പിതാവിന്റെ ഖബറിന് മുകളില്‍ തലചായ്ച്ച് വിതുമ്പി ഷൗക്കത്ത്; പിതാവ് തുടങ്ങിവച്ച വികസനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് വോട്ട് ചോദിക്കുന്നത്; ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റകെട്ടായി നില്‍ക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്; ആര്യാടന്‍ മുഹമ്മദിന്റെയും വി.വി പ്രകാശിന്റെയും അഭിലാഷം പൂവണിയുമെന്ന് വി.എസ് ജോയ്; നിലമ്പൂരിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

നിലമ്പൂരിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Update: 2025-05-27 06:24 GMT

നിലമ്പൂര്‍: നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ആര്യാടന്‍ ഷൗക്കത്ത്. രാവിലെ പിതാവായ ആര്യാടന്‍ മുഹമ്മദിന്റെ ഖബര്‍സ്ഥാനിലെത്തി പ്രാര്‍ഥിച്ചെത്തിച്ചു കൊണ്ടാണ് ഷൗക്കത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

'നിലമ്പൂര്‍ തിരിച്ച് പിടിക്കുക എന്നതായിരുന്നു തന്റെ പിതാവിന്റെ അഭിലാഷം. ഞാനെന്നല്ല, ആരായാലും നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കുക എന്ന വലിയ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ സഫലീകരണമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കേണ്ടത്.അതുകൊണ്ടാണ് ഖബറടിത്തിലെത്തി അദ്ദേഹത്തോട് പ്രാര്‍ഥിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചത്...'ഷൗക്കത്ത് പറഞ്ഞു.

തന്റെ പിതാവ് ആരാട്യാന്‍ മുഹമ്മദ് തുടങ്ങിവെച്ച വികസനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിലെ ബൈപാസ് നിര്‍മ്മാണത്തിലെ പ്രതിസന്ധി ഉള്‍പെടെ പരിഹരിക്കാന്‍ ശ്രമിക്കും

'ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങള്‍ ഒറ്റകെട്ടായി നില്‍ക്കും. ഞാനും, ജോയിയും മത്സരിക്കാന്‍ യോഗ്യരാണ്. പക്ഷേ,ഒരാള്‍ക്കേ മത്സരിക്കാന്‍ കഴിയൂ . പാര്‍ട്ടി ആ ഉത്തരവാദിത്തം എന്നെയാണ് ഏല്‍പ്പിച്ചത്. എനിക്ക് യോഗ്യത കൂടിയത് കൊണ്ടല്ല എന്നെ ഏല്‍പ്പിച്ചത്. അത് പാര്‍ട്ടി എന്നെയാണ് ഏല്‍പ്പിച്ചത്'. വലിയ ഭൂരിപക്ഷത്തോടെ നിലമ്പൂര്‍ തിരിച്ചുപിടിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.

'നിലമ്പൂര്‍ ഒരു പഞ്ചായത്തും ഒരു വില്ലേജുമായിരുന്നു.ഇപ്പോള്‍ ഏഴുപഞ്ചായത്തും ഒരു നഗരസഭയുമാക്കി ഇതിനെയൊരു നാടാക്കി പിതാവ് മാറ്റി.പക്ഷേ യുഡിഎഫ് ഭരണം അവസാനിച്ചതോടെ വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചു. നിലമ്പൂര്‍ ബൈപ്പാസും,കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും ഗവ.കോളെജെല്ലാം പാതി വഴിയിലായി.ഇതിന്റെയൊക്കെ തുടര്‍ പ്രവര്‍ത്തനം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. പുതിയ പദ്ധതികള്‍ വേണം,എന്നാല്‍ അതിനേക്കാളേറെ മുമ്പ് കൊണ്ടുവന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വന്യമൃഗആക്രമണം,ആദിവാസികുടുംബങ്ങളുടെ ബുദ്ധിമുട്ട് ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. നല്ല നിലമ്പൂരിന് വേണ്ടി,നല്ലപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണമെന്നാണ് ആഗ്രഹം'..ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെയും വി.വി പ്രകാശിന്റെയും അഭിലാഷം പൂവണിയുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് പ്രതികരിച്ചു. നിലമ്പൂരിലെ യുദ്ധത്തില്‍ ആര്യാടന്‍ ഷൗക്കത്ത് ഒറ്റക്കല്ല. ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പമുണ്ട്. സ്ഥാനാര്‍ഥി വന്നതോടെ എല്ലാ വിവാദങ്ങളും അവസാനിച്ചെന്നും ജോയ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനൊപ്പം ആര്യാടന്‍ മുഹമ്മദിന്റെ ഖബറിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അന്‍വറുമായി ബന്ധപെട്ട വിഷയങ്ങള്‍ യുഡിഫിന്റെ നേതാക്കള്‍ പരിഹരിക്കും. പിണറായിസത്തെ തറപറ്റിക്കാന്‍ എല്ലവരുടെ പിന്തുണയും ഉണ്ടാകും'.ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി എവിടെയെന്നും വി.എസ് ജോയ് ചോദിച്ചു.

Tags:    

Similar News