മകന്‍ ഹൃദ്രോഗബാധിതനായി കുഴഞ്ഞു വീണപ്പോള്‍ വഴിയില്ലാത്തതിനാല്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല; അതു മരണമായി; തനിക്കും ഇതേ അനുഭവം ഉണ്ടായേക്കും; കുടുംബശ്രീയില്‍ തോല്‍പ്പിച്ചു; വീട്ടിലേക്കു സഞ്ചാരയോഗ്യമായ റോഡില്ല; ശുദ്ധജലം ലഭിക്കുന്നതിനുള്ള സാഹചര്യവും ഇല്ലാതാക്കി; തിരുമാറാടിയിലെ സഖാവിനെ ചതിച്ചത് പാര്‍ട്ടിയോ? ആശാ രാജുവിന്റെ മരണം സര്‍വ്വത്ര ദുരൂഹം
കൂത്താട്ടുകുളം : ദുരൂഹ സാഹചര്യത്തില്‍ മരിച്ച തിരുമാറാടി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശാ രാജുവിന്റെ (56) ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിക്കുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടും സ്ത്രീ എന്ന നിലയില്‍ തനിക്കു അവഗണന നേരിടേണ്ടി വന്നതായി ചൂണ്ടിക്കാട്ടിയുള്ള ആശാ രാജുവിന്റെ ശബ്ദസന്ദേശം വൈറലായി. സിപിഎം പ്രാദേശിക നേതൃത്വവുമായി അഭിപ്രായ ഭിന്നതയ്ക്കിടെയാണ് ആശാ രാജുവിന്റെ മരണം.
കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തില്‍ സിപിഎം കൗണ്‍സിലര്‍ കലാ രാജു പാര്‍ട്ടിക്കെതിരെ രംഗത്തു വന്നിരുന്നു. അതിനിടെയാണ് തിരുമാറാടിയില്‍ നിന്നു ആരോപണം ഉയരുന്നത്. പല ടേമുകളില്‍ എല്‍ഡിഎഫ് ഭരിച്ചിട്ടും സിപിഎമ്മിന്റെ പോഷക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന തനിക്കു മാത്രം നീതി കിട്ടിയില്ലെന്നു 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നു. മാനസികമായി തകര്‍ക്കുന്ന സമീപനമാണ് ഉണ്ടായത്. വീട്ടിലേക്കു സഞ്ചാരയോഗ്യമായ റോഡില്ല. ശുദ്ധജലം ലഭിക്കുന്നതിനുള്ള സാഹചര്യവും ഇല്ലാതാക്കി. വഴി ഇല്ലാത്തതു മൂലം മകന്‍ നിഷുവിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാനായില്ല. വൈകിയതാണു മരണത്തിലേക്കു നയിച്ചതെന്നും പറയുന്നു.
ബുധന്‍ രാത്രി 9 മണിയോടെയാണ് വീടിനു സമീപത്തുള്ള റബര്‍ തോട്ടത്തില്‍ ആശാ രാജുവിനെ അവശ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം തിരുമാറാടി ടഗോര്‍ ഓഡിറ്റോറിയത്തിലും, വസതിയിലും പൊതു ദര്‍ശനത്തിനു ശേഷം മൂവാറ്റുപുഴ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നോടുകാട്ടിയ അനീതിയെക്കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശാരാജു പറയുന്നതായുള്ള ശബ്ദസന്ദേശം വിവാദമായിട്ടുണ്ട്.
തന്റെ ജീവന്‍ തന്നെ അപഹരിക്കപ്പെട്ടേക്കാമെന്നും ഇവര്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ബോധപൂര്‍വം ഉപദ്രവിക്കുന്നുവെന്നും കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചുവെന്നും ശബ്ദസന്ദേശത്തിലുണ്ട്. തന്റെ വീടിന്റെ പരിസരത്ത് വഴി നിര്‍മിക്കുന്ന കാര്യത്തില്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് സമിതി ബോധപൂര്‍വം ഉപേക്ഷ പുലര്‍ത്തുന്നതായും 10 വര്‍ഷമായി പാര്‍ട്ടി തന്നോട് അനീതി പ്രവര്‍ത്തിക്കുകയാണെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഇനി ഒരു വനിതയ്ക്കും ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും പറയുന്നുണ്ട്.
തിരുമാറാടി കുടുംബശ്രീ സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍, കര്‍ഷകസംഘം എന്നിവയുടെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. മകന്റെ മരണവും മാനസികമായി തളര്‍ത്തി. ഏതാനും വര്‍ഷംമുമ്പ് തന്റെ മകന്‍ ഹൃദ്രോഗബാധിതനായി കുഴഞ്ഞുവീണപ്പോള്‍ വഴിയില്ലാത്തതിനാല്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് മരണം സംഭവിച്ചത്. തനിക്കും ഇതേ അനുഭവം ഉണ്ടായേക്കാമെന്നും സന്ദേശത്തിലുണ്ട്.
അതിനിടെ ആശാരാജുവിന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. ആശാ രാജുവിന്റേതെന്നു കരുതുന്ന ശബ്ദരേഖയില്‍ തിരുമാറാടിയിലെ സിപിഎം. നേതാക്കള്‍ക്കെതിരേ ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപമുണ്ടെന്നും ഷിയാസ് ആരോപിച്ചു. പ്രതികരിക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം തയ്യാറായിട്ടില്ല.