തനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും നല്‍കാനുള്ളതിനെ കുറിച്ചും സ്വന്തം കൈപ്പടയില്‍ എഴുതി; എല്ലാം ഭാര്യയ്ക്ക് അറിയാമെന്നും വെളിപ്പെടുത്തല്‍; ജീവനക്കാരുടെ കഠിനാധ്വാനത്തിന് നന്ദി; കുടുംബത്തോട് മാപ്പും; ആത്മഹത്യ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചതോ? റോയിയുടെ ആത്മഹത്യാ കുറിപ്പ് നിര്‍ണ്ണായകമോ?
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായി അദ്ദേഹം എഴുതിയ ആത്മഹത്യാക്കുറിപ്പ് മാറുമെന്ന് റിപ്പോര്‍ട്ട്. അതീവ വികാരനിര്‍ഭരമായ കുറിപ്പില്‍ തന്റെ വിയോഗത്തിന് ശേഷം ബിസിനസ് സാമ്രാജ്യം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിനെക്കുറിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് അദ്ദേഹം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല,
ഇതാദ്യമായാണ് റോയിയുടെ മരണമൊഴിയെന്ന് വിശേഷിപ്പിക്കാവുന്ന കുറിപ്പിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. താന്‍ ഇത്തരമൊരു കടുത്ത തീരുമാനമെടുക്കുന്നതില്‍ കുടുംബാംഗങ്ങളോട് അദ്ദേഹം മാപ്പപേക്ഷിക്കുന്നുണ്ട്. എന്നാല്‍ വെറുമൊരു വികാരപ്രകടനം എന്നതിലുപരി, തന്റെ അഭാവത്തില്‍ സ്ഥാപനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ആര്‍ക്കൊക്കെയായിരിക്കണമെന്നും പിന്‍ഗാമികള്‍ ആരെല്ലാമായിരിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
വര്‍ഷങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിനൊപ്പം വിശ്വസ്തരായി നില്‍ക്കുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഒരു കാരണവശാലും തഴയരുതെന്ന് അദ്ദേഹം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിനസ് രംഗത്തെ തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കഠിനാധ്വാനത്തെ കുറിപ്പില്‍ നന്ദിയോടെ സ്മരിക്കുന്നു.
സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും കുറിപ്പിലുണ്ട്. തനിക്ക് ലഭിക്കാനുള്ള പണത്തെക്കുറിച്ചും നല്‍കാനുള്ളതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. സാമ്പത്തിക രഹസ്യങ്ങളെക്കുറിച്ച് തന്റെ ഭാര്യക്ക് പൂര്‍ണ്ണമായ അറിവുണ്ടെന്ന് റോയി കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു. മുന്‍പ് നടന്ന ഒരു അഭിമുഖത്തിലും തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ഭാര്യയുമായി ചര്‍ച്ച ചെയ്യാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ റോയിയുടെ ഭാര്യയുടെയും മക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആദായനികുതി റെയ്ഡും അതിനുണ്ടായ സാഹചര്യങ്ങളും ഈ കുറിപ്പിലെ വിവരങ്ങളുമായി ചേര്‍ത്ത് പോലീസ് പരിശോധിച്ചുവരികയാണ്.
കത്തില്‍ പറയുന്ന കാര്യങ്ങള്‍ സാമ്പത്തിക രേഖകളുമായി ഒത്തുനോക്കുന്നതോടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് വെളിച്ചം വീശാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
