ജഡ്ജി എട്ടാം പ്രതിയുടെ ഫാന്‍ ആയതുകൊണ്ടല്ല കേസ് പൊളിഞ്ഞത്; ഗൂഢാലോചന തെളിയിക്കാന്‍ ക്യത്യമായ തെളിവുകള്‍ വേണം; കോടതികള്‍ ആള്‍ക്കൂട്ട നീതിക്ക് കീഴടങ്ങിയാല്‍ കാടന്‍ നിയമം മാത്രമേ ബാക്കിയുണ്ടാകൂ: നടി ആക്രമിക്കപ്പെട്ട കേസ് വിധിയില്‍ ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു

Update: 2025-12-09 11:19 GMT

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതോടെ, ഒരുവിഭാഗം ജുഡീഷ്യറിക്കെതിരെ വിമര്‍ശനം ചൊരിയുകയാണ്. അതിജീവിതയുടെ ഒപ്പം നില്‍ക്കുന്നതിന്റെ പേരില്‍ നാടകങ്ങള്‍ അരങ്ങേറുന്നതിനെതിരെ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ആരിഫ് ഹുസൈന്‍ തെരുവത്ത്. 'കോടതികള്‍ നടക്കുന്നത് 'Vibes' വെച്ചല്ല ജഡ്ജിമാര്‍ പെട്ടെന്ന് 8-ാം പ്രതിയുടെ ഫാന്‍ ആയതുകൊണ്ടല്ല കേസ് പൊളിഞ്ഞത്. ഗൂഢാലോചന (Conspiracy) തെളിയിക്കാന്‍ കൃത്യമായ തെളിവുകള്‍ വേണം'- ആരിഫ് കുറിച്ചു.

ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ദിലീപ് കേസ് വിധി വന്നതോടെ കാര്യങ്ങള്‍ ആകെ കലങ്ങി മറിഞ്ഞിരിക്കുകയാണ്.

സെലിബ്രിറ്റി ഫാനുകളും, പാതി വെന്ത 'justice warriors'ഉം, നമ്മുടെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യവും കൂടി ഇതൊരു ദുരന്തമാക്കാനുള്ള പുറപ്പാടിലാണ്. ദിലീപിനെ വെറുതെ വിട്ടപ്പോള്‍ സ്വാഭാവികമായും വലിയ വികാരവിക്ഷോഭങ്ങള്‍ (outrage) ഉണ്ടായി. പക്ഷേ ഈ നാട്ടില്‍ ആളുകളെ ദേഷ്യം പിടിപ്പിക്കാന്‍ എളുപ്പമാണ്, കാര്യങ്ങള്‍ യുക്തിപൂര്‍വ്വം ചിന്തിക്കാനാണ് പാട്. ഹാഷ്ടാഗുകള്‍ക്കും ഈ 'moral theater'-നും അപ്പുറം എന്താണ് യാഥാര്‍ത്ഥ്യമെന്ന് നമുക്കൊന്ന് നോക്കാം.

1. കോടതികള്‍ നടക്കുന്നത് 'Vibes' വെച്ചല്ല ജഡ്ജിമാര്‍ പെട്ടെന്ന് 8-ാം പ്രതിയുടെ ഫാന്‍ ആയതുകൊണ്ടല്ല കേസ് പൊളിഞ്ഞത്. ഗൂഢാലോചന (Conspiracy) തെളിയിക്കാന്‍ കൃത്യമായ തെളിവുകള്‍ വേണം. 'അയാള്‍ പവറുള്ളവനാണ്, അതുകൊണ്ട് അയാള്‍ തന്നെയാകും ഇത് ചെയ്തത്' എന്ന് വിശ്വസിക്കാന്‍ സിനിമയില്‍ നല്ല രസമായിരിക്കും, പക്ഷേ കോടതിയില്‍ ആ 'logic' ചിലവാകില്ല. 'Evidence' ആണ് പ്രധാനം, അല്ലാതെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളല്ല. പ്രോസിക്യൂഷന്‍ കേസ് പകുതിയും മീഡിയ പ്രഷറിലും ധാര്‍മ്മികതയിലും (public morality) കെട്ടിപ്പൊക്കിയതാണെങ്കില്‍, ഡിഫന്‍സിന് അതില്‍ ഓട്ട വീഴ്ത്താന്‍ എളുപ്പമാണ്. അതൊരു 'moral victory' ഒന്നുമല്ല, അത് 'legal reality' ആണ്.

2. വിമര്‍ശിക്കാം, പക്ഷേ സ്ഥാപനങ്ങളെ തകര്‍ക്കരുത് (Don't Sabotage) വിധി ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിമര്‍ശിക്കുന്നത് 'free speech' ആണ്. പക്ഷേ, തെളിവൊന്നുമില്ലാതെ കോടതിക്ക് അഴിമതിയാണെന്ന് വരുത്തിതീര്‍ക്കാന്‍ നോക്കുന്ന വക്കീലന്മാര്‍ ചെയ്യുന്നത് അപകടകരമായ കളിയാണ്. ഇതൊരു 'dog whistle' ആണ്. ജനങ്ങളുടെ ദേഷ്യം ജഡ്ജിക്ക് നേരെ തിരിച്ചുവിട്ട്, സ്വന്തം പ്രോസിക്യൂഷന്‍ പരാജയം മറച്ചുവെക്കാനുള്ള തന്ത്രം. ഇത് ഫെമിനിസമല്ല, നീതിയുമല്ല. വെറും രാഷ്ട്രീയ തന്ത്രമാണ് (populist manipulation).

