യുവതിയുടെ ഭര്‍ത്താവ് ക്രിമിനല്‍ കേസുകളിലെ പ്രതി; സ്റ്റേഷനില്‍ എത്തിയ യുവതി പൊലീസുകാരെ തള്ളിമാറ്റിയ ശേഷം കുഞ്ഞുങ്ങളെ എറിഞ്ഞുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിലപേശാന്‍ ശ്രമിച്ചു; ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി സിഐ പ്രതാപചന്ദ്രന്‍; സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി പുറത്തുവന്നതോടെ സിഐക്ക് സസ്‌പെന്‍ഷന്‍

സിഐക്ക് സസ്‌പെന്‍ഷന്‍

Update: 2025-12-18 18:33 GMT

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ സിഐ പ്രതാപചന്ദ്രനെതിരെ സര്‍ക്കാരിന്റെ കര്‍ശന നടപടി. നിലവില്‍ അരൂര്‍ എസ്എച്ച്ഒ ആയി സേവനമനുഷ്ഠിക്കുന്ന പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് ഉത്തരവിറക്കിയത്.

സംഭവത്തിന്റെ പശ്ചാത്തലം

2024 ജൂണ്‍ 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നോര്‍ത്ത് പോലീസ് സ്റ്റേഷനു സമീപം റെയില്‍വേ സ്റ്റേഷന് എതിര്‍വശത്ത് ബെന്‍ ടൂറിസ്റ്റ് ഹോമും ഹോട്ടലും നടത്തുന്ന ബെന്‍ജോ ബേബിയുടെ ഭാര്യ ഷൈമോള്‍ക്കാണ് മര്‍ദനമേറ്റത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ കസ്റ്റഡിയിലുണ്ടായിരുന്ന ഭര്‍ത്താവിനെ കാണാനെത്തിയതായിരുന്നു ഷൈമോള്‍ എന്ന യുവതി. സ്റ്റേഷനുള്ളില്‍ വെച്ച് അന്നത്തെ എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രന്‍ യുവതിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കോടതി ഉത്തരവിലൂടെയാണ് പരാതിക്കാരിക്ക് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്.

പ്രതാപചന്ദ്രന്റെ വിശദീകരണം

മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥന്‍ തന്റെ ഭാഗം വിശദീകരിച്ച് രംഗത്തെത്തി. യുവതിയുടെ ഭര്‍ത്താവ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് കേസെടുത്തത്. ഭര്‍ത്താവിനെ തിരക്കി കുഞ്ഞുങ്ങളുമായി സ്റ്റേഷനില്‍ എത്തിയ യുവതി വനിതാ പൊലീസുകാരെ ഉള്‍പ്പെടെ തള്ളിമാറ്റി. തുടര്‍ന്ന് കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചില്‍ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ തങ്ങള്‍ രക്ഷിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍വച്ചു വിലപേശാനാണ് യുവതി തുനിഞ്ഞതെന്നും എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ ആരോപിച്ചു.

അടിയന്തര നടപടി

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്.

അടുത്ത നീക്കം

പ്രതാപചന്ദ്രനെതിരെയുള്ള വകുപ്പുതല അന്വേഷണത്തിന്റെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകും. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥന്റെ വിശദീകരണവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

Tags:    

Similar News