ആചാരലംഘനം നടന്നുവെന്ന് ദേവസ്വം ബോര്‍ഡിന് പരാതി അയച്ചത് ക്ഷേത്ര ഉപദേശക സമിതി; പരിഹാരം തേടി തന്ത്രിക്ക് കത്തയച്ചത് ദേവസ്വം ബോര്‍ഡ്; പരിഹാരം നിര്‍ദേശിച്ച് തന്ത്രി മറുപടി കത്ത് നല്‍കി; കാര്യങ്ങള്‍ നടന്നത് മുറ പോലെ: സിപിഎം ന്യായീകരണം ഏശാതെ ആറന്മുള വള്ളസദ്യ വിവാദം

Update: 2025-10-16 04:35 GMT

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ആരുടെയെങ്കിലും വിവാദ സൃഷ്ടിയാണോ? ആണെന്ന സിപിഎം വാദം പൊളിച്ച് അടുക്കിയിരിക്കുകയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തന്ത്രി. വിവാദം ചിലര്‍ ഉണ്ടാക്കിയതാണെന്നും സംഘപരിവാര്‍ മാധ്യമങ്ങള്‍ അതിന് പ്രചാരണം നല്‍കിയെന്നുമുള്ള സിപിഎം വിശദീകരണം ക്ഷേത്രം തന്ത്രിയും ഉപദേശക സമിതിയും രംഗത്തു വന്നതോടെ പൊളിഞ്ഞു. വള്ളസദ്യ ദേവസ്വം ബോര്‍ഡ് അടിച്ചു മാറ്റാന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപവുമായി പളളിയോട സേവാസംഘവും രംഗത്തുണ്ട്.

കൃത്യമായ ആചാര ലംഘനം നടന്നുവെന്ന് ഉപദേശക സമതി പറയുമ്പോള്‍ കീഴ്വഴക്കം മാത്രമാണ് ഉണ്ടായതെന്നാണ് പള്ളിയോട സേവാസംഘം പ്രസിഡന്റിന്റെ നിലപാട്. തനിക്ക് മുന്‍പില്‍ ലഭിച്ച വിവരങ്ങളും ദേവസ്വം ബോര്‍ഡിന്റെ കത്തും നോക്കിയാണ് പരിഹാരം നിര്‍ദേശിച്ചതെന്ന് തന്ത്രിയും പറയുന്നു.

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി ക്ഷേത്ര ഉപദേശകസമിതി ഇന്നലെ പത്തനംതിട്ട പ്രസ ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വള്ളസദ്യയ്ക്ക് സമീപം ദീപം തെളിച്ച് മന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികള്‍ക്ക് സദ്യവിളമ്പുന്നത് രാവിലെ 10.45നാണ്. ഈ സമയത്ത് തന്ത്രിയുടെ നേതൃത്വത്തില്‍ കളഭാഭിഷേകത്തിനുള്ള കലശം പൂജ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കളഭാഭിഷേകത്തിനു ശേഷമാണ് ഉച്ചപൂജക്കുള്ള നിവേദ്യം എഴുന്നള്ളിക്കുന്നത്. അതും കഴിഞ്ഞേ സദ്യ പാടൂളളു. എന്നാല്‍, ഇത് പാലിക്കാതെയാണ് പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ സദ്യ വിളമ്പിയതെന്ന് ആറന്മുള ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികള്‍ പറഞ്ഞു. പൂജ കഴിഞ്ഞില്ലെന്ന വിവരം പള്ളിയോട സേവാസംഘത്തെ അറിയിച്ചെങ്കിലും ഇത് പരിഗണിച്ചില്ല. തുടര്‍ന്ന് ക്ഷേത്ര ഉപദേശകസമിതി യോഗം ചേരുകയും ഇക്കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായം തേടി കത്ത് നല്‍കുകയുമായിരുന്നു. ദേവസ്വം ബോര്‍ഡിനും പരാതി നല്‍കി.

