ആസ്ബസ്റ്റോസിന്റെ സാന്നിദ്ധ്യം; ആയിരക്കണക്കിന് ആളുകള്‍ മരണത്തിലേക്ക്; സ്‌കൂളുകളിലും ആശുപത്രികളിലും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഉണ്ടെങ്കില്‍ മരണം ഉറപ്പ്

ആയിരക്കണക്കിന് ആളുകള്‍ മരണത്തിലേക്ക്;

Update: 2024-10-21 03:42 GMT

ലണ്ടന്‍: ബ്രിട്ടനിലെ സ്‌കൂളുകളില്‍ ആസ്ബസ്റ്റോസ് മരണം വിതറുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ആസ്ബസ്റ്റോസ് എന്ന മാരകമായ കൊലയാളിയുമായുള്ള സമ്പര്‍ക്കം നിമിത്തം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മരണത്തിന്റെ സുനാമിക്ക് കീഴടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ആശുപത്രികള്‍ മുതല്‍ സ്‌കൂളുകള്‍ വരെ ഇത്തരം വിഷലിപ്തമായ വസ്തുക്കള്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നതിനെതിരെ പ്രചാരണം ശക്തമാക്കുകയാണ് പല മാധ്യമങ്ങളും. ആശുപത്രികള്‍ക്ക് പുറമെ ഏതാണ്ട് 21,000 സ്‌കൂളുകളിലും ഇത് ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആസ്ബസ്റ്റോസ് ഫൈബറുകള്‍ ശ്വസിക്കുന്നത് മീസോതെലിയോമ എന്ന അതി തീവ്രമായ കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 1980 മുതല്‍ ഇതുവരെ ചുരുങ്ങിയത് 1,400 അധ്യാപകരും, മറ്റു ജീവനക്കാരും അതുപോലെ 12,600 വിദ്യാര്‍ത്ഥികളും മീസോതെലിയോമ ബാധിച്ച് മരണമടഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ബ്രിട്ടനിലെ സ്‌കൂളുകളില്‍ തിരക്ക് വര്‍ദ്ധിച്ചു വരുന്നതിനാല്‍, വരുന്ന 20 മുതല്‍ 60 വരെ വര്‍ഷങ്ങളില്‍ ഇതില്‍ കൂടുതല്‍ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ഈ വിഷ പദാര്‍ത്ഥം രോഗികളാക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

പൊതു കെട്ടിടങ്ങളിലെ ആസ്ബസ്റ്റോസ് ഉപയോഗത്തിനെതിരെ ഇപ്പോള്‍ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് ഡെയ്ലി മെയില്‍ ദിനപ്പത്രം. ആസ്ബസ്റ്റോസ് ഉപയോഗിക്കുന്ന ഗൃഹേതര കെട്ടിടങ്ങളുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചു കഴിഞ്ഞാല്‍, കെട്ടിടങ്ങളില്‍ നിന്നും ആസ്ബസ്റ്റോസ് നീക്കം ചെയ്യുന്നതിനുള്ള അതിശക്തമായ പ്രചാരണം ആരംഭിയ്ക്കും. ഹെഡ് ടീച്ചര്‍മാര്‍, അധ്യാപകര്‍, അനദ്ധ്യാപക ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ളവരെ പ്രതിനിധാനം ചെയ്യുന്ന എട്ട് യൂണിയനുകള്‍ ചേര്‍ന്ന് രൂപീകരിച്ച ജോയിന്റ് യൂണിയന്‍ അസ്ബസ്റ്റോസ് കമ്മിറ്റിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

1990 കള്‍ മുതല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് ഈ അപകടത്തിന് ഇരകളാക്കപ്പെട്ടത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവുകള്‍ വ്യക്തമാക്കുന്നത്,ആസ്ബസ്റ്റോസ് ബ്രിട്ടന്റെ ജീവനെടുക്കാന്‍ വന്ന സുനാമിയാണ് എന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്ബസ്റ്റോസ് നിയന്ത്രണ നിയമങ്ങള്‍ ദുര്‍ബലമാണെന്നാണ് ആസ്ബസ്റ്റോസ് മൂലമുള്ള ആയിരക്കണക്കിന് മരണങ്ങള്‍ അടിവരയിട്ട് പറയുന്നത്. ചെലവ് കുറയ്ക്കുന്നതിനാണ് സാധാരണയായി ആസ്ബസ്റ്റൊസ് ഉപയോഗിക്കുന്നത്. ആസ്ബസ്റ്റോസ് കേടുവരാത്തിടത്തോളം കാലം, അതില്‍ നിന്നും നാരുകള്‍ പുറത്തു വരാത്തിടത്തോളം കാലം അത് സുരക്ഷിതമാണെന്ന ഒരു പോതുബോധം നിലവിലുണ്ട്. അതിനെതിരേയാണ് ഇപ്പോള്‍ ഡെയ്ലി മെയില്‍ പ്രചാരണത്തിനിറങ്ങുന്നത്.

ആസ്ബസ്റ്റോസ് ഉപയോഗിക്കുന്ന സ്‌കൂളുകളുടെ കൃത്യമായ എണ്ണം വ്യക്തമല്ല., എന്നാല്‍,വിദ്യാഭ്യസ വകുപ്പിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്തിനുള്ള മറുപടിയില്‍ പറയുന്നത് ഏകദേശം 21,500 സ്‌കൂളുകളെങ്കിലും ആസ്ബസ്റ്റോസ് ഉപയോഗിക്കുന്നുണ്ടാകും എന്നാണ്. 32,000 ല്‍ അധികം സ്‌കൂളുകള്‍ ബ്രിട്ടനിലുണ്ട് 1999 ല്‍ ആസ്ബ്‌സ്റ്റോസിന്റെ ഉപയോഗം നിരോധിക്കുന്നതിന് മുന്‍പ് പണിത ഏതൊരു കെട്ടിടത്തിലും ആസ്ബസ്റ്റോസ് കാണാനാകും.

Tags:    

Similar News