സിനിമയ്ക്ക് വേണ്ടി 1.55 കോടി അവരില്‍ നിന്ന് തട്ടിയെടുത്തുന്നുവെന്നാണ് അവര്‍ ഉന്നയിക്കുന്ന പരാതി; ഇതുവരെ കാണുകയോ ഫോണില്‍ പോലും സംസാരിക്കുക പോലും ചെയ്യാത്തവരില്‍ നിന്ന് എങ്ങനെയാണ് ഈ തുക വാങ്ങുക? സത്യം ഉയര്‍ത്തി നൈസാം സലാം സുപ്രീംകോടതിയില്‍ എത്തിയത് വെറുതെയായില്ല; റിലീസിന് മുമ്പേ വിജയം നേടി ആസിഫലി ചിത്രം; ആഭ്യന്തര കുറ്റവാളി ഇനി റിലീസ് ചെയ്യും; പ്രതീക്ഷിക്കുന്നത് ബോക്‌സോഫീസില്‍ 'ഈസി ഫ്‌ളൈ'
വലിയ നിയമപോരാട്ടത്തിന് ശേഷവും ഏറെ കാത്തിരിപ്പിനൊടുവില്‍ ആസിഫ് അലി കേന്ദ്രകഥാപാത്രമായി എത്തുന്ന 'ആഭ്യന്തര കുറ്റവാളി' തിയേറ്ററുകളിലേക്ക്. കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സുപ്രീം കോടതി മാറ്റിയതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറില്‍ നൈസാം സലാം തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രചനയും സംവിധാനവും സേതുനാഥ് പദ്മകുമാറാണ് നിര്‍വഹിച്ചിരിക്കുന്നത്. സാമൂഹിക സാദ്ധ്യതകളെയും മനുഷ്യത്വത്തിന്റെയും അതിര്‍ത്തികളെയും ചോദ്യം ചെയ്യുന്ന തീവ്രമായ വിഷയം ആസ്പദമാക്കിയുള്ള സിനിമയാണ് 'ആഭ്യന്തര കുറ്റവാളി'.
ചിത്രത്തിന്റെ ആദ്യ നിര്‍മാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി നിര്‍മാണ പങ്കാളികള്‍ ഇപ്പോഴത്തെ നിര്‍മാതാവായ നൈസാം സലാമിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്. റിലീസിങ് മുടങ്ങിയതിന് പ്രതിസന്ധി എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആഭ്യന്തര കുറ്റവാളി എന്ന സിനിമയുടെ റിലീസിങ് മുടങ്ങിയതിന് കാരണം ഒരു കള്ളക്കേസ് ആണ്. ഞാനുമായിട്ടോ എന്റെ കമ്പനിയായ നൈസാം സലാം പ്രൊഡക്ഷനും ആയിട്ടോ യാതൊരു ബന്ധമോ കരാറുകളോ ഇല്ലാത്ത ചില വ്യക്തികളാണ് സാമ്പത്തിക അഴിമതിയുടെ പേരില്‍ എനിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്.
ഞാന്‍ ഭീഷണിക്ക് വഴങ്ങാത്തതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കോടതിയില്‍ രണ്ടുമാസം മുമ്പ് ഇവര്‍ ഫയല്‍ ചെയ്ത കേസില്‍ എനിക്ക് അനുകൂലമായി വിധി ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ റിലീസിങ്ങുമായി ഞാന്‍ മുന്നോട്ട് പോയത്. ഇപ്പോള്‍ വീണ്ടും പരാതിയുമായി ചിലര്‍ മുന്നോട്ടു വരുമ്പോള്‍ ആ കാരണത്തിന്റെ ഉദ്ദേശം എന്താണെന്ന് എല്ലാവര്‍ക്കും മനസിലാകും. അവര്‍ക്ക് നീതി ലഭിക്കില്ല പക്ഷേ സിനിമയുടെ റിലീസിങ് വൈകും. പരാതി കോടതിയില്‍ എത്താതെ ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റിന് 50 ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്. അതും ഭീഷണിയുടെ സ്വരത്തില്‍. ഈ പരാതി ഉന്നയിക്കുന്നവരെ ഞാന്‍ നേരില്‍ കണ്ടിട്ട് കൂടിയില്ല എന്ന് നിര്‍മ്മാതാവ് നൈസാം സലാം വ്യക്തമാക്കിയിരുന്നു.
