വ്യക്തി - മാധ്യമ സ്വാതന്ത്യത്തിന് വേണ്ടിയുള്ള വിധികളാല്‍ ശ്രദ്ധേയന്‍; മറുനാടനും മീഡിയവണ്ണിനും ജീവന്‍ നല്‍കിയ നിര്‍ണായക വിധികള്‍; സ്വന്തം പിതാവിന്റെ വിധി തിരുത്തിയ ജസ്റ്റിസ്; ശബരിമല യുവതീ പ്രവേശനം മുതല്‍ രാമക്ഷേത്ര നിര്‍മാണ അനുകൂല വിധി വരെ; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുമ്പോള്‍

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുമ്പോള്‍

Update: 2024-11-08 15:39 GMT

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ചരിത്രത്തില്‍ അടുത്തകാലത്തായി കുറേ കാലയളവില്‍ ചീഫ ജസ്റ്റിസ് പദവിയില്‍ ഇരുന്ന ചീഫ് ജസ്റ്റിസാണ് ഡി വൈ ചന്ദ്രചൂഡ്. 2024 നവംബര്‍ 10ാം തീയ്യതി വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ശനിയും ഞായറും അവധി ദിവസം ആയതോടെ ഇന്നായിരുന്നു സുപ്രീംകോടതിയിലെ അവസാന പ്രവര്‍ത്തി ദിവസം. രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക ഉത്തരവുകള്‍ പുറപ്പെടുവിച്ച ന്യായാധിപനായിരുന്നു ഡി വൈ ചന്ദ്രചൂഡ്. സുപ്രീം കോടതിയില്‍ എട്ടരവര്‍ഷത്തെ കാലയളവിനിടെ ഒട്ടേറെ സുപ്രധാന വിധികള്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതായുണ്ട്.

ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ സുപ്രീംകോടതിയുടെ ഭരണമേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങളും നടപ്പാക്കിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പടിയിറങ്ങുന്നത്. വെര്‍ച്വല്‍ ഹിയറിങ് വ്യാപകമാക്കല്‍, ഹര്‍ജികളുടെ ഇലക്ട്രോണിക് ഫയലിങ്, കോടതിരേഖകള്‍ കടലാസുരഹിതമാക്കല്‍ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.

വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിര്‍ണായക വിധികളാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പുറപ്പെടുവിച്ചിട്ടുള്ളത്. പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കല്‍, സ്വകാര്യത മൗലികാവകാശമാക്കല്‍, വിവാഹേതര ബന്ധം ക്രിമിനല്‍ക്കുറ്റമല്ലാതാക്കല്‍, 24 ആഴ്ചവരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അവിവാഹിതകള്‍ക്കും അവകാശം നല്‍കല്‍ തുടങ്ങിയ വിധികള്‍ ശ്രദ്ധേയമാണ്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച 2018-ലെ വിധിപറഞ്ഞ ഭരണഘടനാബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിന്യായം ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പുബോണ്ട് റദ്ദാക്കല്‍, പട്ടികജാതി പട്ടികവര്‍ഗങ്ങളില്‍ ഉപവിഭാഗം തിരിച്ച് പ്രത്യേകം സംവരണത്തിന് അനുമതി തുടങ്ങിയവയും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ സുപ്രധാന വിധികളാണ്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രനിര്‍മാണത്തിന് വഴിയൊരുക്കിയ വിധിപറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ചന്ദ്രചൂഡുണ്ടായിരുന്നു.

മറുനാടന്‍ മലയാളിയെ സംബന്ധിച്ചിടത്തോളവും ചരിത്രപരമായ ഒരു വിധിയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢില്‍ നിന്നും ഉണ്ടായരുന്നു. മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പട്ടികജാതി അധിക്ഷേപ നിയമം ദുരുപയോഗം ചെയ്ത് കേരളാ സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചായിരുന്നു. പട്ടികജാതി അധിക്ഷേപ നിയമം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇക്കാര്യത്തില്‍ പട്ടികജാതി അധിക്ഷേപ നിയമം ചുമത്തുന്നതിന് മാനദണ്ഡങ്ങളും കൃതമായി കൊണ്ടുവന്നു. ഇത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ നിര്‍ണായകമായതിനൊപ്പം മറുനാടന് പുതുജീവന്‍ നല്‍കുന്നതുമായിരുന്നു.

