പ്രായപൂര്‍ത്തിയായപ്പോള്‍ ഓയൂരിലെ വിഷ്ണുവിനൊപ്പം ജീവിതം തുടങ്ങി; ആ താളപ്പിഴയ്ക്കിടെ ആദ്യ കിണറ്റില്‍ ചാട്ടം; പിന്നീട് ഇസ്മായിലിനൊപ്പം ചേര്‍ന്നപ്പോഴും ആ മോഡല്‍ ആത്മഹത്യ ശ്രമം ആവര്‍ത്തിച്ചു; ബാറിലെ ജോലിക്കാരന്‍ ശിവകൃഷ്ണന്റെ മര്‍ദ്ദനം സഹിക്കാതെ ചാടിയതും കിണറ്റില്‍; ഒന്നില്‍ പിഴച്ചപ്പോള്‍ മൂന്നില്‍ തീര്‍ന്ന അര്‍ച്ചന; ആനക്കോട്ടൂരിലേത് കുടുംബബന്ധത്തിലെ താളപ്പിഴ
കൊല്ലം: കൊട്ടാരക്കര നെടുവത്തൂര്‍ ആനക്കോട്ടൂരില്‍ കിണറാഴത്തില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞതിന്റെ മുഖ്യകാരണം കുടുംബ ബന്ധങ്ങളിലെ പ്രശ്‌നം. ആദ്യ ഭര്‍ത്താവ് വിഷ്ണുവിനൊപ്പം ഓയൂരിനടുത്ത് താമസിക്കുമ്പോള്‍ ഗര്‍ഭിണിയായിരിക്കെ അര്‍ച്ചന കിണറ്റില്‍ ചാടി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. അന്ന് ഗര്‍ഭം അലസിപ്പോയി. പിന്നീട് ഒരു തവണകൂടി ഗര്‍ഭം അലസിപ്പോവുകയുണ്ടായി. അതിന് ശേഷം ഇസ്മായിലുമായി അടുത്തു. ഇസ്മായിലിന്റെ കൂടെ താമസിക്കുമ്പോഴും അര്‍ച്ചന കിണറ്റില്‍ ചാടി. ആഴമില്ലാത്ത കിണറായതിനാല്‍ പരിക്കില്ലാതെ രണ്ടു തവണ രക്ഷപെട്ടു. മൂന്നാം തവണയാണ് ആനക്കോട്ടൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. അപ്പോള്‍ ശിവകൃഷ്ണനായിരുന്നു പങ്കാളിയായി വീട്ടിലുണ്ടായിരുന്നത്. ഈ ശിവകൃഷ്ണന്റെ അബദ്ധമാണ് ദുരന്തമായി മാറിയത്. അര്‍ച്ചനയ്ക്കും ശിവകൃഷ്ണനുമൊപ്പം രക്ഷിക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും മരിച്ചു. നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന, സുഹൃത്ത് ശിവകൃഷ്ണന്‍, കൊട്ടാരക്കര അഗ്നിരക്ഷാസേന യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ സോണി എസ്.കുമാര്‍ എന്നിവരാണ് കിണറിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ചത്.
ആയുര്‍വേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന അര്‍ച്ചന തൃശൂര്‍, എറണാകുളം, വയനാട് ഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. അശോകന്‍- മിനി ദമ്പതികളുടെ മകളാണ് അര്‍ച്ചന. ചെറുപ്പത്തില്‍ തന്നെ അശോകനും മിനിയും ബന്ധം വേര്‍പിരിഞ്ഞു. പ്രായപൂര്‍ത്തിയായപ്പോള്‍ ഓയൂരില്‍ വിഷ്ണുവിനൊപ്പം അര്‍ച്ചന ജീവിതം തുടങ്ങി. ഈ ബന്ധത്തിലുള്ളതാണ് മൂന്ന് മക്കളും. പിന്നീട് വിഷ്ണുവിനെ ഉപേക്ഷിച്ച് ഇസ്മയിലിനൊപ്പം ജീവിതം തുടങ്ങി. ഇതിനിടയില്‍ ലൈഫ് പദ്ധതിയില്‍ അനുവദിച്ചതാണ് ആനക്കോട്ടൂരിലെ അഞ്ച് സെന്റ് ഭൂമി. വീടു പണി നടക്കുന്നതേ ഉള്ളൂ. പൂര്‍ത്തിയാകാത്ത വീട്ടിലാണ് രണ്ട് വര്‍ഷമായി അര്‍ച്ചനയും മക്കളും താമസിച്ചിരുന്നത്. ആനക്കോട്ടൂര്‍ തൈവിളമുക്കില്‍ വാടക വീട്ടില്‍ താമസിക്കുന്ന അമ്മ മിനിക്കൊപ്പം മക്കളെ ഏല്‍പ്പിച്ചിട്ടാണ് അര്‍ച്ചന ആയുര്‍വേദ തെറാപ്പിസ്റ്റ് ജോലിക്ക് പോകുന്നത്.
