന്‍ നോക്കുന്നത് ആ വ്യക്തിയാകും പൂരം കലക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ആ വ്യക്തി ആരാണെന്ന് തനിക്കറിയില്ല. ബിജെപിയെ കുറ്റം പറയാനാകില്ല. ഫൈന്‍ പ്ലേയാണ് അവര്‍ കളിച്ചത്. അതിനു സൗകര്യമുണ്ടാക്കി കൊടുത്തത് ആരാണെന്ന് കണ്ടുപിടിക്കണം-ഇതാണ് പിണറായിയ്‌ക്കെതിരെ അന്‍വര്‍ പറഞ്ഞു വയ്ക്കണം.

ഇതിനൊപ്പം റിയാസിനേയും കടന്നാക്രമിക്കുന്നത്. തൃശൂര്‍ പൂരം കലക്കല്‍ പോലും കുടുംബത്തിന് വേണ്ടിയാണെന്ന് വരുത്തുകയാണ് അന്‍വറിന്റെ ലക്ഷ്യം. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ പറഞ്ഞു. 'പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി.വി. അന്‍വറിന്റെ നെഞ്ചത്ത് കേറാന്‍ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?', അന്‍വര്‍ ചോദിച്ചു.

കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലേയും എല്ലാ വലിയ നേതാക്കളും ഒറ്റക്കെട്ടാണ്. കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി അതാണ്. അതിപ്രമാദമായ ഒരുകേസും തെളിയില്ല. എന്താ തെളിയാത്തത്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ഒന്നിലും ഇടപെടാന്‍ കഴിയില്ല. എട്ടുകൊല്ലത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവന, പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയത്തില്‍ ഇടപെടുന്നതില്‍നിന്ന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു എന്നതാണ്. പോലീസില്‍ മാത്രമല്ല. അത് സര്‍ക്കാരിന്റെ എട്ടുകൊല്ലത്തെ സംഭാവനയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

''മലപ്പുറത്തെ പാര്‍ട്ടി നേതാക്കള്‍ പച്ച സാധുക്കളാണ്. അത്ര അധികാരവും ശേഷിയുമേ അവര്‍ക്ക് കൊടുത്തിട്ടുള്ളൂ. അതുവച്ച് പരമാവധി അവര്‍ പാര്‍ട്ടിയെ ഉണ്ടാക്കാന്‍ നോക്കുകയാണ്. നിയമസഭയില്‍ കാര്യങ്ങള്‍ ഉന്നയിക്കുമോയെന്ന ചോദ്യത്തിനു നിയമസഭയില്‍ ഉണ്ടായിട്ടല്ലേ എന്നായിരുന്നു മറുപടി. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സംരക്ഷിച്ചാണ് ഞാന്‍ സമരം ചെയ്തിരുന്നത്. ഈ സാധുവിന് ഒന്നും പറ്റരുത് പക്ഷെ ശശി തെറിക്കണമെന്നാണ് ഞാന്‍ കരുതിയത്.

എംഎല്‍എ പദവി രാജിവയ്ക്കുമെന്ന് ആരും കരുതേണ്ട. ജനങ്ങളാണ് ആ മൂന്നക്ഷരം നല്‍കിയത്. ഞാന്‍ മഹാത്മഗാന്ധിയുടെ പേരക്കുട്ടിയൊന്നുമല്ല. പാര്‍ലമെന്ററി പാര്‍ട്ടി നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം നടക്കും. അവിടെ എന്ത് പറയാനാണ്? അവിടെ നിന്ന് കാര്യങ്ങള്‍ ഇങ്ങോട്ട് പറയും. ഈ വരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് എന്റെ വിശ്വാസം. ഡിവൈഎഫ്‌ഐക്കാരൊക്കെ ഇപ്പോഴും ചോറു കൊടുക്കുകയാണ്. അവര്‍ എന്നോടൊപ്പമാണ്. അവരോടൊപ്പം ഞാന്‍ ഉണ്ടാകും. കിട്ടിയതൊന്നും ഞാന്‍ വിടില്ല.

ജനങ്ങളോട് പിന്തുണയുള്ള നേതാക്കളാണ് എന്നെ പിന്തുണയ്ക്കുന്നത്. പേരു പറയാന്‍ ഒരു ബുക്ക് വേണ്ടി വരും. പാര്‍ട്ടി തള്ളിയാല്‍ ഞാന്‍ നടുപക്ഷത്ത് നില്‍ക്കും. നടുക്കൊരു സീറ്റ് തരണമെന്ന് സ്പീക്കറോട് പറയും. അങ്ങോട്ടും ഇങ്ങോട്ടുമില്ല. ജവഹര്‍ലാല്‍ നെഹ്‌റു എന്ന മഹാവ്യക്തി കിടന്നുറങ്ങിയ വീടാണ് എന്റേത്. ഞാന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞത് വക്രീകരിച്ചതാണ്. കോണ്‍ഗ്രസുകാര്‍ എന്റെ വാക്കുകളെ വക്രീകരിച്ചു. എന്നെ സംബന്ധിച്ച് രാഹുല്‍ കുടുംബം ബഹുമാനപ്പെട്ടതാണ്. രാജീവ് ഗാന്ധി മരിക്കുന്നതിനു മുന്നേ മഞ്ചേരിയില്‍ വന്നിരുന്നു. ആന്റണിയും കരുണാകരനും കാറുമായി നിന്നപ്പോള്‍ രാജീവ് ഗാന്ധി വന്നു കയറിയത് വാപ്പയുടെ കാറിലാണ്. രാഹുല്‍ ഗാന്ധിയോട് ഭയങ്കര ബഹുമാനമാണ്.'' അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News