അമ്മയ്ക്ക് അന്ത്യചുംബനം നൽകുന്ന മകൾ; അലമുറയിട്ട് കരഞ്ഞ് തളർന്ന ഉറ്റവർ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചപ്പോൾ എങ്ങും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; ഒടുവിൽ വേദന ഇല്ലാത്ത ലോകത്തേക്ക് അവൾ മടങ്ങുമ്പോൾ!
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം സംസ്‌കരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു റീ പോസ്റ്റ്മോർട്ടം നടത്തിയത്. ശേഷം മൂന്ന് മണിക്ക് കൊല്ലത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഷാർജയിൽ നിന്ന് മൃതദേഹത്തോടൊപ്പം അതുല്യയുടെ സഹോദരി അഖിലയും ഭർത്താവും കൂടെ എത്തിയിരുന്നു.
അതുല്യയുടെ മൃതദേഹം കൊല്ലത്തെ വീട്ടിൽ എത്തിച്ചതും പ്രദേശം മുഴുവൻ കണ്ണീർ കടലായി. അവളുടെ ജീവനറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് എത്തിയത്. വീട്ടുകാരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാർ അടക്കം വിറങ്ങലിച്ചു പോയി. ഒടുവിൽ അമ്മയ്ക്ക് അന്ത്യചുംബനം നൽകി മകൾ ആരാധിക ചിതയ്ക്ക് തിരികൊളുത്തി. ഇതോടെ അവൾ വേദന ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് അവൾ മടങ്ങുകയാണ്.
അതേസമയം, അതുല്യയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. അന്വേഷണത്തിൽ ഇത് നിർണായകമാകുമെന്നാണ് പ്രതീക്ഷ. അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സതീഷിന്‍റെ ശാരീരിക - മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. സതീഷ് ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിരുന്നു.
അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ബന്ധു രംഗത്തെത്തിയിരുന്നു. അതുല്യ മറ്റുള്ളവരുമായി സംസാരിക്കുന്നതും സഹകരിക്കുന്നതും ഭർത്താവ് സതീഷ് വിലക്കിയിരുന്നുവെന്നാണ് അതുല്യയുടെ ബന്ധു ജിഷ രജിത്ത് വെളിപ്പെടുത്തിയത്. അതുല്യ ആണിനോടും പെണ്ണിനോടും സംസാരിക്കുന്നത് സതീഷിന് സംശയമാണ്. സ്ത്രീകളെ അടിമയെപ്പോലെയാണ് അയാൾ കാണുന്നതെന്ന് ജിഷ പറഞ്ഞു.
മകളെ വളർത്താൻ വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചതെന്നും സന്തോഷമായി ജീവിക്കാൻ അതുല്യ എല്ലാവരുടെയും മുന്നിൽ അഭിനയിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ജിഷ ഉറപ്പിച്ചു പറഞ്ഞു. അതുല്യയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയിൽ അതുല്യ ഉച്ചത്തിൽ നിലവിളിക്കുന്നതും ഭർത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാമല്ലോയെന്നും ബന്ധു ജിഷ ചൂണ്ടിക്കാട്ടിയിരുന്നു.
ഫോട്ടോസ്: ജോസ് ഹെക്ടർ കൊല്ലം