ചൈനയില്‍ നിന്നുള്ള പുതിയ കോവിഡ് അമേരിക്കയില്‍ പടരുന്നു; ഈ വേനല്‍ക്കാലത്ത് മറ്റൊരു കോവിഡ് തരംഗം ഉണ്ടായേക്കുമെന്ന് ഭയം; മാസ്‌ക്കിലേക്ക് മടങ്ങി ജനങ്ങള്‍; ഇന്ത്യയിലെ കോവിഡ് കേസുകള്‍ ആയിരം കടന്നതോടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍

ചൈനയില്‍ നിന്നുള്ള പുതിയ കോവിഡ് അമേരിക്കയില്‍ പടരുന്നു

Update: 2025-05-28 05:35 GMT

ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നുള്ള പുതിയ ഇനം കോവിഡ് അമേരിക്കയില്‍ പടരാന്‍ തുടങ്ങിയതോടെ ആളുകള്‍ മാസ്‌കുകള്‍ ധരിക്കണമെന്ന നിര്‍ദ്ദേശം വന്നു. ഈ വേനല്‍ക്കാലത്ത് മറ്റൊരു കോവിഡ് തരംഗം ഉണ്ടായേക്കാം എന്ന ഭയത്താലാണിത്. എന്‍ ബി 1.8.1 എന്ന ഈ വകഭേദം ഇപ്പോള്‍ തന്നെ ചൈനയിലും ഹോങ്കോംഗിലും, തായ്ലാന്‍ഡിലും ആഞ്ഞടിക്കുന്നു എന്നാണ് ചില സൂചനകള്‍ പറയുന്നത്. അവിടങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതാണ് ഇത്തരത്തിലൊരു സംശയത്തിനു കാരണം.

അമേരിക്കയില്‍ ഇതുവരെ 20 പേരില്‍ മാത്രമാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ സ്റ്റേറ്റ്, വെര്‍ജീനിയ, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ എത്തുന്ന സന്ദര്‍ശകരില്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്, അതിവേഗം രോഗ്യം വ്യാപിച്ചേക്കുമെന്ന ഭയം ഉയര്‍ത്തിയിട്ടുണ്ട്. നിലവിലുള്ള വകഭേദങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷി ഉള്ളതാണ് ഈ പുതിയ വകഭേദം എന്നാണ് ലാബുകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ പറയുന്നത്. ഹോങ്കോംഗിലെ പൊതുഗതാഗത സംവിധാനങ്ങളിലും തിരക്കുള്ള ഇടങ്ങളിലും ഇതിനോടകം തന്നെ മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശം അധികൃതര്‍ നല്‍കിക്കഴിഞ്ഞു.

അമേരിക്കയില്‍, മാസ്‌ക് വീണ്ടും ചര്‍ച്ചാവിഷയമാകാന്‍ തുടങ്ങിയിരിക്കുന്നു. ചെറിയ രീതിയില്‍ സുഖമില്ലെന്ന് തോന്നുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഓഹിയോ, ക്ലെവര്‍ലാന്‍ഡിലെ കെയ്‌സ് വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്സിറ്റിയിലെ, ശിശുരോഗ വിദഗ്ധയായ ഡോക്ടര്‍ ആമി എഡ്വേര്‍ഡ്‌സ് പറയുന്നു. ആരോഗ്യ രംഗത്തെ മറ്റ് പല പ്രമുഖരും ഇതേ ആവശ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഈ വേനല്‍ക്കാലത്ത് ഒരുപക്ഷെ മറ്റൊരു കോവിഡ് തരംഗം അമേരിക്കയില്‍ ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്.

അതേസമയം ഇന്ത്യയിലും കോവിഡ് വ്യാപിക്കുന്ന അവസ്ഥയാണുള്ളത്. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം. മെയ് 26ന് രാജ്യത്താകെ 1009 സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കൊവിഡിന്റെ ഉപവകഭേദമായ NB.1.8.1ന്റെ സാന്നിധ്യവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തിന്റെ തുടക്കം മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപനമുണ്ടാകുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നു. സിംഗപ്പൂരില്‍ 14,000ത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ല. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവോ കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ കേസുകളോ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിടക്കകള്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച് കേരളത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടില്‍ 34, മഹാരാഷ്ട്രയില്‍ 44 എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് കണക്ക് ശേഖരണം കൃത്യമായി നടക്കുന്നതിന് തെളിവെന്നാണിതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. കേരളത്തില്‍ 273 കേസുകള്‍ മേയില്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News