ഇടവഴിയില്‍ വച്ച് അടിച്ചുവീഴ്ത്തിയ ശേഷം നിലത്തിട്ട് ഷൂ കൊണ്ട് തലയ്ക്കും വയറിനും ചവിട്ടി; താമരശേരി ഷഹബാസ് കൊലക്കേസിലെ പോലെ ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിയും ഭീഷണിയും; ഗ്രൂപ്പിന്റെ ബയോ മാറ്റിയില്ലെങ്കില്‍ ശരിയാക്കുമെന്ന് വിരട്ടല്‍; അത്തോളിയില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇഞ്ചപ്പരുവമാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അത്തോളിയില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇഞ്ചപ്പരുവമാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Update: 2025-07-14 11:06 GMT

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ഷഹബാസിനെ സഹപാഠികള്‍ കൊലപ്പെടുത്തിയ സംഭവം മറക്കാവുന്നതല്ല. അതൊന്നും പക്ഷേ കുട്ടികള്‍ക്ക് പാഠമാകുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ് കോഴിക്കോട് അത്തോളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്ങിന്റെ ഭാഗമായുള്ള സീനിയേഴ്സിന്റെ ക്രൂരമര്‍ദനം. ഷഹബാസിന്റെ കാര്യത്തിലെന്ന പോലെ സോഷ്യല്‍ മീഡിയയില്‍ കൊലവിളിയും ഉണ്ടായതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. 'സീനിയര്‍ വിദ്യാര്‍ഥികള്‍ പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്നതോടെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ഇടവഴിയില്‍ വെച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടുകയും ചെയ്തു' വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അത്തോളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഒരാഴ്ച മുന്‍പാണ് വിദ്യാര്‍ത്ഥി അത്തോളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഡ്മിഷന്‍ എടുത്തത്. നവാഗതരെ റാഗ് ചെയ്യുന്നതിനിടെ വിദ്യാര്‍ത്ഥിയോട് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും ആവസ്യപ്പെടുകയായിരുന്നു. രണ്ടും ചെയ്യാനറിയില്ലെന്ന് പറഞ്ഞതോടെ പിന്നെ വൈരാഗ്യമായി. പുതിയ കുട്ടികള്‍ തുടങ്ങിയ ഇന്‍സ്റ്റാഗ്രാം പേജ് സംബന്ധിച്ചും തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കുട്ടിയെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

റാഗിംങ് നടന്നെന്ന് സ്‌കൂളിലെ ആന്റി റാഗിംങ് സെല്‍ സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികളെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. സംഭവത്തില്‍ അത്തോളി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ഏറ്റത് ക്രൂരമര്‍ദ്ദനം

കുട്ടിയെ അടിച്ചു വീഴ്ത്തിയ ശേഷം ഷൂകൊണ്ട് തലയ്ക്കും വയറിനും ചവിട്ടി പരിക്കേല്‍പ്പിച്ചതായാണ് രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം സ്‌കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും പരാതി പൊലീസിന് കൈമാറിയതായും ആരോപണവിധേയരായ അഞ്ചു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും അത്തോളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിദ്യാര്‍ഥിയുടെ വീട്ടിലെത്തി വിശദമായ മൊഴിയെടുക്കും.

ഇന്‍സ്റ്റയില്‍ വെല്ലുവിളിയും ഭീഷണിയും

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിയും ഭീഷണിയും നടന്നെന്ന വിവരവും പുറത്തുവന്നു. മര്‍ദനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥി അംഗമായ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലാണ് വെല്ലുവിളി നടത്തിയത്. താമരശ്ശേരി ഷഹബാസ് വധക്കേസിന് സമാനമായ നിലയിലാണ് ഭീഷണി. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിന്റെ ബയോ മാറ്റിയില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി.

Tags:    

Similar News