സിനിമയുടെ റിലീസിന് ഇടങ്കോലിട്ട് പണം തട്ടുന്ന രീതി മലയാളത്തില്‍ ഇതാദ്യമല്ല. പലരും ഭീമമായ നഷ്ടം മുന്നില്‍ക്കണ്ട് ഈ മാഫിയക്ക് പണം നല്‍കി കാര്യങ്ങള്‍ രമ്യതയില്‍ എത്തിക്കുകയാണ് ചെയ്യാറ്. ഞാന്‍ നേരില്‍ കാണാത്ത, ഒരിക്കല്‍ പോലും സംസാരിക്കാത്ത ഇതുപോലുള്ള മാഫിയകള്‍ക്ക് പണം കൊടുത്ത് സിനിമ റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ജില്ലാ കോടതിയിലോ, ഹൈക്കോടതിയിലോ എനിക്ക് ഇവര്‍ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്ത് നീതി നേടിയെടുക്കാം. നീതി ലഭിക്കുന്നതിനുള്ള കാലതാമസം സിനിമയുടെ റിലീസിങ് അനിശ്ചിതത്വത്തില്‍ ആകും. അതിനാല്‍ ഈ പ്രശ്‌നം സുപ്രീംകോടതിയില്‍ എത്തിച്ചിട്ടുണ്ട്. ഇതുപോലുള്ള ഫ്രോഡുകളെ വളര്‍ത്തേണ്ട ആവശ്യം എനിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവേക് വിശ്വന്‍ എന്നൊരു വ്യക്തിയാണ് കേസുമായി എന്റെ സിനിമയ്ക്ക് നേരെ എത്തിയിരിക്കുന്നത്. ഇയാള്‍ ആരെന്നുകൂടി എനിക്കറിയില്ല. അജി മേടയില്‍ എന്നൊരു നിര്‍മാതാവാണ് ആഭ്യന്തര കുറ്റവാളി എന്ന സിനിമ ആദ്യം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ട് സിനിമ അനിശ്ചിതത്വത്തില്‍ ആയി. തുടര്‍ന്നാണ് നൈസാം സലാം പ്രൊഡക്ഷന്‍സ് ആഭ്യന്തര കുറ്റവാളികളുടെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുന്നത്. ആദ്യനിര്‍മാതാവ് മുടക്കിയ പണം മുഴുവന്‍ തിരിച്ചുകൊടുക്കുകയും ചലച്ചിത്രം ഞങ്ങളുടെ പേരില്‍ എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്. ആദ്യം നിര്‍മാതാവ് സംവിധായകന് നല്‍കിയ അഡ്വാന്‍സ് തുക വരെ ഞാന്‍ തിരിച്ച് നല്‍കി. യാതൊരു സാമ്പത്തിക ബാധ്യതകളും ഇനിയില്ല എന്ന് ഉറപ്പുവരുത്തിയിട്ടാണ് ആഭ്യന്തര കുറ്റവാളിയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ഏകദേശം ഒമ്പത് കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. ഫെബ്രുവരി മാസത്തില്‍ സിനിമ തീയറ്ററില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നതിനിടയിലാണ് ആദ്യ നിര്‍മാതാവിന്റെ നിര്‍മാണ പങ്കാളികളായ ചിലര്‍ സിനിമയ്ക്കുമേല്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് ഒരു കേസ് ഫയല്‍ ചെയ്യുന്നത്. സിനിമയുടെ പ്രദര്‍ശനം തടഞ്ഞുകൊണ്ടുള്ള ജില്ലാ കോടതി ഉത്തരവ് അവര്‍ നേടിയെടുത്തു. എന്നാല്‍ മുന്‍നിര്‍മാതാവുമായി ഉണ്ടാക്കിയ കരാറുകള്‍, തിരിച്ചു നല്‍കിയ പണത്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ നിരത്തി കോടതിയില്‍ ഞാന്‍ എന്റെ നിരപരാധിത്വം തെളിയിച്ചു. കോടതി സിനിമയുടെ പ്രദര്‍ശന വിലക്ക് നീക്കുകയും ചെയ്തു.