എന്നും മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധികളാല്‍ ശ്രദ്ധേയമാണ് ഡി വൈ ചന്ദ്രചൂഡ്. മീഡിയ വണ്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ വിധി പുറപ്പെടുവിച്ചതും ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനമായ ബെഞ്ചായിരുന്നു. സ്വകാര്യത മൗലികാവകാശമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഏകകണ്ഠമായി അംഗീകരിച്ച ന്യായാധിപനാണ് ഡിവൈ ചന്ദ്രചൂഡ്. അന്തസ്സോടെയുള്ള ജീവിതം നയിക്കണമെങ്കില്‍ ഒരു വ്യക്തിക്ക് അര്‍ഹിച്ച സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

സ്വന്തം പിതാവിനെ തിരുത്തിയ ജസ്റ്റിസ്

ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന (1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലായ് 11 വരെ) വൈ.വി. ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അച്ഛനും മകനും സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി. 1959 നവംബര്‍ 11-ന് ബോംബെയിലാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ജനിച്ചത്. ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് എല്‍.എല്‍.ബി.യും ഹാര്‍വാര്‍ഡില്‍ നിന്ന് എല്‍എല്‍.എമ്മും ഡോക്ടറേറ്റുമെടുത്തു.


 



1998-ല്‍ ബോംബെ ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകപദവിയിലെത്തിയ ചന്ദ്രചൂഡ്, 2000 മാര്‍ച്ച് 29-നാണ് അവിടെ ജഡ്ജിയാകുന്നത്. 2013 ഒക്ടോബര്‍ 31 മുതല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2016 മേയ് 13-ന് സുപ്രീംകോടതിയിലെത്തി. സ്വന്തം പിതാവിന്റെ വിധികള്‍ തിരുത്തിയ ജസ്റ്റിസ് കൂടിയാണ് ഡിവൈ ചന്ദ്രചൂഡ്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന് 1985 ല്‍ വിധിച്ചത് ഡിവൈ ചന്ദ്രചൂഡിന്റെ പിതാവായ വൈ വി ചന്ദ്രചൂഡാണ്. എന്നാല്‍ വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന് വിധിച്ചതിലൂടെ ആ നിയമം തിരുത്തപ്പെട്ടു.

സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചപ്പോള്‍ അടിയന്തരാവസ്ഥ ക്കാലത്ത് അടിസ്ഥാന അവകാശങ്ങളെല്ലാം റദ്ദാക്കിയ പിതാവിന്റെ വിധി അദ്ദേഹം മാറ്റിയെഴുതുകയായിരുന്നു. പ്രായ പൂര്‍ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള എല്ലാ ലൈഗിംക ബന്ധവും നിയമവിധേയമാക്കി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഢിന്റെ കൈയൊപ്പ് ഉണ്ടായിരുന്നു. സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയും ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഏടാണ്.

ശബരിമല യുവതി പ്രവേശനവും, ഹാദിയ കേസും

ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വിധികള്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതങ്ങള്‍ക്ക് സ്ത്രീകളുടെ ആരാധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നാരോപിച്ചാണ് ശബരിമലയില്‍ എല്ലാ പ്രായമുള്ള സ്ത്രീകള്‍ക്കും കയറാമെന്ന വിധി ജ. ചന്ദ്രചൂഡ് അടങ്ങിയ ബഞ്ച് പുറപ്പെടുവിച്ചത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ആചാരത്തെ കീഴ്‌മേല്‍ മറിക്കുന്നതായിരുന്നു ആ വിധി.