രണ്ട് മാസം മുമ്പ് കൂടെക്കൂടിയതാണ് ശിവകൃഷ്ണന്‍. എറണാകുളത്ത് ബാറിലെ ജീവനക്കാരനായ ശിവകൃഷ്ണന്‍. അമിതമായി മദ്യം കഴിക്കുന്ന ആളാണ് ശിവകൃഷ്ണന്‍. ശിവകൃഷ്ണനും അയാളുടെ സുഹൃത്ത് അക്ഷയ്, ഭാര്യ അഞ്ജുവും അര്‍ച്ചനയും മക്കളുമാണ് ഞായറാഴ്ച രാത്രി വീട്ടിലുണ്ടായിരുന്നത്. രാത്രി പത്തോടെ ശിവകൃഷ്ണന്‍ മദ്യലഹരിയിലായി. ശേഷിക്കുന്ന മദ്യം അര്‍ച്ചന ഒളിപ്പിച്ചുവച്ചു. ഇത് മര്‍ദ്ദനമായി മാറി. ക്രൂരമായി അര്‍ച്ചനയെ മര്‍ദ്ദിച്ചു. മറ്റുള്ളവര്‍ തടസം പിടിച്ചതുമില്ല. മര്‍ദ്ദനമേറ്റതിന്റെ പാടുകളും പല്ലിനിട്ട കമ്പി ചുണ്ടില്‍ മുറിവേല്‍പ്പിച്ചതുമടക്കം അര്‍ച്ചന മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കുട്ടികളെയും ശിവകൃഷ്ണന്‍ മര്‍ദ്ദിക്കാറുണ്ട്. സഹികെട്ടാണ് അര്‍ച്ചന വീടിന് പുറത്തേക്കിറങ്ങി കിണറ്റില്‍ ചാടിയത്. കേരള കൗമുദിയാണ് ഈ വിശദാംശങ്ങള്‍ വാര്‍ത്തയാക്കിയത്.
കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിണറിടിഞ്ഞ് വീണ് മൂന്നുപേരുടെ ജീവന്‍ നഷ്ടമായത്. ശിവകൃഷ്ണന്‍ തന്നെയാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടര്‍ന്ന് കൊട്ടാരക്കരയില്‍നിന്ന് സോണി എസ്.കുമാര്‍ ഉള്‍പ്പെടെയുള്ള അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി. സോണിയാണ് അര്‍ച്ചനയെ കിണറ്റിലിറങ്ങി രക്ഷിക്കാനായി മുന്നിട്ടിറങ്ങിയത്. ഇതിനുമുന്‍പ് അഗ്നിരക്ഷാസേനാംഗങ്ങള്‍ അര്‍ച്ചനയുമായി സംസാരിക്കുകയുംചെയ്തിരുന്നു. എല്ലാസംവിധാനങ്ങളുമായി കയര്‍ കെട്ടി സോണി കിണറ്റിലിറങ്ങി. അര്‍ച്ചനയെ സുരക്ഷിതമായി മുകളിലേക്ക് കയറ്റുന്നതിനിടെ ദുരന്തമുണ്ടായി. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ കിണറിന് സമീപത്തുനിന്ന് മാറിനില്‍ക്കാന്‍ അഗ്നിരക്ഷാസേനാംഗങ്ങള്‍ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശിവകൃഷ്ണന്‍ മാത്രം അനുസരിച്ചില്ല. അര്‍ച്ചനയെ മുകളിലേക്ക് കൊണ്ടുവരുന്നതിനിടെ ശിവകൃഷ്ണന്‍ ടോര്‍ച്ചടിച്ച് വെളിച്ചം തെളിക്കാനായി കിണറിന് സമീപത്തെത്തി. ഇതോടെ കിണറിന്റെ കൈവരി തകര്‍ന്നുവീഴുകയായിരുന്നു. ഒപ്പം ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. തകര്‍ന്ന കൈവരിയുടെ കല്ലുകളും മറ്റും പതിച്ചത് സോണിയുടെയും അര്‍ച്ചനയുടെയും ദേഹത്തേക്കായിരുന്നു. അത് അവരുടെ മരണ കാരണമായി. ശിവകൃഷ്ണനും മരിച്ചു.
സാണി കിണറ്റിലിറങ്ങി അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പാര്‍ശ്വഭിത്തിയോട് ചേര്‍ന്ന് നിന്ന് ടോര്‍ച്ചടിച്ച് നല്‍കുകയായിരുന്നു ശിവകൃഷ്ണന്‍. മദ്യലഹരിയിലായിരുന്ന ഇയാളോട് മാറി നില്‍ക്കാന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പലവട്ടം പറഞ്ഞെങ്കിലും കേട്ടില്ല. അതിനിടെയാണ് ശിവകൃഷ്ണന്‍ നിന്നതിന്റെ എതിര്‍ഭാഗത്തെ പാര്‍ശ്വഭിത്തി ഇടിഞ്ഞത്. അതിനൊപ്പം ശിവകൃഷ്ണനും കിണറ്റിലേക്ക് വീഴുകയായിരുന്നു. പാര്‍ശ്വഭിത്തിയോട് ചേര്‍ന്നുനിന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ സുഫൈല്‍ കഷ്ടിച്ച് രക്ഷപ്പെട്ടു-ഇതാണ് ഫയര്‍ഫോഴ്സ് നല്‍കുന്ന വിശദീകരണം.