ബാലിസ്റ്റിക് മിസൈലുകള്‍ തലയ്ക്ക് മീതേ എത്തിയപ്പോള്‍ പേടിച്ച് വെടി നിര്‍ത്തണേ എന്ന് അപേക്ഷിച്ചിട്ടും ജയിച്ചതായി പരിഹാസ്യമായ അവകാശവാദം; ഇന്ത്യക്കെതിരെ വിഷം തുപ്പി കൊണ്ട് പട നയിച്ച പാക് സൈനിക മേധാവി അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്‍കി ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍; പാക്കിസ്ഥാന്‍ ഇരുട്ടുകൊണ്ട് ഓട്ട അടച്ചത് ഇങ്ങനെ
പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് സ്ഥാനക്കയറ്റം.
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് സ്ഥാനക്കയറ്റം. ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്കാണ് സ്ഥാനക്കയറ്റം. പാക്കിസ്ഥാനിലെ ഏറ്റവും ഉയര്‍ന്ന സൈനിക റാങ്കാണിത്.
മുനീറിന്റെ പ്രമോഷന്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഷെഹബാസ് ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിനെ 'വിജയകരമായി' നയിച്ചു എന്ന അവകാശവാദത്തിന്റെ പേരിലാണ് സ്ഥാനക്കയറ്റം. അസിം മുനീറിന്റെ മാതൃകാപരമായ പങ്കിനെ മാനിച്ചാണ് മന്ത്രിസഭ തീരുംമാനം എടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപകാല സംഘര്‍ഷത്തില്‍ സ്വയം വിജയം അവകാശപ്പെടുന്ന പാക്കിസ്ഥാന്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണ്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പാക് വ്യോമതാവളങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ ലോകമെമ്പാടും കണ്ടെങ്കിലും, അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് പാക്കിസ്ഥാന്‍. അതിന്റെ ഭാഗമായുള്ള മേനി നടിക്കലാണ് അസീം മുനീറിന്റെ സ്ഥാനക്കയറ്റവും.
പാക് സൈനിക കോടതികളില്‍ സാധാരണ പൗരന്മാരെ വിചാരണ ചെയ്യാമെന്ന നിര്‍ണായക വിധി പാക് സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ഇതോടെ, ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ മോഹിക്കുന്ന അസിം മുനീറിന് സ്വതന്ത്രാധികാരം കിട്ടിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫീല്‍ഡ് മാര്‍ഷല്‍ എന്ന പരമോന്നത പദവിയില്‍ എത്തിയതോടെ അസിം മുനീര്‍ കൂടുതല്‍ കരുത്തനാകുകയാണ്.
പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സി തലവനായിരുന്ന അസിം മുനീറിനെ 2022ലാണ് സൈനിക മേധാവിയായി നിയമിച്ചത്. ജനറല്‍ അയൂബ്ഖാനാണ് പാക്കിസ്ഥാന്റെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍. ഫീല്‍ഡ് മാര്‍ഷലായി അയൂബ്ഖാന്‍ സ്വയം പ്രഖ്യാപിക്കുകയായിരുന്നു. സാം മനേക്ഷായും കെ.എം.കരിയപ്പയുമാണ് ഇന്ത്യയുടെ ഫീല്‍ഡ് മാര്‍ഷല്‍മാര്‍.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഭീകരര്‍ കച്ച കെട്ടിയിറങ്ങിയത് അന്നേക്ക് ആറുദിവസം മുമ്പ് അസീം മുനീറിന്റെ വിഷം തുപ്പുന്ന ഇന്ത്യാ വിരുദ്ധ പ്രസംഗം കാരണമാണെന്ന് പിന്നീട് വിലയിരുത്തലുകള്‍ വന്നിരുന്നു. ഹിന്ദുക്കള്‍ക്കും ഇന്ത്യക്കും എതിരെയായിരുന്നു ഇയാളുടെ വിഷം പുരട്ടിയ വാക്കുകള്‍. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും 11 വ്യോമതാവളങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടും ഷെഹബാസ് ഷെരീഫ് വിജയം തങ്ങളുടേതാക്കി സ്വയം നിര്‍വൃതി അടയുകയായിരുന്നു.