ഈ സിനിമയുടെ മുന്‍നിര്‍മാതാവുമായി പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന പങ്കാളികള്‍ക്ക് ആഭ്യന്തര കുറ്റവാളി എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ല. മുന്‍നിര്‍മാതാവുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ സിനിമയ്ക്ക് നേരെ അവകാശവാദം ഉന്നയിച്ച് മുന്നോട്ടുവരുന്നത്. എന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ ചില കാര്യങ്ങളുണ്ട്. ഈ മുന്‍നിര്‍മാതാവ് നിര്‍മാണ പങ്കാളികള്‍ക്ക് ഏകദേശം ഒന്നേകാല്‍ കോടി രൂപയോളം നല്‍കാന്‍ ഉണ്ട്. ആ തുക എന്നില്‍ നിന്ന് വസൂല്‍ ആക്കാന്‍ ആയിരുന്നു അവരുടെ ശ്രമം. സിനിമയുടെ റിലീസിങ് മുടങ്ങും എന്ന് ഭയപ്പെട്ട് ഞാന്‍ പണം നല്‍കുമെന്ന് അവര്‍ പ്രതീക്ഷിച്ചു. ഇപ്പോള്‍ 50 ലക്ഷം രൂപയെങ്കിലും മതി എന്നായി അവരുടെ ആവശ്യം. 10 പൈസ കൊടുത്ത് നേരെയല്ലാത്ത രീതിയില്‍ ഈ സിനിമ റിലീസ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും നൈസാം സാലം പറഞ്ഞിരുന്നു.
ബുക്ക് മൈ ഷോയില്‍ ബുക്കിംഗ് ആരംഭിച്ചിരിക്കവേയായിരുന്നു ചിത്രത്തിന്റെ റീലിസ് ഹൈക്കോടതി സ്റ്റേ ചെയ്യുന്നത്. സേതുനാഥ് പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പ്രൊഡ്യൂസേഴ്സായ ഈസി ഫ്‌ളൈ എന്ന കമ്പനിയിലെ ഒരു പാര്‍ട്ണറുമായി വിവേക് വിശ്വം എന്ന ആള്‍ നടത്തിയ സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് പരാതി ഉയര്‍ന്നു വന്നതും സിനിമയുടെ റിലീസിന് വരെ വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യം ഉണ്ടായതും. താന്‍ ആരുടെ കൈയില്‍ നിന്ന് പണം കൈപറ്റിയിട്ടില്ലെന്നും, തന്റെ സിനിമയെ തകര്‍ക്കാന്‍ വേണ്ടി അവര്‍ ചെയ്യുന്നതാണെന്നും, കേസില്‍ നിന്ന് പിന്മാറാന്‍ ഇരുപത്തഞ്ചു ലക്ഷം രൂപയാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും, എന്നാല്‍ താന്‍ ഈ പറയുന്ന ആള്‍ക്കാരില്‍ നിന്ന് ഒരു ചായ പോലും വാങ്ങി കുടിക്കുകയോ ഒരിക്കല്‍ പോലും നേരിട്ട് കാണുകയോ ചെയ്യാത്ത അവര്‍ക്ക് തന്റെ കൈയില്‍ നിന്ന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ നൈസാം സലാം.
സിനിമയുടെ റിലീസ് അനുമതി നേടാന്‍ നിസാം സലാം സുപ്രീംകോടതിയെ സമീപിച്ചത് നിര്‍ണ്ണായകമായി മാറുകയാണ്. അങ്ങനെ ആ സിനിമ തിയേറ്ററില്‍ എത്തുന്നു. ആസിഫലിയുടെ സമീപകാല ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രവും പ്രേക്ഷക മനസ്സുകളെ കീഴടക്കുമെന്നാണ് പ്രതീക്ഷ.
ചിത്രത്തിൽ ആസിഫ് അലിക്കൊപ്പം തുളസി, ശ്രേയാ രുക്മിണി, ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.