3. ആള്‍ക്കൂട്ട നീതി നീതിയല്ല, അത് പാകിസ്ഥാനിലെ അവസ്ഥയാണ് വികാരഭരിതരായ ആള്‍ക്കൂട്ടം (mobs) കോടതികളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ 'due process' എന്നൊന്നില്ല. പിന്നെ കാര്യങ്ങള്‍ കൈവിട്ടുപോകും. നീതിക്ക് പകരം 'street power' ഭരിക്കും. ജാതിയും മതവും രാഷ്ട്രീയവും നോക്കി വിധി തീരുമാനിക്കുന്ന അവസ്ഥ വരും. പാകിസ്ഥാനില്‍ ഒക്കെ കാണുന്ന പോലെ, ഇഷ്ടമില്ലാത്ത വിധി വന്നാല്‍ കോടതിയിലേക്ക് കല്ലെറിയുന്ന അവസ്ഥയിലേക്ക് നമ്മളും എത്തും. അംബേദ്കര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, ജനാധിപത്യത്തിന് നമ്മള്‍ അത്ര പരുവപ്പെട്ടിട്ടില്ല എന്ന്. ഇന്ത്യയെ പിടിച്ചുനിര്‍ത്തുന്നത് 'public opinion' അല്ല, 'rule of law' ആണ്. അതിനെ തകര്‍ത്താല്‍ ജനാധിപത്യം ആള്‍ക്കൂട്ടത്തിന്റെ കളിപ്പാവയാകും.

4. കോടതിയലക്ഷ്യം (Contempt of Court) ഒരു സേഫ്റ്റി ലോക്കാണ് കോടതിയെ തെറി വിളിക്കാന്‍ 'free speech' ഉപയോഗിക്കുന്നവര്‍ക്ക് കാര്യത്തിന്റെ ഗൗരവം അറിയില്ല. നാഗരികതക്കും അരാജകത്വത്തിനും (chaos) ഇടയില്‍ നില്‍ക്കുന്ന ഒരേയൊരു മതിലാണ് കോടതി. അത് തകര്‍ത്താല്‍ പിന്നെ കളിയില്ല, യുദ്ധം മാത്രം. റഫറി ഇല്ലാതെ എന്ത് കളി?

5. അതിജീവിതയുടെ കാര്യമോ? അതിജീവിതയ്ക്ക് പിന്തുണ (solidarity) കൊടുക്കാന്‍ നീതിന്യായ വ്യവസ്ഥയെ കത്തിക്കേണ്ട കാര്യമില്ല. സിസ്റ്റം പരാജയപ്പെട്ടെങ്കില്‍ അപ്പീല്‍ പോകണം. അതാണ് വഴി. പ്രോസിക്യൂഷന് പിഴച്ചെങ്കില്‍ സിസ്റ്റം നന്നാക്കുകയാണ് വേണ്ടത്. അല്ലാതെ വികാരപ്രകടനം നടത്തിയിട്ട് കാര്യമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നു എന്ന് പറഞ്ഞ് ഹിസ്റ്റീരിയ (hysteria) ഉണ്ടാക്കുന്നത് അടുത്ത സ്ത്രീക്ക് കൂടി നീതി കിട്ടാതിരിക്കാനേ ഉപകരിക്കൂ.

നമ്മള്‍ എവിടെ നില്‍ക്കണം?

1. അതിജീവിതയുടെ കൂടെ നില്‍ക്കുക - പക്ഷേ നാടകങ്ങള്‍ക്കല്ല, നല്ല അന്വേഷണത്തിനും നിയമ പരിഷ്‌കരണത്തിനും (reforms) വേണ്ടി. തെളിവുകളിലൂടെ കുറ്റവാളിയെ ശിക്ഷിക്കാന്‍ വേണ്ടി.

2. ജുഡീഷ്യറിയുടെ കൂടെ നില്‍ക്കുക - കണ്ണടച്ച് വിശ്വസിക്കാനല്ല, 'due process' സംരക്ഷിക്കാന്‍.

3. ആള്‍ക്കൂട്ട നീതിക്കെതിരെ നില്‍ക്കുക - അവര്‍ പറയുന്നത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ പോലും.

4. കേസ് തോറ്റതിന്റെ ക്ഷീണം മാറ്റാന്‍ കോടതിയെ കുറ്റം പറയുന്ന വക്കീലന്മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരെ നില്‍ക്കുക.

നീതി കിട്ടാന്‍ വൈകും, കുറവുകളുണ്ടാകും. പക്ഷേ അതിന് പകരം 'outrage' കൊണ്ടുവന്നാല്‍ കിട്ടുന്നത് നീതിയല്ല, അരാജകത്വമാണ് (anarchy dressed as virtue). ഇന്ത്യ ഇന്നും പാകിസ്ഥാന്‍ പോലെ ആകാത്തത് നമ്മള്‍ ഭയങ്കര നല്ല മനുഷ്യരായതുകൊണ്ടൊന്നുമല്ല. നമ്മുടെ കോടതികള്‍ ഇന്നും ആള്‍ക്കൂട്ടത്തിന് മുന്നില്‍ മുട്ടുമടക്കാത്തത് കൊണ്ടാണ്. അങ്ങനെയൊരു ദിവസം വന്നാല്‍ പിന്നെ ആര്‍ക്കും ഇവിടെ സുരക്ഷയുണ്ടാകില്ല, പ്രത്യേകിച്ച് ദുര്‍ബലരായവര്‍ക്ക്. കാടന്‍ നിയമം (Jungle rule with hashtags) മാത്രമേ ബാക്കിയുണ്ടാകൂ

Full View


Tags:    

Similar News