പുതിയ ഗവര്‍ണ്ണറെ ഊഷ്മളമായി സ്വീകരിച്ച മുഖ്യമന്ത്രി; കേന്ദ്രത്തെ കടന്നാക്രമിക്കുന്ന നയപ്രഖ്യാപനം തയ്യറാക്കാതെ പിണറായി നയതന്ത്രം; ഗവര്‍ണറുടെ പ്രസംഗത്തിലുണ്ടായിരുന്നത് കേന്ദ്രത്തിനെതിരായ മൃദു വിമര്‍ശനം മാത്രം; വയനാട്ടിലെ പുനരധിവാസ ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആര്‍ലേക്കര്‍
തിരുവനന്തപുരം: പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെ പ്രകോപിപ്പിക്കാന്‍ പിണറായി സര്‍ക്കാരില്ല. പുതിയ ഗവര്‍ണ്ണറുടെ ആദ്യ നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിക്കാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. സാമ്പത്തിക മേഖലയിലെ കേന്ദ്രനയങ്ങള്‍ കേരളത്തിന് വെല്ലുവിളിയാണെന്ന പരാമര്‍ശം നയപ്രഖ്യാപനത്തിലുണ്ട്. പരോക്ഷമായല്ലാതെ കടന്നാക്രമിക്കുന്ന തരത്തില്‍ കേന്ദ്രത്തെ നയപ്രഖ്യാപനത്തില്‍ കുറ്റപ്പെടുത്തുന്നില്ല. നിയമസഭയിലെത്തിയ ഗവര്‍ണറെ ഏറെ സന്തോഷത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്. ഏറെ നേരം സ്വീകരണം നീളുകയും ചെയ്തു.
നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നിക്കൊണ്ടായിരിക്കും ഇത്. എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ ഡിജിറ്റല്‍ വേര്‍തിരിവ് ഇല്ലാതാക്കും. എല്ലാവര്ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കും. സംസ്ഥാനത്തിന്റെ പക്കലുള്ള വിഭവങ്ങള്‍ പരിമിതമാണെങ്കിലും അവ ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും തന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തില്‍ ആര്‍ലേക്കര്‍ പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മലയാളത്തില്‍ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന നല്‍കുന്നുണ്ടെന്നും എല്ലാവര്ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് സാര്‍വത്രികമാക്കിയത് മുതല്‍ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയതില്‍ വരെ കേരളം നേട്ടത്തിന്റെ പാതയിലാണ്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് നടപടിയെടുത്തു ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്തു പറയേണ്ടതാണ്. കേന്ദ്രവുമായി ചേര്‍ന്ന് ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുകയാണ്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ മികവ് കാണിക്കുന്നുണ്ട്.
സമീപ കാലത്തു നിരവധി ദുരന്തങ്ങള്‍ നേരിട്ടത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തവും ഉണ്ടായി. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.സഹകരണ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മികച്ച നേട്ടം കൈവരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കരിക്കുലം നവീകരണം ചരിത്രപരമായ നേട്ടമാണ്. നാലു വര്‍ഷ ബിരുദ കോഴ്സ് ഫലപ്രദമായി നടപ്പാക്കി.
സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയാണെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ജിഎസ്ടി വിഹിതം കുറഞ്ഞത് ധനകാര്യ കമ്മീഷനെ പരാതി അറിയിച്ചു കഴിഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനം നേരിടുന്നുണ്ടെന്ന് പറഞ്ഞത് കേന്ദ്രത്തിനുള്ള പരോക്ഷ വിമര്‍ശനമായി. ഇതിനൊപ്പമാണ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കേരളത്തിന് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാമര്‍ശവും.