പൊതു ആരാധനാലയത്തില്‍നിന്ന് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തില്‍ എങ്ങനെ പെടുമെന്നായിരുന്നു ചന്ദ്രചൂഡിന്റെ ചോദ്യം. അയ്യപ്പന്റെ ബ്രഹ്മചര്യത്തിന്റെ ഉത്തരവാദിത്തം സ്ത്രീകള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരുപാട് കോളിളക്കങ്ങള്‍ സൃഷ്ടിച്ച വിധിയായിരുന്നു അത്. നാലിനെതിരെ ഒന്ന് എന്ന നിലയിലായിരുന്നു അന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് സ്ത്രീ പ്രവേശനം അനുവദിച്ചത്. പിന്നീട് നല്‍കിയ റിവ്യൂ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ മറ്റൈാരു സുപ്രധാന പ്രസ്താവനയായിരുന്നു ഹാദിയ കേസില്‍ നടത്തിയത്. വിവാദമായ ഹാദിയ - ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര, ജസ്റ്റിസ്. എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിപ്പിച്ചത്. ഹിന്ദു മതവിശ്വാസിയായ ഹാദിയ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് ബലപ്രയോഗത്തിലൂടെ നടന്നതാണെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.


 



എന്നാല്‍ എന്തുവേണമെന്ന് സ്വയം തിരഞ്ഞെടുക്കാന്‍ കഴിവുള്ള പ്രായപൂര്‍ത്തിയായ സ്ത്രീയാണ് ഹാദിയ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും വിവാഹം ഒരോ വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്. അതിനാല്‍ ഹാദിയയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് വിടണമെന്നും ഉത്തരവിട്ടു.


ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പടിയിറങ്ങുമ്പോള്‍

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി. രമണ വിരമിക്കുമ്പോള്‍ പകരക്കാരനായാണ് ഡി വൈ ചന്ദ്രചൂഡ് ആ പദവിയില്‍ എത്തുന്നത്. രണ്ട് വര്‍ഷത്തോളമായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. പ്രതീക്ഷാഭാരത്തോടെയായിരുന്നു ആ സ്ഥാനാരോഹണം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂന്നാം തൂണായ നീതിന്യായവ്യവസ്ഥയുടെ ഈ 'കെട്ടകാലം' കഴിഞ്ഞുള്ള പ്രതീക്ഷയുടെ തിരിവെട്ടമായി പലരും ചന്ദ്രചൂഡിനെ കണ്ടു.

വിചാരത്തിലും വാക്കിലും എഴുത്തിലും ന്യൂജെന്‍ ആയ അദ്ദേഹം സുപ്രീംകോടതിയെ ഡ്രീംകോര്‍ട്ട് ആക്കുമെന്ന് പലരും സ്വപ്നം കണ്ടു. ലിബറല്‍ നീതിവാദികളുടെ ആരാധകവൃന്ദവും അദ്ദേഹത്തിനുണ്ടായി. കുത്തഴിഞ്ഞ വ്യവസ്ഥയില്‍നിന്ന് മാറിനടക്കുന്നൊരാള്‍ എന്ന പ്രതിച്ഛായ അദ്ദേഹത്തിനു കൈവന്നു. പുരോഗമനപരമായ നിലപാടുകളുള്ള ഒരു ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ യാഥാസ്ഥിതികത്വവും പാരമ്പര്യവാദവും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തണലില്‍ തഴയ്ക്കുന്ന പുതിയ ഇന്ത്യയില്‍ എങ്ങനെയാവും പ്രവര്‍ത്തിക്കുകയെന്ന കൗതുകകരമായ സംശയം പലരും ചോദിച്ചു.

എന്നാല്‍, ലിംഗനീതി, മനുഷ്യാവകാശം, സ്വകാര്യത തുടങ്ങിയ വാക്കുകളൊക്കെ ആവര്‍ത്തിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിധികള്‍. കേന്ദ്രസര്‍ക്കാറുമായി ഏറ്റുമുട്ടല്‍ പാതയിലേക്ക് പോയതുമില്ല. ഭീമാ കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരി റോമില ഥാപ്പര്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്‌നായിക്ക് എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും നാലാഴ്ച കൂടി വീട്ടുതടങ്കലില്‍ തുടരുമെന്ന് സുപ്രീംകോടതി വിധിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്‍, ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വാണെന്ന ചന്ദ്രചൂഡിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായി.