ഇതിന്റെ തുടര്‍ച്ചയായി ദേവസ്വം ബോര്‍ഡ് തന്നെ തന്ത്രിക്ക് കത്ത് നല്‍കി. ഇതിനുള്ള മറുപടിയാണ് തന്ത്രി പരിഹാരക്രിയകള്‍ നിര്‍ദേശിച്ചത്. ഇവ പള്ളിയോട സേവാസംഘത്തിന്റെ ചെലവില്‍ വൃശ്ചികം ഒന്നിന് മുമ്പ് തന്നെ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ദേവസ്വംമന്ത്രി വി.എന്‍. വാസവനും മറ്റ് വിശിഷ്ടാതിഥികള്‍ക്കും വീഴ്ചയുണ്ടെന്ന് കരുതുന്നില്ല. ക്ഷേത്ര ചടങ്ങുകളെക്കുറിച്ച് കൃത്യമായ ധാരണ അവര്‍ക്കുണ്ടാകണമെന്നില്ല. പിഴവ് സംഭവിച്ചത് പള്ളിയോട സേവാ സംഘത്തിനാണെന്നും ഇവര്‍ പറഞ്ഞു. ആറന്മുള ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് വിജയന്‍ വിജയന്‍ നടമംഗലത്ത്, സെക്രട്ടറി ശശി കണ്ണങ്കേരില്‍, ശ്രീജിത്ത് വടക്കേടത്ത്, രാജശേഖരന്‍ നായര്‍, ശ്രീകുമാര്‍ ആലങ്ങാട്ട്, മുരുകന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വള്ളസദ്യയില്‍ നിന്നും പള്ളിയോട സേവാസംഘത്തെ ഒഴിവാക്കാനുള്ള നീക്കം:

കെ.വി.സാംബദേവന്‍.

ആചാരലംഘന വിവാദത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ പറഞ്ഞു.

ചടങ്ങുകളുമായി ബന്ധപ്പെട്ട് തെറ്റ് ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും. എന്നാല്‍ ദേവസ്വം മന്ത്രി പങ്കെടുത്തത് ആചാരപരമായ വള്ള സദ്യയില്‍ അല്ല. അതിഥികള്‍ക്ക് മാത്രമായി സദ്യ നേരത്തെ വിളമ്പിയത് തെറ്റാണെങ്കില്‍ തിരുത്തും. മുന്‍പും അതിഥികള്‍ക്ക് മാത്രമായി ഊട്ടുപുരയില്‍ സദ്യ നേരത്തെ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ വിഷയം വിവാദമാക്കുന്നത് വള്ളസദ്യ നടത്തിപ്പില്‍ നിന്നും പള്ളിയോട സേവാസംഘത്തെ ഒഴിവാക്കാനുള്ള നീക്കമാണ്. ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പരിഹാരം നിര്‍ദേശിച്ചത് ദേവസം ബോര്‍ഡിന്റെ ആവശ്യപ്രകാരം: തന്ത്രി.

ആറന്മുള വള്ളസദ്യയിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് പരിഹാരക്രിയ

ആവശ്യപ്പെട്ടത് ദേവസ്വം ബോര്‍ഡ് എന്ന് ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാസുദേവ ഭട്ടതിരിപ്പാട്. ക്ഷേത്രം ഉപദേശക സമിതി ആചാരലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കത്തു നല്‍കിയിരുന്നു. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ക്ഷേത്രത്തിന്റെ കസ്റ്റോഡിയന്‍ എന്നിരിക്കേ അവര്‍ ആവശ്യപ്പെടണമെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ കത്ത് ലഭിച്ചു. ഇതിന് നല്‍കിയ മറുപടിയിലാണ് പരിഹാരക്രിയകള്‍ നിര്‍ദ്ദേശിച്ചതെന്നും തന്ത്രി പറഞ്ഞു.

Tags:    

Similar News