ശുദ്ധിയുടേയും മറ്റും പേരില്‍ വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം മാത്രമല്ല, തൊട്ടുകൂടായ്മ കൂടിയാണെന്ന് ആ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഭരണഘടനയുടെ 25-ാം വകുപ്പ് പറയുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ഉള്ളതാണ്. സ്ത്രീകളെ കുറഞ്ഞവരായി കാണുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും വ്യക്തമാക്കി. ഭരണഘടനയുടെ പതിനേഴാം വകുപ്പ് അയിത്തം ഇല്ലാതാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും വിധിയില്‍ പറഞ്ഞ അദ്ദേഹം പ്രസ്തുത വകുപ്പിന്റെ വ്യാഖ്യാനത്തിന് പുതിയ മാനം നല്‍കുകയും ചെയ്തു.

മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായി നടന്ന അതിക്രമത്തിനു ബംഗാള്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു വ്യക്തമാക്കിയ ചന്ദ്രചൂഡ് സ്ത്രീകളുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും സ്വകാര്യതയേയും അഭിമാനത്തേയും ഹനിക്കുന്നതാണ് ഇത്തരം കടന്നുകയറ്റമെന്ന് വ്യക്തമാക്കി. 77 പേജുള്ള ആ വിധിപ്രസ്താവം പുരോഗമന ആധുനിക ജനാധിപത്യസ്വരങ്ങളുടെ ആഘോഷമായിരുന്നു.

 



ഭാര്യ, ഭര്‍ത്താവിന്റ സ്വത്തല്ല. ഭര്‍ത്താവ് ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ ഉടമയുമല്ല തുടങ്ങി വ്യക്തികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം നടത്തി. സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അര്‍ഹതയുണ്ടെന്നും ഇതില്‍ വിവാഹിത, അവിവാഹിത എന്ന വേര്‍തിരിവുണ്ടാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നും ഉത്തരവിട്ട ബെഞ്ചില്‍ ചന്ദ്രചൂഡ് ഉണ്ടായിരുന്നു. വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവും ജസ്റ്റിസ് ചന്ദ്രചൂഡിന്റേതായിരുന്നു.

2019-ല്‍ അയോധ്യ-ബാബ്‌റി മസ്ജിദ് കേസില്‍ ചീഫ് ജസ്റ്റിസ് ഗോഗോയ് അധ്യക്ഷനായ ബഞ്ച് ഐക്യകണ്‌ഠേനയാണ് വിധി പറഞ്ഞത്. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദുകക്ഷികള്‍ക്ക് വിട്ടുനല്‍കിയ വിധിയില്‍ ജഡ്ജിമാരുടെ പേരുണ്ടായിരുന്നില്ല. കീഴ്വഴക്കം തെറ്റിക്കുന്നത് അതാദ്യമായിരുന്നു. എങ്കിലും അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയ വിധിയില്‍ അദ്ദേഹം പങ്കാളിയായി.

അടുത്തകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നിര്‍ണായക വിധി പുറപ്പെടുവിച്ചതും ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചായിരുന്നു. ഈ വര്‍ഷത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. 2018 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചുവന്ന ധനസഹായത്തിനുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കി. ഇലക്ടറല്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ നിര്‍ത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയും ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരം ജമ്മുകശ്മീരിനില്ലെന്നായിരുന്നു വിധി. 2013 ഡിസംബറില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രത്യേക പദവി താല്‍ക്കാലിക വ്യവസ്ഥ മാത്രമായിരുന്നുവെന്നും യുദ്ധ സാഹചര്യം മറി കടക്കുന്നതിനും സംസ്ഥാനമായി മാറി ഭരണഘടനയുടെ ഭാഗമാവാനും വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 370 ബാധകമാക്കിയതെന്നും കോടതി പറഞ്ഞു.

സമീപകാലത്ത് ഇന്ത്യന്‍ ജനത ഉറ്റുനോക്കിയ സുപ്രീംകോടതിയെ നിയിച്ചത് ഡി വൈ ചന്ദ്രചൂഢായിരുന്നു. പലപ്പോഴും കേന്ദ്രത്തിന്റെ തിരുത്തല്‍ ശക്തിയായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും പടിയറങ്ങുമ്പോള്‍ ആശങ്കപ്പെടുന്നവരുടെ എണ്ണവും കുറവല്ല.

Tags:    

Similar News